Wednesday, August 15, 2012

സത്‌നാമിന് രണ്ട് മുന്‍ഗാമികള്‍


അമൃതാനന്ദമയി ആശ്രമത്തില്‍ നിന്നും കസ്റ്റഡിയിലാവുകയും പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ദുരൂഹസാഹചര്യത്തില്‍ മരണമടയുകയും ചെയ്ത ബിഹാര്‍ സ്വദേശി സത്‌നംസിംഗ്, ഇത്തരത്തില്‍ ജീവിതമൊടുങ്ങിയ രണ്ടാമത്തെ ആളാണ്. ആശ്രമവുമായി ബന്ധപ്പെട്ട കേസില്‍ കസ്റ്റഡിയില്‍ കഴിയവെ മരണപ്പെടുന്ന മൂന്നാമത്തെ ആള്‍ കൂടിയാണ് സത്‌നംസിംഗ്.

കൊടുങ്ങല്ലൂര്‍ സ്വദേശിയായ മഠത്തില്‍പ്പറമ്പില്‍ വെള്ളാപ്പള്ളില്‍ നാരായണന്‍ കുട്ടി (37) യാണ് ദുരൂഹ സാഹചര്യത്തില്‍ മാനസികാരോഗ്യകേന്ദ്രത്തില്‍ മരണമടഞ്ഞ ആദ്യ ആള്‍. 1990 ഏപ്രില്‍ നാലിനാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നാരായണന്‍ കുട്ടി മരിച്ചത്. അതിന് രണ്ട് ദിവസം മുമ്പാണ് പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്നും ഗുരുതരാവസ്ഥയില്‍ നാരായണന്‍ കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്തരിക രക്തസ്രാവമായിരുന്നു മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ആറ് ദിവസങ്ങള്‍ക്കുശേഷമാണ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്.

ബ്യൂറോ ഓഫ് ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിറ്റിക്‌സിലെ ഉദ്യോഗസ്ഥനായിരുന്ന നാരായണന്‍ കുട്ടി ഭക്തിമാര്‍ഗം തേടി കുടുംബസമേതം വള്ളിക്കാവ് ആശ്രമത്തിലെത്തുകയായിരുന്നു. ഒരുതവണ നാട്ടിലേക്ക് മടങ്ങാന്‍ പണമില്ലാതിരുന്നപ്പോള്‍ സ്വന്തം വാച്ച് 700 രൂപയ്ക്ക് ഒരു ബ്രഹ്മചാരിക്ക് പണയപ്പെടുത്തിയാണ് പോയത്. നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ സ്വന്തം വീട് ആശ്രമത്തിലെ അന്തേവസികളായ ചില സന്യാസിമാര്‍ കയ്യേറിയിരിക്കുന്നതാണ് കണ്ടത്. ഇറങ്ങാന്‍ ആവശ്യപ്പെട്ടിട്ടും അവര്‍ കൂട്ടാക്കിയില്ല. ഒരാഴ്ചയ്ക്കുശേഷം പണയപ്പെടുത്തിയ വാച്ച് തിരികെ വാങ്ങാന്‍ ആശ്രമത്തിലെത്തിയ നാരായണന്‍ കുട്ടിക്ക് അന്തേവാസികളായ സന്യാസിമാരുടെ ക്രൂരമായ മര്‍ദ്ദനമേല്‍ക്കേണ്ടിവന്നു. മാനസികമായും ശാരീരികമായും അവശനിലയിലായ നാരായണന്‍ കുട്ടിക്ക് നാട്ടിലേക്ക് മടങ്ങാന്‍ സ്ഥലത്തെ ചില യുവാക്കളാണ് പണം സംഘടിപ്പിച്ചു നല്‍കിയത്. നാട്ടിലേക്ക് മടങ്ങാനൊരുങ്ങിയ അദ്ദേഹത്തെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റുചെയ്തു. ആശ്രമത്തിന്റെ ചുമതലക്കാരനായിരുന്ന ഒരു രമേശ് റാവുവിന്റെ പരാതിയിന്മേലായിരുന്നു അറസ്റ്റ്. ആശ്രമത്തില്‍ അതിക്രമിച്ചുകയറി സമാധാനഭംഗമുണ്ടാക്കി എന്നായിരുന്നു പരാതി.

കരുനാഗപ്പള്ളി ജുഡീഷ്യല്‍ ഫസ്റ്റ്കഌസ് മജിസ്‌ട്രേട്ടിന്റെ ഉത്തരവ് പ്രകാരം നാരായണന്‍ കുട്ടിയെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 1990 ഫെബ്രുവരി 16 ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നാരായണന്‍ കുട്ടിയെ പിന്നീട് പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. സി പി ഐ നേതാവായിരുന്ന അന്തരിച്ച വി വി രാഘവന്റെ അടുത്ത ബന്ധുവായിരുന്ന നാരായണന്‍ കുട്ടിയുടെ മരണം വന്‍ വിവാദമാകുകകയും ഉന്നതതലത്തിലുള്ള അന്വേഷണത്തിന് ആവശ്യമുയരുകയും ചെയ്തിരുന്നു. എന്നാല്‍ തുടര്‍നടപടികളൊന്നും ഉണ്ടാകാത്ത സാഹചര്യത്തില്‍ മരണം ദുരൂഹമായിത്തന്നെ തുടരുകയാണ്.

