Wednesday, April 9, 2014

എന്തുകൊണ്ട് ഇടതുപക്ഷം

വര്‍ഗീയ- ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തെ പുല്‍കുന്ന ബിജെപിയെയും ഗുജറാത്ത് വംശഹത്യയ്ക്ക് നേതൃത്വംനല്‍കിയ നരേന്ദ്രമോഡിയെയും ചെറുക്കാന്‍ കോണ്‍ഗ്രസിനാകുമോ എന്ന ചോദ്യമാണ് ഈ തെരഞ്ഞെടുപ്പ് ഉയര്‍ത്തുന്നത്. മോഡിയുടെ ഏകാധിപത്യത്തെയും ഹൈന്ദവ ഫാസിസത്തെയും സുധീരം ചെറുത്ത് തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിനാവില്ലെന്ന് അനുഭവങ്ങള്‍ തെളിയിക്കുന്നു. കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള ദൂരം നിമിഷംപ്രതി കുറഞ്ഞുവരികയാണെന്നത് മറയില്ലാത്ത യാഥാര്‍ഥ്യം. സാമ്പത്തിക നയത്തില്‍ കോണ്‍ഗ്രസ്- ബിജെപി വ്യത്യാസമേതുമില്ല. ഒന്നാംഘട്ട തെരഞ്ഞെടുപ്പുനാളില്‍ ബിജെപി പുറത്തിറക്കിയ പ്രകടനപത്രിക തങ്ങളുടേത് കോപ്പിയടിച്ചതാണെന്ന കോണ്‍ഗ്രസിന്റെ ആക്ഷേപവും ഇതിനൊപ്പം ചേര്‍ത്ത് വായിക്കണം.

കോണ്‍ഗ്രസ് പ്രധാന പ്രതിപക്ഷമായ സംസ്ഥാനങ്ങളില്‍മാത്രം ബിജെപി വളരുന്നത് എന്തുകൊണ്ടാണെന്ന സംശയമാണ് മതനിരപേക്ഷ വാദികള്‍ ഉയര്‍ത്തുന്നത്. 1998ലാണ് ഗുജറാത്തില്‍ ആദ്യം ബിജെപി അധികാരത്തില്‍ വന്നത്. തുടര്‍ന്നുള്ള മൂന്ന് തെരഞ്ഞെടുപ്പിലും ബിജെപി ജയിച്ചു. 2002ല്‍ ഗോധ്ര സംഭവത്തിന്റെ പേരില്‍ രണ്ടായിരത്തിലധികം മുസ്ലിങ്ങളെ കൊന്നുതള്ളി അധികാരം നിലനിര്‍ത്തിയ മോഡിയെ പിടിച്ചുകെട്ടാന്‍ ഗാന്ധിജിയുടെ നാട്ടിലെ കോണ്‍ഗ്രസുകാര്‍ എന്തുചെയ്തുവെന്ന ചോദ്യം പ്രസക്തം. 2002ലെ കലാപത്തില്‍ മരിച്ചുവീണവരില്‍ ഒരാള്‍ കോണ്‍ഗ്രസ് മുന്‍ എംപി എഹ്സാന്‍ ജാഫ്രിയായിരുന്നു. ജാഫ്രി കൊല്ലപ്പെട്ടിട്ടും കോണ്‍ഗ്രസ് നേതാക്കളാരും അദ്ദേഹത്തിന്റെ വീട്ടിലെത്തിയില്ല. ഗുജറാത്തില്‍ എല്ലാ അര്‍ഥത്തിലും കോണ്‍ഗ്രസ് വര്‍ഗീയതയുമായി സന്ധിചെയ്തു. അതിന്റെ തിക്തഫലം അനുഭവിച്ചത് ന്യൂനപക്ഷവും.

ആര്‍എസ്എസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ശങ്കര്‍സിങ് വഗേലയെ, കോണ്‍ഗ്രസ് പാര്‍ടി അധ്യക്ഷനും പിന്നീട് കേന്ദ്രമന്ത്രിയുമാക്കി. അതോടൊപ്പം കോണ്‍ഗ്രസില്‍നിന്ന് ബിജെപിയിലേക്ക് എംപിമാരും എംഎല്‍എമാരും ഒഴുകി. ഗുജറാത്തില്‍ രണ്ട് വര്‍ഷത്തിനകം ഒരു എംപിയും ആറ് എംഎല്‍എമാരും ബിജെപിയിലെത്തി. ഉത്തര്‍പ്രദേശില്‍ മുന്‍ മുഖ്യമന്ത്രി ജഗദംബികാപാലും മുന്‍ വിദേശമന്ത്രി റാവു ഇന്ദര്‍ജിത്സിങ്ങും ബിജെപി സ്ഥാനാര്‍ഥികളായി. മധ്യപ്രദേശിലെ ഭിണ്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി 24 മണിക്കൂറിനകം ബിജെപി സ്ഥാനാര്‍ഥിയായി. ഉത്തര്‍പ്രദേശിലെ ഗൗതംബുദ്ധനഗറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ കോണ്‍ഗ്രസിന് സ്ഥാനാര്‍ഥിപോലും ഇല്ലാതായി.

മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ബിജെപി മൂന്നാംവിജയം ആവര്‍ത്തിച്ചതും ഹിന്ദുത്വ വര്‍ഗീയശക്തികളെ ചെറുക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്നതിന്റെ ചുവരെഴുത്താണ്്. ഇടതുപക്ഷപാര്‍ടികള്‍ ശക്തമായ കേരളത്തിലും ബംഗാളിലും ത്രിപുരയിലുമാണ് ബിജെപിക്ക് ഇനിയും വേരുറപ്പിക്കാനാകാത്തത്. സമാജ്വാദി പാര്‍ടിയും ബിഎസ്പിയും ബിജെഡിയും ഐക്യജനതാദളും ശക്തമായിടത്തും ബിജെപിക്ക് ശക്തി നേടാനായില്ല. 1989ലും 1996ലും ബിജെപിയെ അധികാരത്തില്‍നിന്ന് പുറത്തുനിര്‍ത്തിയത് ഇടതുപക്ഷ പാര്‍ടികളാണ്. 2004ല്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയതും ഇടതുപക്ഷത്തിന്റെ പിന്തുണയോടെയാണ്. ബിജെപിയെ അധികാരത്തില്‍നിന്ന് പുറത്താക്കാനുള്ള ത്യാഗത്തിന് ഇടതുപക്ഷം തയ്യാറായി.

ഭൂരിപക്ഷ വര്‍ഗീയതയോട് സന്ധിചെയ്യുന്ന രാഷ്ട്രീയകക്ഷിയായി കോണ്‍ഗ്രസ് അധഃപതിച്ചു. ഒഡിഷയിലെ കന്ദമലില്‍ ക്രിസ്ത്യാനികളെ സംഘപരിവാര്‍ ആക്രമിച്ചപ്പോഴും മുസഫര്‍നഗറില്‍ മുസ്ലിങ്ങള്‍ വേട്ടയാടപ്പെട്ടപ്പോഴും കോണ്‍ഗ്രസ് ഇരകളെ സഹായിച്ചില്ല. കന്ദമലില്‍ ഇരകള്‍ക്ക് ആശ്വാസമേകാന്‍ ആദ്യം എത്തിയത് തപന്‍സെന്നിന്റെയും സുരേഷ്കുറുപ്പിന്റെയും നേതൃത്വത്തിലുള്ള സിപിഐ എം പാര്‍ലമെന്ററി സംഘമായിരുന്നു. മധ്യപ്രദേശിലെ ജാബുവയിലും ഗുജറാത്തിലെ ദാങ്സിലും രാജസ്ഥാനിലെ കോട്ടയിലും ക്രിസ്ത്യാനികള്‍ക്കും അവരുടെ സ്ഥാപനങ്ങള്‍ക്കുമെതിരെ ആക്രമണം ഉണ്ടായപ്പോഴും ആദ്യമെത്തിയത് ഇടതുപക്ഷ സംഘടനകള്‍. മുസഫര്‍നഗറില്‍ 60 പേര്‍ കൊല്ലപ്പെടുകയും അരലക്ഷം മുസ്ലിങ്ങള്‍ അഭയാര്‍ഥികളാക്കപ്പെടുകയും ചെയ്തപ്പോള്‍ സിപിഐ എമ്മാണ് ആദ്യം സഹായവുമായെത്തിയത്. ജോല ഗ്രാമത്തില്‍ സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ 55 പേര്‍ക്ക് വീട് ഒരുങ്ങുകയാണ്.

മതനിരപേക്ഷതയെന്നത് സഹിഷ്ണുതയാണെന്ന ബിജെപിയുടെ വാദമാണ് കോണ്‍ഗ്രസും ആവര്‍ത്തിക്കുന്നത്. സഹിഷ്ണുതയാണ് മതനിരപേക്ഷതയെന്ന വാദത്തില്‍നിന്ന് ഹിന്ദുരാഷ്ട്രത്തിലേക്ക് അധികം ദൂരമില്ലെന്ന് അമ്പതിലധികം കോണ്‍ഗ്രസ് എംപിമാര്‍ ബിജെപി ടിക്കറ്റില്‍നിന്ന് മത്സരിക്കുന്നതില്‍നിന്നും വ്യക്തമാകുന്നു. കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി എസ് കൃഷ്ണകുമാറും കാവിക്കൊടിയേന്തിയിരുന്നു.

വര്‍ഗീയതയ്ക്കെതിരെ മാത്രമല്ല, മോഡിയും രാഹുലും പ്രതിനിധാനംചെയ്യുന്ന കോര്‍പറേറ്റ് അനുകൂല നയങ്ങള്‍ക്കെതിരെ ബദല്‍ മുന്നോട്ടുവയ്ക്കുന്ന ഏക പ്രസ്ഥാനവും ഇടതുപക്ഷമാണ്. ദിവസം 20 രൂപയില്‍ കുറഞ്ഞ വരുമാനമുള്ള 70 ശതമാനം ജനങ്ങളെക്കുറിച്ച് സംസാരിക്കുന്നതും ഇടതുപക്ഷം മാത്രം. സാധാരണ ജനങ്ങളെ അഭിമുഖീകരിക്കാത്ത ഗുജറാത്ത്-യുപിഎ മാതൃകകളെ തള്ളണമെന്ന ആഹ്വാനമാണ് ഇടതുപക്ഷത്തിന്റേത്.

വി ബി പരമേശ്വരന്‍ ദേശാഭിമാനി

No comments:

Post a Comment