Wednesday, January 25, 2012

മുല്ലപ്പെരിയാര്‍ : അന്തിമറിപ്പോര്‍ട്ട് ഫെബ്രുവരി മൂന്നാംവാരം

ബോര്‍ഹോള്‍ പരിശോധന പരാജയം

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ശാസ്ത്രീയ ബലപരിശോധനയുടെ ഭാഗമായി ബോര്‍ഹോളുകളില്‍ ജലം നിറച്ചുള്ള പരിശോധനകള്‍ പൂര്‍ണ പരാജയം. അണക്കെട്ടിന്റെ മുകളില്‍ നിന്ന് താഴേക്ക് 780 അടി പോയിന്റില്‍ തുളച്ച ബോര്‍ഹോളിലാണ് വെള്ളം നിറച്ചുള്ള ഗാമാലോഗിങ്, ന്യൂട്രോണ്‍ ലോഗിങ് പരിശോധനകള്‍ നടന്നത്. സെന്‍ട്രല്‍ വാട്ടര്‍ പവര്‍ റിസര്‍ച്ച് സ്റ്റേഷനി(സിഡബ്ല്യൂപിആര്‍എസ്)ലെ വിദഗ്ധരുടെ നേതൃത്വത്തിലാണ് പരിശോധന. ബോര്‍ഹോളിലേക്ക് പലതവണ വെള്ളം പമ്പ് ചെയ്തെങ്കിലും ഒഴിക്കുന്ന വെള്ളം മുഴുവനും താഴേക്ക് ഊര്‍ന്ന് 22 മീറ്ററില്‍ നില്‍ക്കുകയായിരുന്നു. ഇതിനാല്‍ പൂര്‍ണ അളവിലെ പരിശോധന തുടക്കത്തിലേ പരാജയമായി.

ബോര്‍ഹോളിലെ ഏറ്റവും താഴെയുള്ള പാറയും കരിങ്കല്‍കെട്ടും ഉള്‍പ്പെടുന്ന 22 മീറ്റര്‍ ഭാഗത്താണ് വെള്ളം നില്‍ക്കുന്നത്. ഇതിന് മുകളില്‍ സുര്‍ക്കി കോണ്‍ക്രീറ്റിങ് ഭാഗം പൂര്‍ണമായും പൊള്ളയായതിനാല്‍ വെള്ളം ഒലിച്ചുപോയി. പരിശോധനകളുടെ റീഡീഗ് കംപ്യൂട്ടറില്‍ രേഖപ്പെടുത്തും. റിസര്‍ച്ച് ഓഫീസറായ ഡോ. റോളണ്ട്, ഫൗമിക്, ഗോവിന്ദ് പനവേല്‍ക്കര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടന്നത്. അണക്കെട്ടിലെ 780 അടി ഡ്രില്ലിങ് ഹോളില്‍ നടത്തേണ്ട ട്രെയ്സര്‍ ടെസ്റ്റും ബോര്‍ഹോള്‍ ലോഗിങിന്റെ ഭാഗമായുള്ള ഇതര പരിശോധനകളും ബുധനാഴ്ച നടക്കും. ബോര്‍ഹോളുകളില്‍ കളര്‍ ചേര്‍ത്ത രാസലായിനി നിറച്ച് നടത്തുന്നതാണ് ട്രെയ്സര്‍ ടെസ്റ്റ്. തുടര്‍ന്ന് ഗാലറിയിലൂടെയുള്ള അരിച്ചിറങ്ങുന്ന വെള്ളം ശേഖരിച്ച് പരിശോധന നടത്തും. വെള്ളം എത്താന്‍ എടുത്ത സമയം ഉള്‍പ്പെടെയുള്ള വിവരങ്ങളും ശേഖരിക്കും. പരിശോധന സിഡബ്ല്യൂപിആര്‍എസിന്റെ പുനെയിലുള്ള കേന്ദ്രത്തിലാണ് നടത്തുന്നത്. സുര്‍ക്കി പരിശോധനയും തുടരുകയാണ്.അണക്കെട്ടില്‍ ചൊവ്വാഴ്ച 475 അടി പോയിന്റില്‍ 142 അടി വരെ തുരന്നു. ബലപരിശോധനയ്ക്ക് വേണ്ടി 15 സെന്റീമീറ്റര്‍ നീളത്തിലെങ്കിലും സുര്‍ക്കി കോര്‍ ലഭിക്കണം. എന്നാല്‍ ഇതുവരെ ലഭിച്ചത് ചെറിയ കല്‍ക്കഷണങ്ങളായിരുന്നു.

