Tuesday, April 8, 2014

"ശവംനാറി" റോസാപ്പൂവാകില്ല

ശവംനാറിപ്പൂവിനെ ആരും റോസാപ്പൂവെന്ന് വിളിക്കാറില്ല. ശവംനാറിക്ക് അതിന്റെ നാറ്റവും റോസയ്ക്ക് അതിന്റെ മണവുമുണ്ട്. അതിനാല്‍, ശവംനാറിയെ ശവംനാറി എന്നേ വിളിക്കാനാവൂ. എന്നാല്‍, പേരുമാറ്റി വിളിക്കാന്‍ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അന്ത്യപാദത്തില്‍ ചിലര്‍ നിര്‍ബന്ധിക്കുകയാണ്. യുഡിഎഫില്‍ ചേക്കേറിയ ആര്‍എസ്പിയുടെ രാഷ്ട്രീയ നെറികേടിനെയും എന്‍ കെ പ്രേമചന്ദ്രന്റെ പാര്‍ലമെന്ററി അത്യാര്‍ത്തിയെയും സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കൊല്ലത്ത് വിമര്‍ശിച്ചതാണ് പശ്ചാത്തലം. കാലുമാറ്റ കച്ചവടത്തില്‍ പങ്കാളിത്തമുള്ള നേതാക്കള്‍ക്ക് ഇതോടെ ഇരിക്കപ്പൊറുതിയില്ലാതായി. പ്രേമചന്ദ്രനെ ദേവപാലനെന്നോ പൊന്നപ്പനെന്നോ അഭിസംബോധനചെയ്യണമെന്നും അല്ലെങ്കില്‍ സംസ്കാരച്യുതി സംഭവിച്ച് കേരളം അറബിക്കടലില്‍ താണുപോകുമെന്നും അവര്‍ പറയുന്നു.

കാലുമാറ്റക്കച്ചവടത്തിന്റെ ഉള്ളറക്കഥയാണ് കൊല്ലത്തെ പ്രസംഗങ്ങളില്‍ പിണറായി വിവരിച്ചത്. മാസത്തിലേറെ എടുത്തു നടത്തിയ ഗൂഢനീക്കമാണ് ആര്‍എസ്പി അസീസ് ഘടകത്തിന്റെ കാലുമാറ്റത്തിനു കാരണമെന്ന് സിറ്റിങ് കോണ്‍ഗ്രസ് എംപി എന്‍ പീതാംബരക്കുറുപ്പുതന്നെ വെളിപ്പെടുത്തി. കുറുപ്പിന്റെ വെളിപ്പെടുത്തല്‍ ഓര്‍മപ്പെടുത്തിയ പിണറായി രണ്ട് എംഎല്‍എമാരെ യുഡിഎഫില്‍ എത്തിച്ചതിനു പിന്നില്‍ കൊല്ലത്തുകാരനല്ലാത്ത ഒരു അന്താരാഷ്ട്ര തട്ടിപ്പുകാരനായ സമ്പന്നന് ബന്ധമുണ്ടെന്നു ചൂണ്ടിക്കാട്ടിയിരുന്നു. അതേപ്പറ്റി അന്വേഷണം നേരിടുമോ എന്നതാണ് പ്രധാനം. അത് മറച്ചുവച്ച് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വി എം സുധീരനും എ എ അസീസും പ്രേമചന്ദ്രനുമെല്ലാം പിണറായി മാപ്പ് പറയണമെന്ന ആവശ്യവുമായി ഇറങ്ങിയിരിക്കുന്നത് കൗതുകകരമാണ്.

നാറി, പരനാറി തുടങ്ങിയവ അശ്ലീലപദങ്ങളല്ല. മനുഷ്യസമൂഹത്തില്‍ ഒറ്റപ്പെടുത്തേണ്ട വഷളന്മാരാണ് നാറികളും പരനാറികളും. 30 വര്‍ഷത്തിലേറെ എല്‍ഡിഎഫിന്റെ ഭാഗമായിക്കഴിഞ്ഞ ഒരു ഇടതുപക്ഷപാര്‍ടിയുടെ കേരളഘടകം, ദേശീയനയം ലംഘിച്ച് ലോക്സഭാ സീറ്റിനുവേണ്ടിയും പുറത്തുവരാനിരിക്കുന്ന മറ്റിടപാടുകളുടെ ബലത്തിലും ശത്രുപക്ഷമുന്നണിയില്‍ ചേക്കേറി. ഇങ്ങനെയൊരു വിചിത്രസംഭവം കേരളചരിത്രത്തില്‍ നടാടെയാണ്. അതിനാല്‍, ഇതിന് നേതൃത്വംനല്‍കിയവരെയും അവരുടെ പ്രതിനിധിയായ സ്ഥാനാര്‍ഥിയെയും പരനാറികളെന്നല്ലേ വിളിക്കുക എന്നാണ്് പിണറായി ചോദിച്ചത്.

