Wednesday, April 9, 2014

തെളിവുകള്‍ ചെന്നിത്തലയുടെ വാദങ്ങള്‍ പൊളിക്കുന്നു

അന്താരാഷ്ട്ര സ്വര്‍ണ കള്ളക്കടത്തുകാരന്‍ ഫയാസുമൊത്തുള്ള ചിത്രം പരസ്യമായ സാഹചര്യത്തില്‍, പിടിച്ചുനില്‍ക്കാനായി ആഭ്യന്തരമന്ത്രി രമേശ്ചെന്നിത്തല നിരത്തിയ വാദങ്ങള്‍ തിരിഞ്ഞുകുത്തുന്നു. ഫോട്ടോ വ്യാജമല്ലെന്ന് ചെന്നിത്തല സമ്മതിച്ചെങ്കിലും ചിത്രത്തിനു 12 വര്‍ഷം പഴക്കമുണ്ടെന്ന് പറഞ്ഞു. പലരും ഒപ്പംനിന്ന് ഫോട്ടോ എടുക്കാറുണ്ടെന്നും അതൊന്നും ശ്രദ്ധിക്കാറില്ലെന്നും വാദിച്ചു. ഇതു രണ്ടും ശരിയല്ലെന്നാണ് തെളിവുകള്‍ വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ സ്വയം ന്യായീകരിക്കാന്‍ നടത്തിയ ആഭ്യന്തരമന്ത്രിയുടെ ശ്രമങ്ങള്‍മൂലം കുരുക്ക് കൂടുതല്‍ മുറുകുകയാണ് ചെയ്യുന്നത്.

2007 സെപ്തംബര്‍ എട്ടിന് എടുത്ത ചിത്രമാണ് ഇതെന്ന് ഫയാസിനൊപ്പം ദുബായിലെ കമ്പനിയില്‍ ജോലിചെയ്തിരുന്ന അബ്ദുള്ള വ്യക്തമാക്കുന്നു. ഫയാസുമൊത്ത് ചിത്രമെടുത്തത് 12 വര്‍ഷം മുമ്പാണെന്ന് ചെന്നിത്തല കൃത്യമായി ഓര്‍ത്ത് പറഞ്ഞതു തന്നെ ഒപ്പം നിന്ന് ചിത്രമെടുക്കാറുള്ളവരെ ശ്രദ്ധിക്കാറില്ലെന്ന വാദം പൊളിക്കുന്നു. ചിത്രമെടുത്തത് ശ്രദ്ധിച്ചിട്ടുണ്ടെന്നും ഓര്‍മയുണ്ടെന്നുമാണ് അദ്ദേഹംതന്നെ വാദിച്ച് സ്ഥാപിക്കുന്നത്.

ജയ്ഹിന്ദ് ടിവിക്ക് ഫണ്ട് സമാഹരിക്കാനാണ് ചെന്നിത്തലയും ചാനല്‍ ഡയറക്ടര്‍ എം എം ഹസ്സനും ദുബായില്‍ പോയത്. മൂന്ന് ദിവസം ദുബായില്‍ ഫയാസിനൊപ്പം ചെന്നിത്തലയും ഹസ്സനും ഉണ്ടായിരുന്നു. ദുബായിലെ ബര്‍ദോവയില്‍ മില്ലെനിയം ഇറാ എന്ന കെട്ടിടത്തിലെ ഏഴാം നിലയിലുള്ള ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍വച്ചാണ് ചിത്രമെടുത്തിരിക്കുന്നതെന്ന് കൈരളി പീപ്പിള്‍ മിഡില്‍ ഈസ്റ്റ് ഡയറക്ടര്‍ കെ എം അഷ്റഫ് പറയുന്നു. 2007 സെപ്തംബര്‍ എട്ടിനാണ് ചിത്രം എടുത്തതെന്ന് തെളിയിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ചെന്നിത്തല പറയുന്നതുപോലെ വഴിവക്കിലോ ഏതെങ്കിലും പൊതുസ്ഥലത്തോ നിന്ന് എടുത്ത ചിത്രമല്ല അത്. പെട്ടെന്നു വന്ന് ചെന്നിത്തലക്കൊപ്പം നില്‍ക്കുന്നതുപോലെയല്ല ചിത്രത്തിലുള്ളവരുടെ ഭാവം. ചിരപരിചിതരായ ആളുകള്‍ ഒന്നിച്ചുനില്‍ക്കുന്നുവെന്നാണ് തോന്നുക. ഈ ദിവസം ഫയാസ് തന്നെ ചെന്നിത്തലയെയും ഹസ്സനെയും ഈ സ്ഥാപനത്തിലേക്ക് കൂട്ടിക്കൊണ്ടുവരികയും സ്ഥാപന ഉടമയെ ഫയാസ് പരിചയപ്പെടുത്തുകയും ചെയ്തു. അവിടെനിന്ന് ഫണ്ടും വാങ്ങിയാണ് ഫയാസിനൊപ്പം ഇരുവരും മടങ്ങിയത്.

