മൂന്ന് മാസം മുമ്പുതന്നെ നടപടി ശക്തമാക്കിയെങ്കിലും ഇന്ത്യന്‍ എംബസി തിരിഞ്ഞുനോക്കിയില്ലെന്ന് കൊല്ലം ശൂരനാട്ടെ ജലീല്‍ ഹനീഫ പറയുന്നു. ജോലിക്കിടെ കെട്ടിടത്തിന് മുകളില്‍നിന്ന് വീണ് പരിക്കേറ്റ യുവാവ് ഒപ്പം ജയിലില്‍ ഉണ്ടായിരുന്നതായി കാസര്‍കോട് ചെറുവത്തൂരിലെ റഫീഖ് പറഞ്ഞു. തിങ്ങിനിറഞ്ഞ ജയിലില്‍ വേദന സഹിക്കാനാകാതെ അവന്‍ പുളയുകയായിരുന്നെന്നും റഫീഖ് വെളിപ്പെടുത്തുന്നു. ""അബ്ബാസിയ ജയിലില്‍ 27 ഏഴ് സെല്ലുകള്‍ സ്ത്രീകള്‍ക്കുള്ളതാണ്. മലയാളികള്‍ അടക്കമുള്ള വനിതകള്‍ ധരിച്ച വസ്ത്രങ്ങള്‍പോലും മാറാതെയാണ് മാസങ്ങളായി കഴിയുന്നത്. രാത്രികളില്‍ അവരുടെ കരച്ചില്‍ ഞങ്ങളുടെ മുറികളിലേക്കെത്തും. ജയിലുകള്‍ ഇരുട്ടറകളാണ്. നിസ്കരിക്കാന്‍ അനുവാദമുണ്ട്. അതിനായി പുറത്തിറങ്ങുമ്പോഴാണ് വെളിച്ചം കാണുക""- റഫീഖ് പറഞ്ഞു.
ഡയാലിസിസ് ചെയ്യുന്ന ബാപ്പയുടെ ചികിത്സയ്ക്ക് പണം കണ്ടെത്താനാണ് കോഴിക്കോട് നാദാപുരത്തെ റിയാസ് കുവൈത്തില്‍ എത്തിയത്. അവിടെ വീട്ടുജോലിയായിരുന്നു. അറബിക്ക് വേണ്ടിസാധനങ്ങള്‍ വാങ്ങാന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ പോകവെയാണ് റിയാസിനെ പിടികൂടിയത്. പൊലീസ് തേടിനടക്കുന്ന പ്രതികളുടെ പട്ടികയില്‍ റിയാസിന്റെ പേരും ഉള്‍പ്പെടുത്തി. ജോലിക്കായി നിന്ന വീട്ടുകാര്‍ കൈയൊഴിഞ്ഞതോടെ റിയാസിന് ജീവിതത്തില്‍ ഇരുള്‍ നിറഞ്ഞു. ബാപ്പ മരിച്ചതോടെ ഒറ്റപ്പെട്ടുപോയ ഉമ്മയെയും അനുജനെയും ഫോണില്‍ ബന്ധപ്പെടാന്‍പോലും അനുമതിയില്ല. ജോലിസ്ഥലങ്ങളില്‍നിന്ന് മടങ്ങുമ്പോഴാണ് നേരത്തെ മിക്കവരും പിടിയിലായത്. ഇപ്പോള്‍ താമസസ്ഥലങ്ങളില്‍നിന്ന് വാതില്‍ ചവിട്ടിപ്പൊളിച്ച് ഇന്ത്യക്കാരെ ജയിലുകളിലേക്ക് കൊണ്ടുപോകുകയാണ്. കുവൈത്തില്‍ വിമാനമിറങ്ങുന്നവരെയും മടക്കയാത്രക്കായി എയര്‍പോര്‍ട്ടില്‍ എത്തുന്നവരെയും പിടികൂടുന്നതും സാധാരണം- കൊല്ലം ശൂരനാട്ടെ ഹനീഫ പറഞ്ഞു. തിരിച്ചെത്തിയവര്‍ ശരിയായി ഉറങ്ങിയിട്ട് ദിവസങ്ങളായിരുന്നു. പേഴ്സുകള്‍ കാലിയായിരുന്നു. ആഴ്ചകളായി വസ്ത്രംപോലും മാറിയിട്ടില്ലാത്ത അവസ്ഥയിലായിരുന്നു പലരും.
deshabhimani
No comments:
Post a Comment