"നാറി"ക്ക് രാഷ്ട്രീയ നിഘണ്ടുവില്‍ മുമ്പും സ്ഥാനം കിട്ടിയിട്ടുണ്ട്. കോണ്‍ഗ്രസുകാര്‍പോലും വെറുക്കുന്ന നിലയില്‍ കെ കരുണാകരന്‍സര്‍ക്കാര്‍ മാറിയപ്പോള്‍ ഇതുപോലെ നാറിയ ഒരു മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടില്ലെന്ന് ഇ എം എസ് പ്രസംഗിച്ചിട്ടുണ്ട്. ഇതുപോലൊരു നാറിയ ഭരണം കേരളമക്കള്‍ കണ്ടിട്ടില്ലെന്ന മുദ്രാവാക്യം ഇതേത്തുടര്‍ന്നുണ്ടായതാണ്. എറണാകുളം ലോക്സഭാ ഉപതെരഞ്ഞെടുപ്പുവേളയില്‍ കെ കരുണാകരനെ ശിഖണ്ഡിയെന്ന് വിളിച്ചവരാണ് ഇപ്പോള്‍ പദപ്രയോഗത്തിന്റെ പേരില്‍ ധാര്‍മികരോഷം പ്രകടിപ്പിക്കുന്നത്.

വിപ്ലവപാര്‍ടിയെന്ന് പേരില്‍ ചേര്‍ത്തിരിക്കുന്ന ഒരു പാര്‍ടി വിപ്ലവത്തെയും ഇടതുപക്ഷ ആശയത്തെയും ഒറ്റുകൊടുത്ത് യുഡിഎഫ് പാളയത്തില്‍ ചേക്കേറിയത് ചരിത്രവഞ്ചനയാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടത്തിയ കച്ചവടത്തിലൂടെയാണ് പ്രേമചന്ദ്രന് കൊല്ലംസീറ്റ് ലഭിച്ചത്. ഇത് യൂദാസിന്റെ പണിയാണ്. ക്രിസ്തുവിനെ 30 വെള്ളിക്കാശിന് വിറ്റ ഒറ്റുകരനെ പരനാറിയെന്നാണ് ചരിത്രം വിശേഷിപ്പിച്ചത്. യൂദാസുകളെ പരനാറികളെന്നു വിളിക്കുന്നതില്‍ അപരാധമില്ല. ക്രിസ്തുവിനെ ഒറ്റുകൊടുത്ത് നേടിയ രക്തപ്പണം അവസാനം വലിച്ചെറിഞ്ഞ് യൂദാസ് ആത്മഹത്യചെയ്തു. എന്നാല്‍, രക്തപ്പണവും മടിയില്‍ മുറുക്കിവച്ച് യൂദാസ് ഇന്നും ഇവിടെ ജീവിക്കുകയാണ്. ഇതിനെ തൊലിയുരിച്ചുകാട്ടുന്നത് രാഷ്ട്രീയവിശുദ്ധിക്ക് ആവശ്യമാണ്. 1991 മുതല്‍ 1996 വരെ പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവു കാലുമാറ്റക്കാര്യത്തില്‍ പ്രകടിപ്പിച്ച അതിവിദഗ്ധമായ കരവിരുതിനെ അതിശയിപ്പിക്കുന്ന ദുഷ്കര്‍മമാണ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ഒരുവര്‍ഷത്തിലേറെയായി കേരളത്തില്‍ നടക്കുന്നത്. റാവു പല അളവിലായി ഒരു ഡസനിലേറെ കാലുമാറ്റങ്ങള്‍ നടത്തിയാണ് ഭൂരിപക്ഷം സംഘടിപ്പിച്ചത്. എന്നാല്‍, അന്ന് ആ കെണിയില്‍ വീഴാതിരുന്നത് ഇടതുപക്ഷ പാര്‍ടികള്‍മാത്രം. 1992 മാര്‍ച്ചില്‍ അവിശ്വാസപ്രമേയത്തെ നേരിടുന്നതിന് റാവു ആദ്യം പിളര്‍ത്തിയത് തെലുങ്കുദേശത്തെ. 18 അംഗങ്ങളില്‍ കൃത്യം മൂന്നിലൊന്നായ ആറുപേരെ കാലുമാറ്റി സര്‍ക്കാരിന് അനുകൂലമായി വോട്ടുചെയ്യിച്ചു. 1993 ജൂലൈയില്‍ വീണ്ടും അവിശ്വാസം വന്നപ്പോള്‍ റാവു ജനതാളിനെ പിളര്‍ത്തി. ഒപ്പം ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച എംപിമാരെ വിലയ്ക്കെടുത്തു. അന്നത്തെ കാലുമാറ്റക്കച്ചവടം സിബിഐ കേസായി. അതുപോലെ ഒരു ദേശീയ ഏജന്‍സിയുടെയും ജുഡീഷ്യറിയുടെയും അന്വേഷണത്തിന് വിധേയമാകാന്‍ പോകുന്ന വന്‍ ഇടപാടാണ് ആര്‍എസ്പി അസീസ് ഘടകത്തിന്റെ കാലുമാറ്റത്തിനു പിന്നില്‍ നടന്നത്. വി എം സുധീരന്‍ ഉള്‍പ്പെടെയുള്ളവര്‍ പിണറായിയുടെ പ്രസംഗത്തെ വിമര്‍ശിക്കുന്നുണ്ടെങ്കിലും കൊല്ലവും കേരളവും ചര്‍ച്ചചെയ്യുന്നത് പണത്തിന്റെയും അധികാരത്തിന്റെയും ബലത്തില്‍ നടത്തിയ കറുത്ത കാലുമാറ്റത്തെപ്പറ്റിയാണ്.

ആര്‍ എസ് ബാബു ദേശാഭിമാനി

1 comment:

  1. what would you call, the congress leaders who is in the election with LDF support?

    i guess they are SAVAM NAAARI too... and you try lick their a***

    shame...shame... shame what else can you call this?

    ReplyDelete