നീലഗിരി: നട്ടുച്ചയ്ക്കും കോടമഞ്ഞിറങ്ങുന്ന മലനിരകള്‍. സമതലങ്ങളിലും കോച്ചിപ്പിടിക്കുന്ന തണുപ്പ്. ഇന്ത്യ മുഴുവനും തെരഞ്ഞെടുപ്പ് കാറ്റ് ആഞ്ഞുവീശുമ്പോഴും നീലഗിരി ചൂടുപിടിക്കുന്നില്ല. വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോഴും മണ്ഡലം ചടഞ്ഞുറങ്ങുന്നു. 24നാണ് വോട്ടെടുപ്പ്. വികസനപ്രശ്നങ്ങള്‍ വിട്ട് പാര്‍ടികള്‍ "പണ"ത്തിന്റെ ബലത്തില്‍ ജനാധിപത്യത്തിന് വിലപറയുകയാണ് തമിഴ് മണ്ണിലെ ഈ മണ്ഡലത്തില്‍. 1.76 ലക്ഷം കോടി രൂപയുടെ ടൂജി സ്പെക്്ട്രം അഴിമതി ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകേണ്ട മണ്ഡലത്തില്‍ പക്ഷേ, ഉയര്‍ന്നുകേള്‍ക്കുന്നത് പണംകൊടുത്ത് വോട്ട് വാങ്ങുന്നതിന്റെയും പത്രിക തള്ളിച്ചതിന്റെയും പിന്നാമ്പുറക്കഥകളാണ്.
രാജ്യത്തെ പിടിച്ചുലച്ച ടൂജി സ്പെക്ട്രം അഴിമതിയില്‍ 15 മാസം ജയിലറയില്‍ കിടന്ന മുന്‍ കേന്ദ്രമന്ത്രി എ രാജയാണ് ഡിഎംകെയ്ക്കുവേണ്ടി രണ്ടാംതവണയും മണ്ഡലത്തില്‍ ജനവിധിതേടുന്നത്. ഭരണകക്ഷിയായ എഐഎഡിഎംകെയുടെ ഡോ. സി ഗോപാലകൃഷ്ണനാണ് മുഖ്യ എതിരാളി. കോണ്‍ഗ്രസിലെ ഗാന്ധി സെല്‍വനും ബിഎസ്പി, ആം ആദ്മി സ്ഥാനാര്‍ഥികളും ഉള്‍പ്പെടെ മറ്റ് ഏഴുപേരും മത്സരിക്കുന്നു. ബിജെപിയുള്‍പ്പെടെ അഞ്ച് പാര്‍ട്ടി സഥാനാര്‍ഥികളുടെ പത്രിക "തള്ളി"യതിനു പിന്നില്‍ "കോടി"കള്‍ ഒഴുക്കിയെന്നാണ് ജനസംസാരം. ഈ പാര്‍ട്ടികളില്‍ പെട്ടവരുടെ വോട്ടുകള്‍ സ്വന്തം പെട്ടിയിലാക്കാന്‍ ഡിഎംകെയും എഐഎഡിഎംകെയും കിടമത്സരത്തിലാണ്. ജനങ്ങള്‍ക്ക് മൊബൈല്‍ കൊടുത്തതിനും കുറഞ്ഞ ചെലവില്‍ ഫോണ്‍ ചെയ്യാന്‍ സംവിധാനം ഒരുക്കിയതിനുമാണ് രാജ ജയിലില്‍ കിടന്നതെന്ന ഡിഎംകെ പ്രചാരണം പലയിടത്തും ചിരി പടര്‍ത്തി. എന്നാല്‍, ഈ വിഷയം കാര്യമായ ചര്‍ച്ചയാക്കാന്‍ എഐഎഡിഎംകെയോ കോണ്‍ഗ്രസോ മുതിരുന്നില്ല.
ഗൂഢല്ലൂര്‍ മണ്ഡലത്തിലെ ഓവലിയിലുള്‍പ്പെടെ ആളുകള്‍ വോട്ട് ബഹിഷ്കരിക്കുന്നു. നീലഗിരി, കോയമ്പത്തൂര്‍, തിരുപ്പുര്‍, ഈറോഡ് എന്നീ ജില്ലകളിലെ ആറ് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് നീലഗിരി പാര്‍ലമെന്റ് മണ്ഡലം. ഗൂഢല്ലൂര്‍, കുന്നൂര്‍, ഉദഗമണ്ഡലം, ഭവാനിസാഗര്‍, മേട്ടുപ്പാളയം, അവിനാശി എന്നിവയാണ് നിയമസഭാ മണ്ഡലങ്ങള്‍.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പരിസ്ഥിതിലോല മേഖലയില്‍പ്പെട്ട ജനതയുടെ കുടിയിറക്ക് ഭീഷണി, ദേശീയ പാത 66ലെ രാത്രിയാത്രാ നിരോധനം, അയ്യായിരത്തോളം തൊഴിലാളികള്‍ ജോലിചെയ്തിരുന്ന ഹിന്ദുസ്ഥാന്‍ ഫോട്ടോ ഫിലിം ഫാക്ടറിയുടെ തകര്‍ച്ച തുടങ്ങി തൊട്ടാന്‍ പൊള്ളുന്ന പ്രശ്നങ്ങളെ കുറിച്ചും മിണ്ടുന്നില്ല. മുതുമല കടുവാസങ്കേതത്തിന്റെ പരിധി 659 ചതുരശ്ര കിലോമീറ്ററായി വര്‍ധിപ്പിച്ചതും ഗുരതര പ്രശ്നമാണ് ഉയര്‍ത്തിയിട്ടുള്ളത്. പട്ടയപ്രശ്നം, സെക്ഷന്‍ 17 കരിനിയമം എന്നിവയ്ക്ക് പരിഹാരം കാണാന്‍ സിപിഐ എം 10 പാര്‍ടികളുടെ വേദിയുണ്ടാക്കി ഗൂഢല്ലൂരില്‍ ഒരുലക്ഷം പേരുടെ മനുഷ്യച്ചങ്ങല തീര്‍ത്തിരുന്നു. ജനങ്ങളെ അണിനിരത്തി നൂറിലധികം പ്രക്ഷോഭങ്ങള്‍ നടത്തി. ഈ വിഷയങ്ങളെല്ലാം ഇപ്പോള്‍ പ്രധാന പാര്‍ടികള്‍ അവഗണിക്കുകയാണ്. പ്രചാരണത്തിന് പണം കൊടുത്താണ് ആളെ കൂട്ടുന്നത്. പൊതുയോഗങ്ങളില്‍ വോട്ടര്‍മാര്‍ക്ക് പരസ്യമായി പണം കൊടുക്കുകയാണ്. നീലഗിരിയിലെ വിജയം ജനാധിപത്യത്തിന്റേതല്ല പണാധിപത്യത്തിന്റേതായിരിക്കുമെന്ന് സിപിഐ എം നീലഗിരി ജില്ലാ സെക്രട്ടറിയറ്റ് അംഗം എന്‍ വാസു പറയുന്നു
വി ജെ വര്‍ഗീസ് deshabhimani
No comments:
Post a Comment