ആ ദിവസം ദുബായില്‍ പോയില്ലെന്ന് ചെന്നിത്തലയ്ക്ക് സ്ഥാപിക്കാന്‍ കഴിയില്ല. 2007 സെപ്തംബര്‍ എട്ടിന് ദുബായില്‍ ചെന്നിത്തല നടത്തിയ പ്രസ്താവന മലയാളമനോരമ പത്രം (തിരുവനന്തപുരം എഡിഷന്‍) 2007 സെപ്തംബര്‍ ഒന്‍പതിന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. "മന്ത്രിസഭയില്‍ എത്ര പോഴന്മാര്‍ ഉണ്ടെന്ന് വി എസ് വ്യക്തമാക്കണം" എന്നാണ് ചെന്നിത്തല ദുബായില്‍നിന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ചെന്നിത്തലയുടെ പാസ്പോര്‍ട്ട് പരിശോധിച്ചാലും ഈ ദിവസങ്ങളില്‍ എവിടെയായിരുന്നുവെന്ന് തെളിയും. അന്താരാഷ്ട്ര കുറ്റവാളിയുമൊത്ത് നില്‍ക്കുന്ന ഫോട്ടോയെ വളരെ നിസ്സാരമായാണ് ആഭ്യന്തരമന്ത്രി കാണുന്നത്. സിബിഐ അന്വേഷണത്തിനുള്ള സന്നദ്ധത അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്.

"അതിവേഗ"മാക്കിയത് ഉമ്മന്‍ചാണ്ടി- ചെന്നിത്തല ബന്ധം

അന്താരാഷ്ട്ര സ്വര്‍ണ കള്ളക്കടത്തുകാരന്‍ ഫയാസിന്റെ കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിലുള്ള വളര്‍ച്ചക്കുപിന്നില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ സഹായമാണെന്ന വാര്‍ത്ത മാഹി ഈസ്റ്റ് പള്ളൂരിലെ ജനങ്ങളെ അത്ഭുതപ്പെടുത്തുന്നില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ചെന്നിത്തല എന്നിവരുമായുള്ള ഫയാസിന്റെ അടുത്ത ബന്ധം നാട്ടുകാര്‍ക്ക് കേട്ടുകേള്‍വിയല്ല. ചെന്നിത്തലയുമായും ഉമ്മന്‍ചാണ്ടിയുമായും ഒന്നര ദശാബ്ദത്തിലേറെകാലത്തെ അടുത്ത ബന്ധം ഫയാസിനുണ്ട്. പ്രതിപക്ഷനേതാവായിരിക്കെ ഉമ്മന്‍ചാണ്ടി തലശേരിവഴി യാത്രചെയ്യുമ്പോള്‍ കാര്‍ കൈനീട്ടി നിര്‍ത്തി കയറി സംസാരിക്കാന്‍ കഴിയുംവിധമുള്ളതാണ് ആ അടുപ്പം. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളെയടക്കം അന്ന് ഈ സംഭവം അത്ഭുതപ്പെടുത്തിയിരുന്നു.

