പത്മനാഭസ്വാമിക്ഷേത്രം വക സ്വത്ത് അന്യാധീനപ്പെടുത്തിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനും രാജകുടുംബത്തിനുമാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അമിക്കസ്ക്യൂറി സുപ്രീംകോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിനെക്കുറിച്ച് മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും മറുപടി പറയണം. വിശ്വാസികളെ കബളിപ്പിച്ചതിന് മാപ്പുപറയാനും സര്‍ക്കാര്‍ തയ്യാറാകണം. രാജകുടുംബത്തില്‍പെട്ടവര്‍ ക്ഷേത്രത്തില്‍നിന്ന് സ്വര്‍ണം കടത്തുന്നുണ്ടെന്ന് രണ്ടരവര്‍ഷംമുമ്പ് ഞാന്‍ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍, അന്നത് പലരും കാര്യമാക്കിയില്ല. മാത്രമല്ല, രാജകുടുംബത്തെ ആക്ഷേപിക്കാന്‍വേണ്ടി വ്യാജ ആരോപണം ഉന്നയിക്കുന്നെന്നുപറഞ്ഞ് പരിഹസിക്കുകയാണ് ചെയ്തത്. എന്നാല്‍, ഇപ്പോള്‍ അമിക്കസ്ക്യൂറി ഇക്കാര്യങ്ങള്‍ ശരിവച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഒരുമാസത്തിലേറെ നീണ്ട വിശദമായ പരിശോധനയും അന്വേഷണവും തെളിവെടുപ്പും നടത്തിയതിനുശേഷം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ക്ഷേത്രത്തില്‍നിന്ന് സ്വര്‍ണം കടത്തിക്കൊണ്ടുപോകുന്നതു സംബന്ധിച്ചും ഇതില്‍ രാജകുടുംബവും സര്‍ക്കാരുമായുള്ള അവിശുദ്ധബന്ധം സംബന്ധിച്ചും പറഞ്ഞിട്ടുള്ളത്. പത്മതീര്‍ഥക്കുളത്തില്‍ ഓട്ടോഡ്രൈവര്‍ ദുരൂഹസാഹചര്യത്തില്‍ മരിക്കാനിടയായ സംഭവം, സ്വര്‍ണം കടത്തിക്കൊണ്ടുപോകുന്നത് കാണാനിടയായ ഒരാളുടെ ദേഹത്ത് ആസിഡ് ഒഴിച്ച സംഭവം, ക്ഷേത്രജീവനക്കാരില്‍ ചിലര്‍ക്കുനേരെ നടന്ന ലൈംഗികാതിക്രമങ്ങള്‍ എന്നിവ സംബന്ധിച്ചും അമിക്കസ്ക്യൂറി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ മൂന്ന് സംഭവങ്ങള്‍ സംബന്ധിച്ചും അന്വേഷിച്ച് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്തയച്ചിരുന്നതാണ്. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ ഇതേപ്പറ്റി അന്വേഷിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല.
2011 ജനുവരി 29ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണം സര്‍ക്കാര്‍ ഏറ്റെടുത്ത് ഗുരുവായൂര്‍ മോഡല്‍ സമിതിയെ ഏല്‍പ്പിക്കണമെന്ന് വിധിച്ചു. ആ വിധിയെ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വാഗതം ചെയ്തു. വിധിക്കെതിരെ അപ്പീല്‍ നല്‍കേണ്ടെന്നും തീരുമാനിച്ചു. എന്നാല്‍, 2011 മെയ് രണ്ടിന് മാര്‍ത്താണ്ഡവര്‍മ സുപ്രീംകോടതിയെ സമീപിച്ചു. ഈ ഘട്ടത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് മറ്റ് നടപടികളിലേക്ക് കടക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നുവന്ന യുഡിഎഫ് സര്‍ക്കാര്‍ ഇപ്പോഴത്തെ ഭരണസമിതിയും രാജകുടുംബവുമായി ഒത്തുകളിച്ച് സുപ്രീംകോടതിയെപ്പോലും തെറ്റിദ്ധരിപ്പിച്ചു. പത്മനാഭസ്വാമി ക്ഷേത്രഭരണത്തിന് ഗുരുവായൂര്‍ ദേവസ്വം മോഡല്‍ ഭരണസമിതി രൂപീകരിക്കണമെന്ന ആവശ്യത്തിന് ഇപ്പോള്‍ പ്രസക്തിയേറുകയാണ്. ക്ഷേത്രം ജീവനക്കാര്‍ നേരിട്ടുവന്ന് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ രണ്ടരവര്‍ഷംമുമ്പ് വെളിപ്പെടുത്തല്‍ നടത്തിയതെന്ന് വി എസ് മറുപടി നല്‍കി. അമിക്കസ്ക്യൂറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുപ്രീം കോടതിയില്‍നിന്ന് നല്ല വിധി വരുമെന്നാണ് കരുതുന്നതെന്നും വി എസ് പറഞ്ഞു.
deshabhimani
No comments:
Post a Comment