അമൃതാനന്ദമയിയുടെ അടുത്ത ബന്ധുവും മത്സ്യത്തൊഴിലാളിയുമായിരുന്ന പ്രദീപ് കുമാറാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയവെ മരണപ്പെട്ട മറ്റൊരാള്‍. 1994 ഓഗസ്റ്റ് 17 നായിരുന്നു സംഭവം. അമൃതാനന്ദമയിയുടെ നിര്‍ദേശപ്രകാരമായിരുന്നു പ്രദീപ് കുമാറിന്റെ വിവാഹം. എന്നാല്‍ പണത്തിന്റെയും സ്വര്‍ണത്തിന്റെയും പേരില്‍ അമൃതാനന്ദമയിയുടെ പിതാവ് സുഗുണാനന്ദനുമായി വഴക്കുണ്ടായി. അതിനുശേഷം കൊച്ചിഫിഷിംഗ് ഹാര്‍ബറിലേക്ക് ജോലിക്കുപോയ പ്രദീപ് കുമാറിനെ വെള്ളൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത് ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. കസ്റ്റഡിയില്‍ കഴിയവെ കോട്ടയം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലാണെന്ന കമ്പിസന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് പാഞ്ഞെത്തിയ ബന്ധുക്കള്‍ക്ക് മോര്‍ച്ചറിയില്‍ കിടത്തിയിട്ടുള്ള മൃതദേഹമാണ് കാണാന്‍ കഴിഞ്ഞത്. ആശ്രമവുമായി ബന്ധപ്പെട്ടുള്ള ഒട്ടേറെ ദുരൂഹമരണങ്ങളിലൊന്നായി അതും അവശേഷിച്ചു.

മാനസികാരോഗ്യകേന്ദ്രത്തില്‍ വച്ചാണ് നാരായണന്‍ കുട്ടിക്ക് മരണഹേതുവായ പരുക്കുകളേറ്റതെന്നതാണ് സത്‌നംസിംഗിന്റെ മരണത്തിലെ ദുരൂഹത വര്‍ധിപ്പിക്കുന്നത്. മാനസികാരോഗ്യ കേന്ദ്രത്തില്‍ ആക്രമണ സ്വഭാവം കാട്ടുന്ന രോഗികള്‍ ഏറെയുണ്ടാകുമെങ്കിലും അവര്‍ക്കാര്‍ക്കും സത്‌നംസിംഗിന്റെ ഗതിയുണ്ടായിട്ടില്ല. വള്ളിക്കാവ് ആശ്രമത്തില്‍ അമൃതാനന്ദമയിയുടെ 'ദര്‍ശനവേള'യില്‍ അലങ്കോലമുണ്ടാകുന്നത് ഇതാദ്യമല്ല. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരാള്‍ ദര്‍ശനവേദിയിലേക്ക് ചാടിക്കയറിയത് വധശ്രമമായി ചിത്രീകരിക്കപ്പെടുകയും സുരക്ഷാ നടപടികള്‍ ശക്തിപ്പെടുത്തുകയും ചെയ്തിരുന്നു. ആശ്രമത്തില്‍ ഒട്ടേറെ മനോരോഗികള്‍ എത്തുകയും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. ദുരൂഹമരണത്തിനിരയായ പലരും മനോരോഗികളായിരുന്നുവെന്ന് ആശ്രമം അധികൃതര്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഏറ്റവുമൊടുവില്‍ മരണപ്പെട്ട ഫ്രഞ്ച് യുവതിയുടെ കാര്യത്തിലും അതാണുണ്ടായത്. സത്‌നംസിംഗിന്റെ സംഭവത്തെ തുടര്‍ന്ന് വളരെ രൂക്ഷമായ ഭാഷയിലാണ് അമൃതാനന്ദമയിയുടെ പ്രഥമശിഷ്യനും ആശ്രമത്തിന്റെ നിയന്ത്രണം കൈയ്യടക്കിയിട്ടുള്ള ആളുമായ അമൃതസ്വരൂപാനന്ദ പ്രതികരിച്ചതെന്ന വസ്തുതയും സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

janayugom 150812

3 comments:

  1. അമൃതാനന്ദമയി ആശ്രമത്തില്‍ നിന്നും കസ്റ്റഡിയിലാവുകയും പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ദുരൂഹസാഹചര്യത്തില്‍ മരണമടയുകയും ചെയ്ത ബിഹാര്‍ സ്വദേശി സത്‌നംസിംഗ്, ഇത്തരത്തില്‍ ജീവിതമൊടുങ്ങിയ രണ്ടാമത്തെ ആളാണ്. ആശ്രമവുമായി ബന്ധപ്പെട്ട കേസില്‍ കസ്റ്റഡിയില്‍ കഴിയവെ മരണപ്പെടുന്ന മൂന്നാമത്തെ ആള്‍ കൂടിയാണ് സത്‌നംസിംഗ്.

    ReplyDelete
  2. ithanu mone yadhaetha manja ppathram........... nalla kadha undakki eduthirikkunnu.... thangkalkkonnum vere pani ille.... ithetho cinimayil ninnum adichu mattiya bhagama......

    ReplyDelete
  3. ഡിക്ലറേറ്റീവ് സ്റ്റേറ്റ്മെന്റുകള്‍ ഇവിടെ എടുക്കുന്നില്ല..വസ്തുത സഹിതം താങ്കളുടെ പോയിന്റ് വിശദമാക്കുക..

    ReplyDelete