Sunday, April 6, 2014

ഇല്ല... ആരും ഒന്നും മറന്നിട്ടില്ല...

തന്റെ ഫേസ്ബുക്ക് പേജില്‍ പി കെ ശ്രീമതി ടീച്ചര്‍ ഇങ്ങനെ കുറിച്ചു, സൂര്യനെല്ലിയിലെ പെണ്‍കുട്ടിയെ അപമാനിച്ച കെ സുധാകരനെതിരെയാവട്ടെ നിങ്ങളുടെ വോട്ടുകള്‍. ഒപ്പം ഒരു ചാനല്‍ ക്ലിപ്പിങ്ങും ടീച്ചര്‍ ഷെയര്‍ചെയ്തു. കുമ്പക്കുടി സുധാകരന്‍ എന്ന കോണ്‍ഗ്രസ് നേതാവ് നീചമായ വാക്കുകള്‍കൊണ്ട് ആ കുട്ടിയെ കൊത്തിക്കീറുന്ന ടെലിവിഷന്‍ദൃശ്യം. 15-ാംവയസ്സില്‍ അവളെ പീഡിപ്പിച്ച നരാധമന്മാര്‍ തോറ്റുപിന്മാറുന്ന പ്രകടനം.

കെ സുധാകരന്‍ ഒരു വ്യക്തിയല്ല. ചീഞ്ഞുവീര്‍ത്ത സാമൂഹ്യവിരുദ്ധതയുടെ ദുര്‍മേദസ്സാണത്. മദംപൊട്ടിയ പി ജെ കുര്യന്മാരും ബസന്തുമാരും മനോരമത്താളുകളും ഏകീഭവിച്ച പെരുംപുരുഷന്‍. 18 വര്‍ഷങ്ങള്‍ക്കുശേഷം സൂര്യനെല്ലിയിലെ പെണ്‍കുട്ടിക്ക് അനുകൂലമായി പുറത്തുവന്ന ഹൈക്കോടതിവിധി ചര്‍ച്ചചെയ്യുമ്പോള്‍, സുധാകരനെയും ബസന്തിനെയും മനോരമയെയുമൊക്കെ പൊതുസമൂഹത്തിനൊപ്പം സോഷ്യല്‍ മീഡിയയും ഓര്‍ക്കുന്നതും വിചാരണചെയ്യുന്നതും സ്വാഭാവികം. ആരും ഒന്നും മറന്നിട്ടില്ല.

പീഡനത്തിന് ഇരയായവരോട് യുഡിഎഫിനുള്ളില്‍ പൊതുവികാരമാണ്. വേട്ടക്കാരായ പുരുഷകേസരികളെ ന്യായീകരിക്കാന്‍ വനിതാനേതാക്കളുടെ നീണ്ട ക്യൂ. അവരെ കുറ്റംപറഞ്ഞിട്ടു കാര്യമില്ല. പണ്ട് ഒരനാശ്യാസത്തിന് പിടിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവിനെതിരെ പ്രതികരിക്കാന്‍ ധൈര്യം കാണിച്ച, അന്നത്തെ മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റിനെ നേതാവ് ചാനലില്‍ അപമാനിച്ചത് ഇങ്ങനെയായിരുന്നു. ""...ന്റെ ചരിത്രവും ഭൂമിശാസ്ത്രവും എന്നെക്കൊണ്ട് പറയിക്കരുത്.""

അഴുകിപ്പുളയ്ക്കുന്ന ഈ ആണ്‍കോയ്മയ്ക്കുമുന്നില്‍ ആരും അടിപതറിപ്പോകും. അതാണവസ്ഥ. കെപിസിസി പ്രസിഡന്റിന്റെ ഓഫീസില്‍ ബക്കറ്റും വെള്ളവുമായി പോകുന്നവരെക്കുറിച്ച് മെഡിക്കല്‍ കോളേജ് ജങ്ഷനില്‍ പൂരപ്പാട്ടു നടത്തിയ വീരനാണ് മേപ്പടി പുരുഷവേഷം. നാറുന്ന കഥകളുടെ ഭാണ്ഡക്കെട്ട് അഴിക്കാന്‍ തന്നെ നിര്‍ബന്ധിക്കരുതെന്ന് പഴയ കെപിസിസി പ്രസിഡന്റിന് മുന്നറിയിപ്പുകൊടുത്ത പ്രമാണി. മാനാഭിമാനമുള്ളവര്‍ ഇത്തരം നാവുകളുടെ നശീകരണശേഷിയെ ഭയന്നേ തീരൂ.