ദുരൂഹമായിരുന്നു എന്നും ഫയാസിന്റെ ബന്ധങ്ങള്‍. പ്രതിപക്ഷ നേതാവായിരിക്കെ 2008-ല്‍ ഉമ്മന്‍ചാണ്ടി ദുബായിലെത്തിയപ്പോള്‍ വിമാനത്താവളത്തില്‍നിന്ന് ദുബായ് അല്‍ഖറൂദിലെ "നോര്‍പ്പ"യുടെ യോഗസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയത് ഫയാസായിരുന്നു. നോര്‍പ്പ ജനറല്‍ സെക്രട്ടറിയും മാഹിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ റമീസ് അഹമ്മദാണ് ഫയാസിന്റെ വാഹനത്തില്‍ ഉമ്മന്‍ചാണ്ടി സഞ്ചരിച്ച കാര്യം വെളിപ്പെടുത്തിയത്. ചടങ്ങിന്റെ ഫോട്ടോയടക്കമുണ്ടായിരുന്നെങ്കിലും പിന്നീട് കോണ്‍ഗ്രസുകാര്‍ ഇടപെട്ട് മാറ്റി.

ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലക്കുമൊപ്പം പൊലീസിലെ ചില ഉന്നതരുമായുള്ള ബന്ധവും ഫയാസിന്റെ വളര്‍ച്ചയില്‍ നിര്‍ണായകമായി. ഈസ്റ്റ് പള്ളൂരിലെയും പാറാലിലെയും വടകര താഴെഅങ്ങാടിയിലെയും വീടുകളില്‍ ചെറിയ വിശേഷം നടന്നാലും പൊലീസ് ഓഫീസര്‍മാരുടെ സാന്നിധ്യമുണ്ടാകുമായിരുന്നു. പുതുച്ചേരിയിലെയും കേരളത്തിലെയും ഉന്നത പൊലീസ് ഓഫീസര്‍മാരുമായും അടുത്ത ബന്ധമുണ്ട്. ഡിവൈഎസ്പി എ പി ഷൗക്കത്തലിയടക്കം ഫേസ്ബുക്ക് സൗഹൃദത്തിലും കണ്ണികളേറെ. നാട്ടിലെത്തിയാല്‍ തലശേരി ടൗണിലൂടെയും പള്ളൂരിലൂടെയും ആഡംബര വാഹനങ്ങളില്‍ ചീറിപ്പായുന്നത് ഫയാസിന്റെ വിനോദമാണ്. അതിഥികള്‍ക്ക് "എന്തും" ഏര്‍പ്പാടുചെയ്യുന്നതിലും സന്നദ്ധനായിരുന്നു. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി ഉള്‍പ്പെടെ യുഡിഎഫ് ഭരണത്തിന്റെ തലപ്പത്തുള്ളവരുമായുള്ള ബന്ധമാണ് ഒന്നുമില്ലായ്മയില്‍നിന്ന് അന്താരാഷ്ട്ര സ്വര്‍ണക്കള്ളക്കടത്തിന്റെ തലപ്പത്തേക്ക് ഫയാസിനെ ഉയര്‍ത്തിയത്. പിടിവീഴുമ്പോഴെല്ലാം ഫയാസ് വിളിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കായിരുന്നു.

ഫയാസിന് കളിക്കാന്‍ ജയിലില്‍ അടുക്കള പൊളിച്ച് ഷട്ടില്‍ കോര്‍ട്ട്

രാജ്യാന്തര കള്ളക്കടത്തുകാരനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ സ്വന്തം പയ്യനുമായ ഫയാസിന് കളിക്കാന്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ അടുക്കള പൊളിച്ച് ഷട്ടില്‍ ബാഡ്മിന്റണ്‍ കോര്‍ട്ട് പണിതു. ആഭ്യന്തരമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് അടുക്കള പൊളിച്ച് ഷട്ടില്‍ കോര്‍ട്ട് പണിതത്. മനോരമയിലടക്കം വാര്‍ത്ത വന്നത് വിവാദമായപ്പോള്‍ കോര്‍ട്ട് വീണ്ടും കുത്തിപ്പൊളിച്ച് പച്ചക്കറിത്തോട്ടമാക്കി.

