മാര്‍ക്വേസിന് ഇഷ്ടപ്പെട്ട മഞ്ഞപ്പൂക്കള്‍ വീടിനു ചുറ്റും നിറഞ്ഞു. ""നന്ദി ഗാബോ, മാകൊണ്ടോയില്‍ വീണ്ടും കാണാം""-കല്‍പ്പടവുകളില്‍ മഞ്ഞ ചോക്കുകൊണ്ട് ഒരാള്‍ എഴുതി. ബൈബിള്‍ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട പുസ്തകമായ "ഏകാന്തതയുടെ നൂറ് വര്‍ഷങ്ങളില്‍" മാര്‍ക്വേസ് സൃഷ്ടിച്ച മായിക നഗരമാണ് മാകൊണ്ടോ. മാര്‍ക്വേസിന്റെ സംഭവബഹുലമായ എഴുത്തുജീവിതവും മരണവും മെക്സിക്കോയിലായിരുന്നെങ്കിലും എഴുത്തിന് ഊര്‍ജം പകര്‍ന്നത് കൊളംബിയന്‍ ജീവിതമായിരുന്നു. മുത്തച്ഛനൊപ്പം താമസിക്കെ കേട്ടുവളര്‍ന്ന കൊളംബിയന്‍ കഥകളുടെ മാന്ത്രികത ഓര്‍മകള്‍കൊണ്ട് തിരിച്ചുപിടിച്ചാണ് മാര്‍ക്വേസ് മാകൊണ്ടോ സൃഷ്ടിച്ചത്. മെക്സിക്കോയിലേക്ക് പോകുന്നതുവരെ മാര്‍ക്വേസ് ജീവിച്ചത് കൊളംബിയന്‍ തീരനഗരത്തിലായിരുന്നു. പഠനവും ആദ്യകാല പത്രപവര്‍ത്തനജീവിതവും കൊളംബിയയിലായിരുന്നു. മെക്സിക്കോയില്‍ സ്ഥിരതാമസമാക്കിയെങ്കിലും കാര്‍ട്ടഗീനയിലെ വീട് അദ്ദേഹം ഉപേക്ഷിച്ചില്ല.
2013 മേയിലായിരുന്നു അവസാനമായി ഇവിടെ എത്തിയത്. വീട് മാര്‍ക്വേസിന്റെ മ്യൂസിയമായി നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍. ലോകത്തിന് ഏറ്റവും മികച്ച എഴുത്തുകാരനെയാവും നഷ്ടമായിട്ടുണ്ടാകുക, എന്നാല്‍ കൊളംബിയക്ക് നഷ്ടമായത് പ്രിയപ്പെട്ട മകനെയാണ്. നൊബേല്‍ പുരസ്കാര ജേതാവായ മാര്‍ക്വേസിന്റെ നിര്യാണത്തില്‍ ലോകനേതാക്കളും പ്രമുഖ സാഹിത്യകാരും അനുശോചിച്ചു. മാര്‍ക്വേസിന്റെ രചന എക്കാലവും നിലനില്‍ക്കുമെന്നും പുതുവായനക്കാരെ ലോകത്തെവിടെയും സൃഷ്ടിക്കുമെന്നും നൊബേല്‍ പുരസ്കാരജേതാവായ പെറു എഴുത്തുകാരന്‍ മാരിയോ വര്‍ഗാസ് യോസ എഴുതി. മാര്‍ക്വേസിന്റെ പുസ്തകത്തില്‍ സ്വന്തം കുടുംബവും രാജ്യവും കണ്ടെത്താനായെന്ന് ചിലിയന്‍ എഴുത്തുകാരി ഇസബെല്ല അലന്‍ഡെ പറഞ്ഞു. "ഗാബോ നിങ്ങള്‍ എന്നും എന്റെ ഹൃദയത്തിലുണ്ടാകും" കൊളംബിയന്‍ പോപ് ഗായിക ഷക്കീറ പ്രതികരിച്ചു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങിലായിരിക്കും മാര്‍ക്വേസിന്റെ സംസ്കാരമെന്ന് ബന്ധുക്കള്‍ അറിയിച്ചു. തിങ്കളാഴ്ച മെക്സിക്കോ സിറ്റിയില്‍ ബൃഹത്തായ അനുസ്മരണ സമ്മേളനം നടക്കും. മെക്സിക്കോ സിറ്റിയിലെ വീട്ടില്‍ പ്രദേശികസമയം വ്യാഴാഴ്ച വൈകിട്ടായിരുന്നു മാര്‍ക്വേസിന്റെ (87) അന്ത്യം.
deshabhimani
No comments:
Post a Comment