Tuesday, April 8, 2014

സുധീരാ... തീരെ കൂതറയാകരുത്

"സുധീരന്‍, ഡേ ബൈ ഡേ കൂതറ കോണ്‍ഗ്രസുകാരനായിക്കൊണ്ടിരിക്കുന്നു" എന്നാണ് തന്റെ ഫേസ് ബുക്ക് പേജില്‍ ഒരാള്‍ സങ്കടപ്പെട്ടത്. അദ്ദേഹത്തില്‍നിന്ന് ആളുകള്‍ എന്തൊക്കെയോ പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ടാണല്ലോ ഇങ്ങനെയൊരു സങ്കടം. കെപിസിസി പ്രസിഡന്റിനെക്കുറിച്ച് അങ്ങനെയൊക്കെ പറയാമോ എന്ന സംശയം അവിടെ നില്‍ക്കട്ടെ. കാരണം കേട്ടാല്‍ അല്‍പ്പം കടത്തിപ്പറഞ്ഞാലും തരക്കേടില്ല എന്നു തോന്നും. ഇക്കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ ചാലക്കുടിയിലെത്തി ഇന്നസെന്റിന് വിജയാശംസ നേര്‍ന്നത് സുധീരന് തീരെ ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട് അദ്ദേഹം ആവശ്യപ്പെട്ടു: "ലാല്‍ നടന്‍ മാത്രമല്ല, സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ കൂടിയാണ്. ലെഫ്റ്റനന്റ് കേണല്‍ പദവി വഹിക്കുന്ന ലാല്‍ തെരഞ്ഞെടുപ്പുപ്രചാരണം നടത്തുന്നത് ശരിയല്ല. അദ്ദേഹം അതില്‍നിന്ന് മാറിനില്‍ക്കണം".

മണ്ടത്തരങ്ങളുടെ അഖിലഭാരത ഉസ്താദ് രാഹുല്‍ഗാന്ധിയാണല്ലോ വി എം സുധീരനെ പിടിച്ച് കെപിസിസി പ്രസിഡന്റാക്കിയത്. കൊമ്പന്‍ വെട്ടിയ വഴിയേ മോഴ പോയില്ലെങ്കില്‍ കടുത്ത അച്ചടക്കലംഘനമാണ്. സുധീരനാണെങ്കില്‍ പണ്ടേ അച്ചടക്കത്തിനു പേരുകേട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകനും.

വിഡ്ഢിത്തങ്ങള്‍ സുധീരന് ഭൂഷണമായിരിക്കാം. പക്ഷേ, കേള്‍ക്കുന്നവര്‍ക്ക് അങ്ങനെയല്ല. അങ്കും പുങ്കും അറിഞ്ഞിട്ടുവേണ്ടേ വല്ലതുമൊക്കെ ആധികാരികമായി തട്ടിവിടുന്നത് എന്ന് വെളിവും ബോധവുമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രഹസ്യമായിട്ടെങ്കിലും പ്രതീക്ഷിക്കും. അതുകൊണ്ട്, സുധീരന്റെ അറിവിലേക്കായി ചില കാര്യങ്ങള്‍ പറയാം. മോഹന്‍ലാല്‍ സൈനിക ഉദ്യോഗസ്ഥനല്ല. അദ്ദേഹത്തിന് ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കി ആദരിച്ചത് ടെറിറ്റോറിയല്‍ ആര്‍മിയാണ്. അതും ഇന്ത്യന്‍ ആര്‍മിയും ഒന്നല്ല. വര്‍ഷത്തില്‍ ഏതാനും ദിവസത്തെ സൈനികസേവനം ലഭിച്ചവരുടെ സന്നദ്ധസംഘമാണ് ടെറിറ്റോറിയല്‍ ആര്‍മി. അതൊരു ഉദ്യോഗമോ തൊഴിലോ ഒന്നുമല്ല. സ്ഥിരംസേനയ്ക്കു പിന്നില്‍ ഏറ്റവും അത്യാവശ്യഘട്ടത്തില്‍ അണിനിരക്കേണ്ട രണ്ടാംനിര. പല മേഖലയില്‍ പണിയെടുക്കുന്നവര്‍ ടെറിറ്റോറിയല്‍ ആര്‍മിയില്‍ അംഗങ്ങളാണ്. അതിലെ അംഗങ്ങള്‍ക്ക് രാഷ്ട്രീയപ്രവര്‍ത്തനമോ പ്രചാരണമോ നിഷേധിച്ചിട്ടില്ല.