കോഫെപോസെ തടവുകാരനായാണ് ഫയാസ് പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ഏഴാം ബ്ലോക്കില്‍ കഴിയുന്നത്. ഈ ബ്ലോക്കില്‍ നാല് തടവുകാര്‍ മാത്രമാണുള്ളത്. ഇതിനോടു ചേര്‍ന്നുള്ള അടുക്കളയാണ് പൊളിച്ചത്. സര്‍ക്കാര്‍ കെട്ടിടം പൊളിച്ചുമാറ്റുന്നതിന് മുമ്പായി പാലിക്കേണ്ട നടപടിക്രമമൊന്നും പാലിക്കാതെ അടുക്കള പൊളിച്ചത് കടുത്ത നിയമലംഘനംകൂടിയാണ്. പൊളിക്കുന്നതിന് മുമ്പ് ഉദ്യോഗസ്ഥര്‍ കെട്ടിടം പരിശോധിച്ച് വില കണക്കാക്കണം. പൊളിക്കാനുള്ള ചെലവ് കൂടി കണക്കാക്കി ടെന്‍ഡര്‍ ക്ഷണിക്കണം. വകുപ്പ് നേരിട്ടാണ് പൊളിക്കുന്നതെങ്കില്‍ പഴയ സാധനങ്ങളുടെ വില കണക്കാക്കി ലേലംചെയ്ത് വില്‍ക്കുകയും വേണം. ഇതൊന്നും ചെയ്യാതെ മന്ത്രിയുടെ ഓഫീസില്‍നിന്നുള്ള ഫോണ്‍വിളിയുടെ അടിസ്ഥാനത്തില്‍മാത്രം കെട്ടിടം പൊളിക്കുകയായിരുന്നു. അടുക്കള പൊളിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഏഴാം ബ്ലോക്കിന്റെ ചുമതലയുണ്ടായിരുന്ന അസിസ്റ്റന്റ് ജയിലര്‍ സൂപ്രണ്ടിനോട് പറഞ്ഞതാണ്. കോര്‍ട്ട് പണിയുമ്പോഴും എതിര്‍ത്തു. എന്നാല്‍, സൂപ്രണ്ട് അനങ്ങിയില്ല. ഇതേത്തുടര്‍ന്ന് അസിസ്റ്റന്റ് ജയിലര്‍, ജയില്‍ രജിസ്റ്ററില്‍ ഇതുസംബന്ധിച്ച അഭിപ്രായം എഴുതിവച്ചു. ഇതോടെ അധികൃതര്‍ പൊല്ലാപ്പിലായി. വിവാദം ഭയന്ന് കോര്‍ട്ട് കുത്തിയിളക്കി പച്ചക്കറിത്തോട്ടമാക്കുകയായിരുന്നു.

മന്ത്രിയുടെ ഓഫീസില്‍നിന്ന് നിര്‍ദേശിച്ചാണ് അടുക്കള പൊളിച്ചതെന്നറിയാതെ മാര്‍ച്ച് 14ന് മനോരമ പത്രം ഈ സംഭവം വലിയ വാര്‍ത്തയുമാക്കി. വാര്‍ത്തയെത്തുടര്‍ന്ന് ജയില്‍ ഡിജിപി ആവശ്യപ്പെട്ടതനുസരിച്ച് അന്വേഷണം നടത്തിയെന്ന് വരുത്തിയെങ്കിലും ഉന്നതങ്ങളില്‍നിന്നുള്ള കര്‍ശന നിര്‍ദേശത്തെതുടര്‍ന്ന് ആര്‍ക്കുമെതിരെ നടപടി എടുത്തിട്ടില്ല.

deshabhimani

1 comment:

  1. ബാറ്റ്‌മിന്റൺ കോർട്ട് പണിതത് ഏതാണ്ട് പിണറായി നേരിട്ട് ചെന്നിട്ടായിരുന്നു എന്ന പോലല്ലേ റിപ്പോർട്ട്. പാവം പൊതു ജനം അതങ്ങനെ തന്നെ വിശ്വസിച്ച് കാണണം!

    ReplyDelete