അതറിയാവുന്നതുകൊണ്ടാണ് പി ജെ കുര്യനെതിരെയല്ല, ഗൂഢാലോചനയ്ക്ക് സൂര്യനെല്ലിയിലെ പെണ്‍കുട്ടിക്കെതിരെയാണ് അന്വേഷണം വേണ്ടതെന്ന് ബിന്ദു കൃഷ്ണ ചാനലില്‍ മൊഴിഞ്ഞത്. എത്രയോ കാലമായി കേരളത്തിന്റെ തൊണ്ടയില്‍ കുരുങ്ങിയ നിലവിളിയാണീ പെണ്‍കുട്ടി. അവളുടെ വീട്ടില്‍ ആഘോഷങ്ങളില്ല. ക്രിസ്മസും പെരുന്നാളും ഓണവുമൊക്കെ മരവിച്ച തീയതികള്‍മാത്രമാണവര്‍ക്ക്. ഒരു കുടുംബസദസ്സിലും അവര്‍ക്ക് പ്രവേശനമില്ല. ഒരു മംഗളകര്‍മത്തിലേക്കും അവര്‍ക്ക് ക്ഷണമില്ല. കുത്തിക്കയറുന്ന ഓര്‍മകളുടെ തടവറയില്‍ എന്നന്നേക്കുമായി ഒറ്റപ്പെട്ടുപോയ ഒരു മനുഷ്യജീവി. സഹതാപത്തോടെ അവളെയൊന്ന് നോക്കാന്‍പോലും അനുവാദമില്ല, കോണ്‍ഗ്രസിലെ വനിതാനേതാക്കള്‍ക്ക്. കുമ്പക്കുടി സുധാകരനെപ്പോലുള്ളവരുടെ കച്ചേരിക്ക് താളമടിച്ചില്ലെങ്കില്‍ ബിന്ദു കൃഷ്ണ വിവരമറിയും.

സൂര്യനെല്ലിക്കേസിലെയും മുംബൈയിലെ മാനഭംഗക്കേസിലെയും കോടതിവിധികളെ താരതമ്യംചെയ്ത് ഗംഭീരമായൊരു മുഖപ്രസംഗം എഴുതിയിട്ടുണ്ട്, മലയാളമനോരമ. നാലാംഖണ്ഡിക ഇങ്ങനെ തുടങ്ങുന്നു, പിന്നിട്ട പതിനെട്ടുവര്‍ഷങ്ങളില്‍ ഈ നാട്ടിലെ ഒരു പെണ്‍കുട്ടിയും അവളുടെ കുടുംബവും സഹിച്ച അപമാനങ്ങള്‍ക്കും സങ്കടങ്ങള്‍ക്കും നീതിയുടെ മറുപടിയായിത്തീരുകയാണ് സൂര്യനെല്ലിക്കേസില്‍ കേരള ഹൈക്കോടതിയില്‍നിന്ന് ഇന്നലെയുണ്ടായ വിധി. അവളെ അപമാനിക്കാനും സങ്കടപ്പെടുത്താനും മുന്നില്‍തന്നെയുണ്ടായിരുന്നു, ഇതേമനോരമ. അഗ്നിപുത്രിയെന്ന ആ പഴയ കാര്‍ട്ടൂണ്‍... സൂര്യനെല്ലിക്കാരിയെന്ന വട്ടപ്പേരിട്ട് അവളെ പുച്ഛിച്ച തലക്കെട്ടുകള്‍... ഇല്ല... ആരും ഒന്നും മറന്നിട്ടില്ല... ഇന്നത്തെ ഫേസ്ബുക്ക് കമന്റ്- ബസന്തിനുള്ളത് കോടതിതന്നെ കൊടുത്തു. സുധാകരനും ബിന്ദു കൃഷ്ണയ്ക്കുമുള്ളത് ഏപ്രില്‍ പത്തിന് ജനങ്ങള്‍ കൊടുക്കും

കെജിബി deshabhimani

No comments:

Post a Comment