ബ്രിഗേഡിയര്‍ കെ പി സിങ് ദേവു എന്നയാളെ സുധീരന്‍ അറിയുമോ ആവോ? 2012ല്‍ ഒറീസയിലെ പിസിസി പ്രസിഡന്റായിരുന്നു. 1983ലെ ഇന്ദിര ഗാന്ധി മന്ത്രിസഭയില്‍ ആഭ്യന്തര സഹമന്ത്രിയുമായിരുന്നു. ബ്രിഗേഡിയര്‍ എന്നുകേട്ട് വിരമിച്ച പട്ടാളക്കാരനാണ് എന്നൊന്നും ധരിക്കേണ്ട. 1971ല്‍ ടെറിറ്റോറിയല്‍ ആര്‍മിയില്‍ അംഗമായതോടെയാണ് അദ്ദേഹം ബ്രിഗേഡിയറായത്. 1994ല്‍ അതിവിശിഷ്ടസേവാ മെഡലും കിട്ടി. അങ്ങനെയൊരാളെ പിസിസി പ്രസിഡന്റാക്കിയപ്പോള്‍ ടെറിറ്റോറിയല്‍ ആര്‍മി എതിരൊന്നും പറഞ്ഞില്ല.

1967ല്‍ ഹരിയാന മുഖ്യമന്ത്രിയും പിന്നീട് ക്യാബിനറ്റ് മന്ത്രിയുമായിരുന്നു ക്യാപ്റ്റന്‍ റാവു ബീരേന്ദ്രസിങ്. രണ്ടാം ലോകയുദ്ധകാലത്ത് അദ്ദേഹവും ടെറിറ്റോറിയല്‍ ആര്‍മി അംഗമായിരുന്നു. എന്തിനേറെ പറയുന്നു, കോണ്‍ഗ്രസ് സര്‍ക്കാര്‍ നിര്‍ദേശിച്ച് രാജ്യസഭാ അംഗമായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കും കിട്ടിയിട്ടുണ്ട് ടെറിറ്റോറിയല്‍ ആര്‍മിയില്‍ മുന്തിയ പദവി. ലക്ഷദ്വീപ് എംപി മുഹമ്മദ് ഹംദുള്ള സയീദ്, കുരുക്ഷേത്ര എം പി നവീന്‍ ജിന്‍ഡാല്‍ (രണ്ടുപേരും കോണ്‍ഗ്രസ്), ബിജു ജനതാദള്‍ എംപി കലികേശ് നാരായണ്‍സിങ് എന്നിവരും ടെറിറ്റോറിയല്‍ ആര്‍മിയില്‍ അംഗങ്ങളാണ്. ടെറിറ്റോറിയല്‍ ആര്‍മിയില്‍ അംഗത്വമുള്ളവര്‍ക്ക് രാഷ്ട്രീയമോ രാഷ്ട്രീയക്കാര്‍ക്ക് ടെറിറ്റോറിയല്‍ ആര്‍മിയോ നിഷിദ്ധമല്ല. വി എം സുധീരന്റെ ഇഷ്ടവും ഇഷ്ടക്കേടുമൊന്നും ഇക്കാര്യത്തില്‍ ടെറിറ്റോറിയല്‍ ആര്‍മി പരിഗണിക്കാറുമില്ല. ചുരുക്കിപ്പറഞ്ഞാല്‍, ഇന്നസെന്റിന് വിജയാശംസ നേരുക മാത്രമല്ല, വേണമെങ്കില്‍ മോഹന്‍ലാലിന് തെരഞ്ഞെടുപ്പിലും മത്സരിക്കാം.

ഇത്തരം കാര്യങ്ങളില്‍ ചാടിക്കയറി അഭിപ്രായം പറയുന്നതിനു മുമ്പ് ചുരുങ്ങിയപക്ഷം എ കെ ആന്റണിയോടെങ്കിലും കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കുന്നത് നല്ലതാണ്. എന്തെങ്കിലും വച്ചുകാച്ചിയാല്‍ മനോരമയില്‍ വലിയ തലക്കെട്ടു കിട്ടുമെന്നത് എന്തും പറയാനുള്ള ലൈസന്‍സാണെന്ന് സുധീരന്‍ ധരിക്കരുത്. ലാലിന് സുധീരന്റെ വിലക്ക് എന്നാണ് ഈ ആനമണ്ടത്തരത്തിന് മനോരമ ചാര്‍ത്തിക്കൊടുത്ത തലക്കെട്ട്. തലയ്ക്കു വെളിവുള്ളവരല്ല ന്യൂസ് ഡെസ്കിലിരിക്കുന്നതെങ്കില്‍ ഇതും ഇതിനപ്പുറവും നടക്കും.

അടിക്കുറിപ്പ് - കൂതറ എന്നാണ് മോഹന്‍ലാലിന്റെ പുതിയ സിനിമയുടെ പേര്. നേരത്തെ കണ്ടതുപോലെ എന്തും വിളിച്ചുകൂവുന്ന രാഷ്ട്രീയനേതാവിന്റെ റോളാണോ ആവോ മോഹന്‍ലാലിന്?

കെജിബി ദേശാഭിമാനി

No comments:

Post a Comment