Saturday, April 5, 2014

ഷംസീറിനെതിരായ പ്രചരണം ഇലക്ഷന്‍ സ്റ്റണ്ട്: കോടിയേരി

വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ എന്‍ ഷംസീറിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ആര്‍എംപി നേതൃത്വം ഉന്നയിക്കുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. ആര്‍എംപി സമാന്തര പൊലീസ് ചമയുകയാണ്. ഷുക്കൂര്‍ വധക്കേസുമായും ഷംസീറിനെ ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്നു. ഷംസീറിനെതിരായ പ്രചരണം ഇലക്ഷന്‍ സ്റ്റണ്ടാണ്. ജനം ഇത് പുച്ഛിച്ച് തള്ളുമെന്നും കോടിയേരി പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കിര്‍മാണി മനോജ് ഷംസീറിനെ ഫോണില്‍ വിളിച്ചിരുന്നതായി ആര്‍എംപി നേതാക്കള്‍ ആരോപിച്ചിരുന്നു. ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് ഷംസീറിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്ന് കെ കെ രമയും ആവശ്യപ്പെട്ട സാഹചര്യത്തിലാണ് കോടിയേരി നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.

യുഡിഎഫിനെ സഹായിക്കാന്‍ ശ്രമിച്ചതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശക്തമായി ശാസിച്ച ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷന് തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. അദ്ദേഹത്തെ എല്ലാ ചുമതലകളില്‍ നിന്നും മാറ്റണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് നിലവാരമില്ലാത്ത ബാറുകള്‍ക്കും ലൈസന്‍സ് പുതുക്കിനല്‍കിയിട്ടുണ്ട്. ധനമന്ത്രി കെ എം മാണിയുടെ മരുമകന്റെ ബാറും ലൈസന്‍സ് പുതുക്കിയവയുടെ പട്ടികയിലുണ്ട്. 25 കോടി രൂപയുടെ അഴിമതിയാണ് ബാര്‍ ലൈസന്‍സ് പുതുക്കിയതില്‍ നടന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി തീരുമാനപ്രകാരമാണ് സോളാര്‍ തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഹര്‍ജി നല്‍കിയത്. സോളാര്‍ കേസില്‍ ശരിയായ അന്വേഷണം നടന്നാല്‍ പിടിക്കപ്പെടുമെന്ന് ഭയപ്പെടുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികള്‍ക്ക് സംരക്ഷണം നല്‍കുകയാണ്. ഈ സാഹചര്യത്തിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

deshabhimani

No comments:

Post a Comment