Wednesday, April 2, 2014

കുടുംബശ്രീ ന്യൂട്രിമിക്സ് നിര്‍മാണ യൂണിറ്റുകളും പ്രതിസന്ധിയിലേക്ക്

അങ്കണവാടികള്‍ മുഖേനയുള്ള പോഷകാഹാര വിതരണം സ്വകാര്യകമ്പനികളെ ഏല്‍പ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം കുടുംബശ്രീ ന്യൂട്രിമിക്സ് നിര്‍മാണ യൂണിറ്റുകളെയും തകര്‍ക്കും. നിലവില്‍ കുടുംബശ്രീ യൂണിറ്റുകളാണ് പോഷകാഹാരം നിര്‍മിച്ച് അങ്കണവാടികളിലെത്തിക്കുന്നത്. ജില്ലയില്‍ 11യൂണിറ്റുകളിലായി നൂറുകണക്കിന് സ്ത്രീകളാണ് ന്യൂട്രിമിക്സ് നിര്‍മാണ ജോലി ചെയ്യുന്നത്. സ്വകാര്യ കമ്പനികള്‍ക്ക് വേണ്ടി ഇവരുടെ വരുമാനമാര്‍ഗം ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍. സാമൂഹ്യസേവന മേഖലയിലേക്ക് സ്വകാര്യ കുത്തകകള്‍ക്ക് വഴിതുറക്കുന്ന സര്‍ക്കാര്‍ നടപടി അങ്കണവാടികളിലെ നൂറുകണക്കിന് ജീവനക്കാരെയും ബാധിക്കും. വന്‍സാമ്പത്തിക തട്ടിപ്പിനുള്ള നീക്കമാണ് സര്‍ക്കാര്‍ നടപടിയെന്നും വ്യക്തമായിക്കഴിഞ്ഞു. അങ്കണവാടികളുടെ നടത്തിപ്പും പോഷകാഹാര വിതരണവും സ്വകാര്യ കമ്പനികളെ ഏല്‍പ്പിച്ചുകൊണ്ടുള്ള ഉത്തരവ് രഹസ്യമാക്കി വെച്ചിരിക്കുകയാണ് സര്‍ക്കാര്‍. എന്നാല്‍ ഇത് സംബന്ധിച്ച് ഐസിഡിഎസ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനവും മറ്റും പൂര്‍ത്തിയായി കഴിഞ്ഞു. ഫലത്തില്‍ ഏപ്രില്‍ ഒന്നുമുതല്‍ ഉത്തരവ് നടപ്പായെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ മരവിപ്പിച്ചിരിക്കുകയാണ്.

ജില്ലയിലെ അങ്കണവാടികള്‍ വഴി കുട്ടികള്‍ക്ക് നല്‍കുന്ന സമ്പൂര്‍ണാഹാരം ഏഴുവര്‍ഷമായി തയ്യാറാക്കി നല്‍കുന്നത് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളാണ്. നിലക്കടല, കടലപ്പരിപ്പ്, സോയാബീന്‍, ഗോതമ്പ്, പഞ്ചസാര എന്നിവ നിശ്ചിത അളവില്‍ ചേര്‍ത്ത് വറുത്ത്പൊടിച്ചാണ് പോഷകാഹരം നിര്‍മിക്കുന്നത്. ശാസ്ത്രീയ പരിശീലനം നേടിയ ഈ യൂണിറ്റുകളുടെ പ്രവര്‍ത്തനം മികച്ചതാണെന്ന് സര്‍ക്കാരും വിവിധ ഏജന്‍സികളും സാക്ഷ്യപ്പെടുത്തുകയും ചെയ്തിരുന്നു. ഓരോ യൂണിറ്റും റോസ്റ്റിങ് മെഷീന്‍, ഫ്ളോര്‍മില്‍ തുടങ്ങിയവ സ്വന്തം ചിലവില്‍ സ്ഥാപിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ബാങ്ക് ലോണെടുത്തും മറ്റും ലക്ഷങ്ങള്‍ മുതല്‍മുടക്കിയ ഈ അയല്‍ക്കൂട്ടങ്ങളെയാണ് പുതിയ സര്‍ക്കാര്‍ നടപടി പ്രതിസന്ധിയിലാക്കിയത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതോടെ തന്നെ ഇത്തരം സ്ത്രീകൂട്ടായ്മകളെ തകര്‍ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് പിന്മാറിയ സര്‍ക്കാര്‍ ഒടുവില്‍ തങ്ങളടെ രഹസ്യപദ്ധതി നടപ്പാക്കുകയാണ്. ന്യൂട്രിമിക്സ് യൂണിറ്റുകള്‍ക്ക് ഐസിഡിഎസ് മുഖേന ഗോതമ്പ് മാത്രമാണ് സര്‍ക്കാര്‍ നല്‍കുന്നത്. മറ്റ് ധാന്യങ്ങളെല്ലാം സ്വന്തംചിലവില്‍ വാങ്ങി പ്രവര്‍ത്തിക്കുന്ന യൂണിറ്റുകള്‍ക്ക് കൃത്യസമയത്ത് സര്‍ക്കാര്‍ ഫണ്ട് കിട്ടാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ബാങ്ക് വായ്പയും മറ്റുമായി ഭൂരിഭാഗം യൂണിറ്റുകളും കടബാധ്യതയിലുമാണ്. ഇതിനിടെയാണ് ഇടിത്തീപോലെ സര്‍ക്കാറിന്റെ പുതിയ നീക്കമെന്ന് സ്ത്രീകള്‍ പറയുന്നു.

