Monday, February 17, 2014

നിര്‍ഭയ തട്ടിപ്പ് : 12000 മഹിളാ കോണ്‍ഗ്രസുകാരെ തിരുകിക്കയറ്റും

സ്ത്രീസുരക്ഷയ്ക്കെന്ന പേരില്‍ ധൃതിപിടിച്ച് തുടങ്ങിയ നിര്‍ഭയപദ്ധതിയുടെ മറവില്‍ 12,000 മഹിളാ കോണ്‍ഗ്രസുകാരെ വഴിവിട്ട് നിയമിക്കാന്‍ തീരുമാനം. വിവരശേഖരണത്തിനുള്ള വനിതാ വളന്റിയര്‍മാര്‍ എന്ന പേരിലാണ് മഹിളാ കോണ്‍ഗ്രസുകാരെ നിയമിക്കുന്നത്. ന്യൂനപക്ഷ സംരക്ഷണത്തിനുള്ള കോ- ഓര്‍ഡിനേറ്റര്‍മാരായി ലീഗുകാരെ തിരുകിക്കയറ്റിയ അതേ മാതൃകയിലാണ് പുതിയ നിയമനവും.

മഹിളാ കോണ്‍ഗ്രസും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും നല്‍കുന്ന ലിസ്റ്റില്‍നിന്നും എം എം ഹസ്സന്റെ സ്വകാര്യ സംരംഭമായ ജനശ്രീമിഷനില്‍നിന്നും വളന്റിയര്‍മാരെ നിയമിക്കാനാണ് തീരുമാനം. കേന്ദ്രവിഹിതമായ 70 കോടി രൂപയ്ക്കു പുറമെ സംസ്ഥാന സര്‍ക്കാര്‍ ഏഴുകോടി രൂപകൂടി വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 12,000 വളന്റിയര്‍മാര്‍ക്ക് പ്രതിമാസം 5,000 രൂപവീതം നല്‍കും. ഇതിലൂടെ ഒരു മാസം ആറുകോടി രൂപ അനുസരിച്ച് ഈ വര്‍ഷത്തെ ആകെ വിഹിതമായ 77 കോടിയില്‍ 72 കോടിയും പാര്‍ടിക്കാര്‍ക്ക് വീതിച്ച് നല്‍കാനാണ് പരിപാടി. അവശേഷിക്കുന്ന അഞ്ചുകോടി ഭരണച്ചെലവ് എന്ന പേരില്‍ ധൂര്‍ത്തടിക്കും.

പദ്ധതിക്കായി ഔദ്യോഗികമായി സര്‍ക്കാര്‍ ഇതുവരെ ചെയ്തത് നോഡല്‍ ഓഫീസറായി എഡിജിപി ആര്‍ ശ്രീലേഖയെ നിയോഗിച്ചതുമാത്രമാണ്. വളന്റിയര്‍മാരെ നിയമിക്കുന്നതിനുള്ള നടപടി രഹസ്യമായി ആഭ്യന്തരമന്ത്രിയുടെ ഓഫീസില്‍ നടക്കുന്നു. നിയമിക്കുന്ന വളന്റിയര്‍മാരെ ആദ്യഘട്ടം യുഡിഎഫ് തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഉപയോഗിക്കും. തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ സജീവമാകുന്നവര്‍ക്കുമാത്രമേ തുടര്‍നിയമനം നല്‍കൂ. വീടുകളില്‍ കയറിയിറങ്ങിയുള്ള വിവരശേഖരണമാണ് നിര്‍ഭയപദ്ധതിയുടെ ഭാഗമായി വളന്റിയര്‍മാര്‍ ചെയ്യുകയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനദിവസം പറഞ്ഞിരുന്നു.

ഗാര്‍ഹികാതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളില്‍ ശക്തമായ ഇടപെടലുകള്‍ വേണ്ടിടത്താണ് വിവരശേഖരണം മാത്രമായി കേരളത്തിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഒതുക്കുന്നത്. കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് വനിതാ കമീഷന്‍ മുഖേന പഞ്ചായത്ത്-മുനിസിപ്പല്‍ തലത്തിലും വാര്‍ഡുതലത്തിലും സ്ത്രീ ജാഗ്രതാ സമിതികള്‍ രൂപീകരിച്ചത് ഇതിന്റെ ഭാഗമായിരുന്നു. ചെന്നിത്തല പറയുന്നതുപോലെയുള്ള വിവരങ്ങള്‍ ഈ ജാഗ്രതാ സമിതികള്‍ ശേഖരിച്ചിട്ടുമുണ്ട്. ഭരണമാറ്റത്തോടെ ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം നിലച്ചു. വനിതാ കമീഷന്‍പോലും നോക്കുകുത്തിയായി. സ്ത്രീകള്‍ക്ക് നേരെ മുമ്പെങ്ങുമില്ലാത്തവിധം അതിക്രമങ്ങള്‍ വര്‍ധിച്ചു.

ഇതൊന്നും തടയാന്‍ നടപടി സ്വീകരിക്കാതെയാണ് ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ധൃതിപിടിച്ച് പദ്ധതി തുടങ്ങുന്നത്. പദ്ധതിയുടെ ഉദ്ഘാടനമാമാങ്കത്തിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കൊണ്ടുവന്നതും തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള രാഷ്ട്രീയക്കളിയാണ്. പദ്ധതി നടപ്പാക്കുന്നതോടെ കേരളത്തില്‍ എവിടെയും ഏതു സമയത്തും സ്ത്രീകള്‍ക്ക് നിര്‍ഭയം സഞ്ചരിക്കാന്‍ കഴിയുമെന്നാണ് സോണിയ ഗാന്ധി ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞത്. ഭരിക്കുന്ന പാര്‍ടിയുടെ ഓഫീസില്‍ സ്ത്രീയെ ബലാത്സംഗംചെയ്ത് കൊന്ന കേസ് അട്ടിമറിക്കാന്‍ ഭരണതലത്തില്‍ത്തന്നെ ഗൂഢാലോചന നടക്കുന്നതിനിടയിലാണ് സ്ത്രീസുരക്ഷയെന്ന പേരില്‍ മറ്റൊരു തട്ടിപ്പിന് തയ്യാറാകുന്നതും.

എം രഘുനാഥ് deshabhimani

No comments:

Post a Comment