Monday, February 17, 2014

ബിജെപിക്കെതിരെ ഒന്നും മിണ്ടാതെ സോണിയ

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുന്നോടിയായുള്ള സംസ്ഥാന കണ്‍വെന്‍ഷനില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ബിജെപിക്കെതിരെ മൗനം പാലിച്ചത് ബോധപൂര്‍വം. ദേശീയ രാഷ്ട്രീയത്തില്‍ തങ്ങളുടെ മുഖ്യശത്രുവെന്ന് അവകാശപ്പെടുന്ന ബിജെപിയെ കുറിച്ച് സോണിയ പങ്കെടുത്ത മറ്റ് രണ്ട് പരിപാടികളിലും ഒന്നും മിണ്ടാതിരുന്നതും രണ്ട് പാര്‍ടികളും പരസ്പരം പുലര്‍ത്തുന്ന "വിശാസ"ത്തിന്റെ തെളിവ്. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്ന നരേന്ദ്രമോഡി ദിവസങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ എത്തിയപ്പോഴും കോണ്‍ഗ്രസിനെതിരെ മൗനം പാലിച്ചിരുന്നു.

കേരളത്തിലെ ബിജെപി വോട്ട് പതിവ് പോലെ കിട്ടാനുള്ള കോണ്‍ഗ്രസ് തന്ത്രമാണ് സോണിയയുടെ പ്രസംഗം. കമ്യൂണിസ്റ്റ് പാര്‍ടികളെ അധിക്ഷേപിക്കാന്‍ മാത്രം അവസരമുപയോഗിച്ച സോണിയ കോണ്‍ഗ്രസില്‍ ഇനി ഗ്രൂപ്പുണ്ടാകില്ലെന്ന് പറഞ്ഞും അപഹാസ്യയായി. ഹൈക്കമാന്‍ഡ് ഒത്താശയോടെ കെപിസിസി നേതൃത്വത്തെ ഹൈജാക്ക് ചെയ്ത ന്യ ജനറേഷന്‍ നേതൃത്വം പ്രസംഗിക്കുകയായിരുന്നുവെന്നാണ് ഇതേക്കുറിച്ച് എ-ഐ ഗ്രൂപ്പ് നേതാക്കളുടെ നിലപാട്. ഇനി ഗ്രൂപ്പില്ലെന്ന് സോണിയ പ്രസംഗിച്ച് 24 മണിക്കൂര്‍ തികയുന്നതിന് മുമ്പാണ് കെപിസിസി ജനറല്‍ സെക്രട്ടറി കൂടിയായ കെ സുധാകരന്‍ എംപി അതിനെതിരെ രംഗത്തുവന്നത്.

സോണിയയുടേത് കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ അന്തിമ വാക്കാണെങ്കില്‍ സുധാകരനെതിരെ നടപടി എടുക്കേണ്ടി വരും. എന്നാല്‍ അതിനുള്ള കെല്‍പ് നേതൃത്വത്തിനില്ല. പാര്‍ടിക്ക് സമാന്തരമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പും ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് കൂടുതല്‍ ദുര്‍ബലമാവുകയും ചെയ്യുകയാണ്. ഇടതുപക്ഷം എതിര്‍ത്തതുകൊണ്ടാണ് വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടതെന്ന സോണിയയുടെ പ്രസംഗം കേരളത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടതിന്റെ കുറ്റസമ്മതമായേ കണക്കാക്കാനാകൂ.

റെയില്‍വെ സോണ്‍, പാലക്കാട് കോച്ച് ഫാക്റ്ററി, വിഴിഞ്ഞം അന്തരാഷ്ട്ര തുറമുഖം, ഐഐടി, എയര്‍ കേരള പദ്ധതി, സീ പെയിന്‍ പദ്ധതി തുടങ്ങി കേരളത്തിന് അര്‍ഹമായ ഒട്ടേറെ പദ്ധതികളും വികസന പ്രവര്‍ത്തനങ്ങളുമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ കടുത്ത വീഴ്ച കാരണം യാഥാര്‍ഥ്യമാകാത്തത്. അതിന് ഇടതുപക്ഷത്തെ പഴിച്ച് രക്ഷനേടാനുള്ള ശ്രമമായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂ. അതോടൊപ്പം ഉമ്മന്‍ചാണ്ടിയുടെ നേതൃതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ കേരളത്തില്‍ ഒന്നും ചെയ്തില്ലെന്ന സാക്ഷ്യപത്രവുമായി. പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കല്‍, ക്ഷേമ-പെന്‍ഷന്‍ പദ്ധതികള്‍ അട്ടിമറിക്കല്‍ തുടങ്ങി തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കുമെതിരായ ദ്രോഹ നടപടികള്‍ സ്വീകരിച്ചിട്ടും തൊഴിലാളികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് തങ്ങളാണെന്ന സോണിയയുടെ പ്രസ്താവന ഐഎന്‍ടിയുസി നേതാക്കള്‍ പോലും നാണക്കേടോടെയാണ് കേട്ടത്.

ആരോഗ്യ- റവന്യു വകുപ്പുകളെ സോണിയ അഭിനന്ദിച്ചതും തമാശയായി. എല്‍ഡിഎഫ് ഭരണകാലത്ത് കൈവരിച്ച നേട്ടങ്ങളെല്ലാം ആയിരം നാള്‍കൊണ്ട് താറുമാറാക്കിയതാണ് ആരോഗ്യമേഖലയിലെ നേട്ടം. ഭൂരഹിതരില്ലാത്ത കേരളം പദ്ധതി ഏതാനും മാസം മുമ്പ് സോണിയയെക്കൊണ്ട് തലസ്ഥാനത്ത് ഉദ്ഘാടനം ചെയ്യിപ്പിച്ചതാണ് റവന്യൂ വകുപ്പിന്റെ "നേട്ടം". എന്നാല്‍ സോണിയ നേരിട്ട് പട്ടയം കൊടുത്തവര്‍ പോലും മാസങ്ങളായി ഭൂമി കിട്ടാന്‍ നെട്ടോട്ടമോടുകയാണ്. തിരുവനന്തപുരത്തെ മാതൃകാ തലസ്ഥാനമാക്കിയെന്നും സോണിയ പറയുന്നു. മാലിന്യ നീക്കം പോലും തടസ്സപ്പെടുത്തുകയും മാലിന്യ സംസ്കരണ പദ്ധതികള്‍ അട്ടിമറിച്ചും നഗരത്തെ മാലിന്യമയമാക്കിയാണ് മാതൃകാ തലസ്ഥാനമാക്കിയതെന്ന് സോണിയ അറിഞ്ഞില്ല.

deshabhimani

No comments:

Post a Comment