മുല്ലപ്പെരിയാര്‍ : അന്തിമറിപ്പോര്‍ട്ട് ഫെബ്രുവരി മൂന്നാംവാരം

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്നത്തിന് പരിഹാരം നിര്‍ദേശിച്ചുള്ള അന്തിമറിപ്പോര്‍ട്ട് സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി ഫെബ്രുവരി മൂന്നാംവാരം സമര്‍പ്പിക്കും. അന്തിമറിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് ചൊവ്വാഴ്ച ഡല്‍ഹിയില്‍ യോഗം ചേര്‍ന്ന സമിതി പുതിയ അണക്കെട്ടടക്കം വിവിധ പ്രശ്നപരിഹാര മാര്‍ഗങ്ങള്‍ ചര്‍ച്ചചെയ്തു. യോഗം ബുധനാഴ്ചയും തുടരും. ഇടുക്കി, കുളമാവ് അണക്കെട്ടുകളുടെ സുരക്ഷാ വിവരങ്ങള്‍ അടങ്ങുന്ന റിപ്പോര്‍ട്ട് കേരളം ചൊവ്വാഴ്ച സമിതിക്ക് കൈമാറി. സമിതിയിലെ വിദഗ്ധാംഗം സി ഡി തട്ടെ ആവശ്യപ്പെട്ടതനുസരിച്ച് മുല്ലപ്പെരിയാര്‍ സെല്‍ ചെയര്‍മാന്‍ എം കെ പരമേശ്വരന്‍ നായരാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഇപ്പോള്‍ രണ്ടുദിവസങ്ങളിലായി ചേരുന്ന സമിതി അന്തിമറിപ്പോര്‍ട്ടിന്റെ കരടിന് രൂപം നല്‍കും. തുടര്‍ന്ന് ഫെബ്രുവരി 15ന് വീണ്ടും ചേര്‍ന്ന് റിപ്പോര്‍ട്ട് അന്തിമമായി അംഗീകരിക്കും. അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് കൈമാറും.

മുല്ലപ്പെരിയാറില്‍ ഇപ്പോള്‍ നടന്നുവരുന്ന പരിശോധനകള്‍ അന്തിമ റിപ്പോര്‍ട്ടിനെ ബാധിക്കില്ലെന്ന് ചൊവ്വാഴ്ച യോഗശേഷം കേരളത്തിന്റെ പ്രതിനിധി ജസ്റ്റിസ് കെ ടി തോമസ് പറഞ്ഞു. റിപ്പോര്‍ട്ട് തയ്യാറാക്കല്‍ അതിന്റെ വഴിക്ക് നടക്കുമെന്നും ഫെബ്രുവരി മൂന്നാംവാരംതന്നെ റിപ്പോര്‍ട്ട് കൈമാറുമെന്നും തോമസ് പറഞ്ഞു. ജനുവരി ആദ്യവാരം യോഗം ചേര്‍ന്ന ഉന്നതാധികാര സമിതിപ്രശ്നപരിഹാരത്തിന് പുതിയ അണക്കെട്ടെന്ന നിര്‍ദേശം ഗൗരവമായി പരിശോധിച്ചിരുന്നു. പുതിയ അണക്കെട്ട് വന്നാല്‍ നിയന്ത്രണാധികാരങ്ങളുടെയും മറ്റും കാര്യത്തില്‍ അഭിപ്രായം അറിയിക്കാന്‍ ഇരുസംസ്ഥാനങ്ങളോടും ആവശ്യപ്പെടുകയും ചെയ്തു. സ്വന്തം പ്രദേശത്ത് സ്വയം പണംമുടക്കി നിര്‍മിക്കുമെന്നതിനാല്‍ അണക്കെട്ടിന്റെ ഉടമസ്ഥാവകാശം വേണമെന്നാണ് കേരളം അറിയിച്ചത്. എന്നാല്‍ , വെള്ളം പങ്കുവയ്ക്കുന്നതില്‍ സ്വതന്ത്ര സംവിധാനമാകാമെന്ന് അറിയിക്കുകയും ചെയ്തു. കേന്ദ്രംകൂടി ഉള്‍പ്പെട്ട സമിതിയോ അതല്ലെങ്കില്‍ ആളിയാര്‍ - ശിരുവാണി മാതൃകയില്‍ ഇരുസംസ്ഥാനങ്ങളിലെയും എന്‍ജിനിയര്‍മാര്‍ ഉള്‍പ്പെട്ട സമിതിയോ ആകാമെന്നാണ് കേരളം അറിയിച്ചത്. പുതിയ അണക്കെട്ടിന്റെ ആവശ്യമില്ലാത്ത സാഹചര്യത്തില്‍ നിയന്ത്രണാധികാരങ്ങള്‍ സംബന്ധിച്ച് നിര്‍ദേശങ്ങള്‍ വയ്ക്കേണ്ടതില്ലെന്ന നിലപാടാണ് തമിഴ്നാട് സ്വീകരിച്ചത്.

deshabhimani 250112

1 comment:

  1. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ശാസ്ത്രീയ ബലപരിശോധനയുടെ ഭാഗമായി ബോര്‍ഹോളുകളില്‍ ജലം നിറച്ചുള്ള പരിശോധനകള്‍ പൂര്‍ണ പരാജയം. അണക്കെട്ടിന്റെ മുകളില്‍ നിന്ന് താഴേക്ക് 780 അടി പോയിന്റില്‍ തുളച്ച ബോര്‍ഹോളിലാണ് വെള്ളം നിറച്ചുള്ള ഗാമാലോഗിങ്, ന്യൂട്രോണ്‍ ലോഗിങ് പരിശോധനകള്‍ നടന്നത്. സെന്‍ട്രല്‍ വാട്ടര്‍ പവര്‍ റിസര്‍ച്ച് സ്റ്റേഷനി(സിഡബ്ല്യൂപിആര്‍എസ്)ലെ വിദഗ്ധരുടെ നേതൃത്വത്തിലാണ് പരിശോധന. ബോര്‍ഹോളിലേക്ക് പലതവണ വെള്ളം പമ്പ് ചെയ്തെങ്കിലും ഒഴിക്കുന്ന വെള്ളം മുഴുവനും താഴേക്ക് ഊര്‍ന്ന് 22 മീറ്ററില്‍ നില്‍ക്കുകയായിരുന്നു. ഇതിനാല്‍ പൂര്‍ണ അളവിലെ പരിശോധന തുടക്കത്തിലേ പരാജയമായി.

    ReplyDelete