Sunday, April 6, 2014

കോണ്‍ഗ്രസിന് വോട്ടില്ല: ലാല്‍ജി കൊള്ളന്നൂരിന്റെ ഭാര്യ ഷോബി

തൃശൂര്‍: കോണ്‍ഗ്രസിന് ഇനി വോട്ട് ചെയ്യാനില്ലെന്ന് കോണ്‍ഗ്രസ് ഗ്രൂപ്പ്പോരില്‍ കൊല്ലപ്പെട്ട ലാല്‍ജി കൊള്ളന്നൂരിന്റെ ഭാര്യ ഷോബി. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ലാല്‍ജി കൊള്ളന്നൂരിനൊപ്പം പോയി കോണ്‍ഗ്രസിന് വോട്ടുചെയ്തിരുന്നു. ഇത്തവണ വോട്ട് ചെയ്യാനില്ല. ലാല്‍ജി കൊല്ലപ്പെട്ടതിനുശേഷം കോണ്‍ഗ്രസ് നേതാക്കള്‍ തിരിഞ്ഞുനോക്കിയില്ല. അതില്‍ കടുത്ത മനോവേദനയുണ്ടെന്നും ഇതും കൂടിയാണ് വോട്ട് ചെയ്യാന്‍ പോകേണ്ടെന്ന തീരുമാനത്തിലെത്തിച്ചതെന്നും അവര്‍ പറഞ്ഞു.

കോണ്‍ഗ്രസ്ഗ്രൂപ്പ് പോരില്‍ കൊല്ലപ്പെട്ട മധു ഈച്ചരത്തിന്റെയും ലാല്‍ജി കൊള്ളന്നൂരിന്റെയും കുടുംബങ്ങളുടെ വിലാപം കേള്‍ക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോഴും തയ്യാറല്ല. എ കെ ആന്റണി മുതല്‍ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, വി എം സുധീരന്‍, എം എം ഹസന്‍ വരെയുള്ള നേതാക്കള്‍ തൃശൂരിലെത്തിയിട്ടും കുടുംബങ്ങളെ ആശ്വസിപ്പിക്കാനെത്തിയില്ല. മഹിളാകോണ്‍ഗ്രസ് നേതാവ് ബിന്ദുകൃഷ്ണ ഇവരെ കാണുമെന്ന് മാധ്യമപ്രവര്‍ത്തകരോട് പരസ്യമായി പറഞ്ഞ് കബളിപ്പിക്കുകയും ചെയ്തു. ഈ കുടുംബങ്ങള്‍ക്കുവേണ്ടി എന്തുചെയ്തുവെന്നതിന് കോണ്‍ഗ്രസ് മറുപടി പറയേണ്ടിവരുമെന്ന് ബന്ധുക്കളും നാട്ടുകാരും ഓര്‍മിപ്പിക്കുന്നു.

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് അയ്യന്തോള്‍ മണ്ഡലം സെക്രട്ടറിയും ഐഗ്രൂപ്പുകാരനുമായ മധു ഈച്ചരത്ത്, എ ഗ്രൂപ്പുകാരനും അയ്യന്തോള്‍ മണ്ഡലം വൈസ് പ്രസിഡന്റും കെപിസിസി ന്യൂനപക്ഷവകുപ്പ് ജില്ലാ കണ്‍വീനറുമായ ലാല്‍ജി കൊള്ളന്നൂര്‍ എന്നിവരുടെ കൊലപാതകത്തിലെത്തിച്ചത്. മന്ത്രി സി എന്‍ ബാലകൃഷ്ണന്‍, തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എ തുടങ്ങി പ്രമുഖരുടെ അനുയായികളായിരുന്നു കൊല്ലപ്പെട്ട രണ്ടുപേരും. സി എന്‍ ബാലകൃഷ്ണന്റെ അടുത്ത അനുയായിയായിരുന്നു മധു ഈച്ചരത്ത്. കൊല്ലപ്പെടുന്നതിന് മുമ്പ് ഇവരുടെ വീടുകളില്‍ കുട്ടികളുടെ ജന്മദിനാഘോഷങ്ങളില്‍പ്പോലും നേതാക്കളെത്തിയിരുന്നു. മധു ഈച്ചരത്തിന്റെയും ലാല്‍ ജി കൊള്ളന്നൂരിന്റെയും വീടുകളിലെ സന്ദര്‍ശനമുറികളില്‍ മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്. നേതാക്കളുടെ പണമിടപാടുകള്‍ക്കുപോലും ഇവരെ ഉപയോഗിച്ചിരുന്നതായി ആരോപണമുണ്ടായിരുന്നു.

അനാഥമായ ഈ കുടുംബങ്ങളെ കോണ്‍ഗ്രസ് മറന്നു. ഈ വീടുകളിലേക്ക് ചെല്ലാന്‍പോലും കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടാക്കിയില്ല. പ്രതിരോധമന്ത്രി എ കെ ആന്റണിയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് വി എം സുധീരനും മുതലെടുപ്പിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളില്‍ ഇവരെക്കുറിച്ച് കേട്ടിട്ടും കേട്ടില്ലെന്ന് നടിച്ചു. ഇവരെക്കുറിച്ച് കേട്ടപ്പോള്‍ പ്രകോപിതനായി കോണ്‍ഗ്രസ് വക്താവ് എം എം ഹസന്‍ "ലാല്‍ജി കീല്‍ജി" എന്ന് പത്രസമ്മേളനത്തില്‍ വിളിച്ചുകൂവാനും മടിച്ചില്ല. ഓട്ടിസം ബാധിതനായ മൂത്തമകനുള്‍പ്പെടെ രണ്ടുമക്കളുമായി വീണ്ടും ജീവിതം കരുപ്പിടിപ്പിക്കാനുള്ള ശ്രമത്തിലാണ് ലാല്‍ജി യുടെ ഭാര്യ ഷോബി. ലാല്‍ജി കൊള്ളന്നൂരിന്റെ അച്ഛനും അമ്മയും ദുരന്തത്തില്‍ നിന്ന് മുക്തരായിട്ടില്ല. രണ്ടാമത്തെ മകന്‍ പ്രേംജി കൊള്ളന്നൂര്‍ മധുവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിലാണിപ്പോഴും. മധുവിന്റെ കൊലപാതകത്തിന്റെ ആഘാതത്തില്‍നിന്ന് ഭാര്യ ഇനിയും മോചിതയായിട്ടില്ല. രണ്ടു മക്കളും പതിയെ ജീവിതത്തിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞതെല്ലാം ഒരു ഭീകരസ്വപ്നമായി ഇവരുടെ മനസ്സിലുണ്ട്.

deshabhimani

No comments:

Post a Comment