ജില്ലയിലെ അങ്കണവാടികള്‍ക്ക് ഐഡിസിഎസ് മുഖേന മാസത്തില്‍ ശരാശരി 30ലക്ഷം രൂപയുടെ പോഷകാഹാരം വിതരണം ചെയ്യുന്നുണ്ട്. കുടുംബശ്രീ യൂണിറ്റുകളാണ് ഇവ തയ്യാറാക്കി നല്‍കുന്നത്. നൂറുകണക്കിന് സ്ത്രീകളുടെ കുടുംബവരുമാന മാര്‍ഗവുമാണിത്്. വിധവകളും വികലാംഗരും ആദിവാസികളും ഉള്‍പ്പെടെയുള്ളവര്‍ ഈ യൂണിറ്റുകളിലുണ്ട്. എല്‍ഡിഎഫ് ഭരണകാലത്താണ് സ്ത്രീകളുടെ കൂട്ടായ്മ രൂപീകരിച്ച് ശാസ്ത്രീയ പരിശീലനം നല്‍കി ഈ ചുമതല ഏല്‍പ്പിച്ചത്. നിരവധി കുടുംബങ്ങളുടെ വരുമാനമാര്‍ഗമായി അത് മാറുകയും ചെയ്തു. ഈ നേട്ടങ്ങളെയാണ് യുഡിഎഫ് ഭരണം ഒറ്റയടിക്ക് തകര്‍ക്കുന്നത്. കുടുംബശ്രീകളെ ഒഴിവാക്കി രാജ്യത്തെ കുത്തക കമ്പനികള്‍ക്ക് പോഷകാഹാര വിതരണ ചുമതല നല്‍കുന്നത് വന്‍ അഴിമതിക്ക് വഴിവെക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ജില്ലയില്‍ 869 അങ്കണാടികളും 42 മിനി അങ്കണവാടികളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളില്‍ ചെറിയ വേതനത്തിന് ജോലി ചെയ്യുന്ന ജീവനക്കാരും ആശങ്കയിലാണ്. ജില്ലയില്‍ മാത്രം 1780 അങ്കണവാടി ജീവനക്കാരുണ്ട്. അങ്കണവാടികള്‍ വഴി ഗര്‍ഭിണികള്‍, കൗമാരക്കാര്‍ എന്നിവര്‍ക്ക് നല്‍കുന്ന പോഷകാഹാര വിതരണവും സ്വകാര്യ കമ്പനികള്‍ക്ക് കൈമാറുകയാണ് സര്‍ക്കാര്‍. ആദിവാസി മേഖലയില്‍ ഉള്‍പ്പെടെ പോഷകാഹാര കുറവുമൂലമുള്ള ശിശുമരണം സംഭവിക്കുന്ന വയനാട്ടില്‍ സര്‍ക്കാറിന്റെ ഈ നടപടി ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും. സാമൂഹ്യ സേവന മേഖലയെ തകര്‍ക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ അങ്കണവാടി ജീവനക്കാരുടെ സംഘടനകള്‍ ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്. ജീവനക്കാരെയും കുടുംബങ്ങളെയും അണിനിരത്തിയുള്ള ശക്തമായ സമരം ആരംഭിക്കുമെന്ന് അങ്കണവാടി വര്‍ക്കേഴ്സ് ആന്റ് ഹെല്‍പ്പേഴ്സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പി എസ് രമാദേവി പറഞ്ഞു. ഇതിന് മുന്നോടിയായി ഏപ്രില്‍ നാലിന് കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തും.

deshabhimani

No comments:

Post a Comment