Wednesday, August 15, 2012

നഴ് സുമാരുടെ ആത്മഹത്യാ ഭീഷണി; ഒത്തുതീര്‍പ്പ്, രാത്രിയോടെ വീണ്ടും സമരം


114 ദിവസമായി തുടരുന്ന സമരം ഒത്തുതീര്‍പ്പാക്കാത്തതില്‍ പ്രതിഷേധിച്ച് നഴ്സുമാരുടെ ആത്മഹത്യാ ഭീഷണി. കോതമംഗലം മാര്‍ബസേലിയോസ് മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലിലെ മുന്ന് നഴ്സുമാരാണ് ആശുപത്രികെട്ടിടത്തിന്റെ ഏഴാം നിലയ്ക്ക് മുകളില്‍ കയറി ഭീഷണി മുഴക്കിയത്. സന്ധ്യവരെ നീണ്ട സംഘര്‍ഷത്തിനും രണ്ടുവട്ടത്തെ ലാത്തിച്ചാര്‍ജ്ജിനും ശേഷം നഴ്സുമാര്‍ താഴെ ഇറങ്ങാന്‍ തയ്യാറായി. സമരം ഒത്തുതീര്‍ന്നതായി പ്രഖ്യാപനവും വന്നു എന്നാല്‍ രാത്രിയില്‍ ന ഴ് സുമാരെ ജോലിയില്‍ തിരികെ പ്രവേശിക്കാന്‍  മാനേജ് മെന്റ് അനുവദിച്ചില്ല. തുടര്‍ന്ന് നഴ്സുമാര്‍ സമരം പുനരാരംഭിച്ചു.

കവളങ്ങാട് സ്വദേശി പ്രിയ, കുറുപ്പംപടി സ്വദേശി വിദ്യ, ഉപ്പുകണ്ടം സ്വദേശി അനു എന്നിവരാണ് കെട്ടിടത്തിന് മുകളില്‍ കയറിയത്. വിദ്യാഭ്യാസ വായ്പ എടുത്ത തുക തിരിച്ചടക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് അനുവിന്റെ വീട് ജപ്തി ചെയ്യാന്‍ കഴിഞ്ഞ ദിവസം നോട്ടീസായിരുന്നു. നിര്‍ധന കുടുംബാംഗമാണ് അനു. നൂറുകണക്കിനാളുകള്‍ സ്ഥലത്ത് കൂടി. പൊലീസും ഫയര്‍ ഫോഴ്സും എത്തി. ഇത്രയും പ്രശ്നങ്ങളുണ്ടായിട്ടും ഇടപെടാത്ത മാനേജ് മെന്റ് നിലപാടില്‍ പ്രതിഷേധിച്ച് നാട്ടുകാരും നഴ്സുമാരും കൊച്ചി-ധനുഷ്കോടി ദേശീയപാത ഉപരോധിച്ചു. ജനങ്ങളെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. അതിനിടെ സമരത്തിലേര്‍പ്പെട്ടിരിക്കുന്ന നഴ്സുമാരെ കോതമംഗലം മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ ബി ജോര്‍ജ് ചവിട്ടിയതായി ആരോപണം ഉയര്‍ന്നു. സമരത്തിന് പിന്തുണയുമായി ആശുപത്രിയിലേക്ക് ഡിവൈഎഫ്ഐ മാര്‍ച്ച് നടത്തി.

സമരം ഒത്തുതീര്‍പ്പാക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് തൊഴില്‍മന്ത്രിയെ ഫോണില്‍ വിളിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. സമരത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനുളള നീക്കം നടപ്പില്ലെന്ന് ്രപ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സഭാസെക്രട്ടറിയും പ്രശ്നത്തില്‍ എത്രയും വേഗം ഇടപെടണമെന്ന് അദ്ദേഹംം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്ന് മുന്‍ ആരോഗ്യമന്ത്രി പി കെ ശ്രീമതി, ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ ശൈലജ എന്നിവരും ആവശ്യപ്പെട്ടു.

പ്രശ്നം പരിഹരിക്കാന്‍ ജില്ലാ ലേബര്‍ ഓഫീസറെ സ്ഥലത്തേക്ക് അയച്ചതായി മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു. ഇവരുടെ എല്ലാം ഇടപെടലോടെയാണ് രാത്രി ഏഴോടെ സമരം ഒത്തുതീര്‍പ്പായത്. എന്നാല്‍ മാനേജ് മെന്റ വീണ്ടും പിടിവാശി കാട്ടുകയായിരുന്നു. ആവശ്യത്തിന് നഴ്സുമാരെ നിയമിച്ച് നിയമപ്രകാരമുള്ള ഷിഫ്റ്റ് നടപ്പാക്കാന്‍ മാനേജ് മെന്റ് തയ്യാറാകാത്തതിനെതിരെയാണ് സമരം.

deshabhimani news

1 comment:

  1. 114 ദിവസമായി തുടരുന്ന സമരം ഒത്തുതീര്‍പ്പാക്കാത്തതില്‍ പ്രതിഷേധിച്ച് നഴ്സുമാരുടെ ആത്മഹത്യാ ഭീഷണി. കോതമംഗലം മാര്‍ബസേലിയോസ് മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലിലെ മുന്ന് നഴ്സുമാരാണ് ആശുപത്രികെട്ടിടത്തിന്റെ ഏഴാം നിലയ്ക്ക് മുകളില്‍ കയറി ഭീഷണി മുഴക്കിയത്. സന്ധ്യവരെ നീണ്ട സംഘര്‍ഷത്തിനും രണ്ടുവട്ടത്തെ ലാത്തിച്ചാര്‍ജ്ജിനും ശേഷം നഴ്സുമാര്‍ താഴെ ഇറങ്ങാന്‍ തയ്യാറായി. സമരം ഒത്തുതീര്‍ന്നതായി പ്രഖ്യാപനവും വന്നു എന്നാല്‍ രാത്രിയില്‍ ന ഴ് സുമാരെ ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ മാനേജ് മെന്റ് അനുവദിച്ചില്ല. തുടര്‍ന്ന് നഴ്സുമാര്‍ സമരം പുനരാരംഭി

    ReplyDelete