Sunday, February 16, 2014

ആദര്‍ശ പാഷാണം

തൃശൂര്‍ ജില്ലയിലെ അന്തിക്കാട്ട് പടിയം ഗ്രാമത്തിലെ വി എസ് മാമയുടെ മകനാണ്. 1948 മെയ് 26ന് ലോകചരിത്രത്തില്‍ വിശേഷിച്ച് ഒന്നും സംഭവിച്ചിട്ടില്ല; വി എസ് മാമ-ഗിരിജ ദമ്പതികള്‍ക്ക് സുധീരനായ പുത്രന്‍ ജന്മമെടുത്തതൊഴിച്ച്. ജനനസമയത്ത് ആദര്‍ശനക്ഷത്രം ആകാശത്തിന്റെ ഒരുഭാഗത്തും തിളങ്ങിയിരുന്നുമില്ല. കാരണം, അന്ന് കറുത്ത വാവായിരുന്നു. കെഎസ്യുവിലൂടെയാണ് രാഷ്ട്രീയ പ്രവേശം. ഉജാലയും റിവൈവും ഇല്ലാത്ത കാലമായതിനാല്‍ കട്ടിനീലം കലക്കിയ കഞ്ഞിമുക്കി വടിപ്പരുവത്തിലാക്കിയ ഖദറായിരുന്നു പ്രചാരത്തില്‍. ഇന്ദിരയാണ് അന്ന് "ഇന്ത്യ". അടിയന്തരാവസ്ഥ എത്തിയപ്പോള്‍ സുധീരന്‍ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ്.

സെന്‍സര്‍ഷിപ്പും അര്‍ധഫാസിസവും ഗുണ്ടായിസവും കൂട്ടിക്കുഴച്ച് യൂത്ത് കോണ്‍ഗ്രസ് ഭക്ഷണം കഴിച്ച കാലത്ത് പ്രധാന വിളമ്പുകാരനും കഴിപ്പുകാരനുമായി സുധീരം നായകസ്ഥാനത്തിരുന്നു. അക്കാലത്ത് ആദര്‍ശത്തിന്റെ അസുഖം ഇത്രയ്ക്കൊന്നുമുണ്ടായിരുന്നില്ല. പത്രപ്രവര്‍ത്തകരുമായി നല്ല ബന്ധം, അവര്‍ക്ക് ചായ, കാണുമ്പോള്‍ കുശലം- അതിന്റെ പ്രതിഫലമായി പേരും ചിത്രവും അച്ചടിച്ചു വരും. അങ്ങനെ കൊടുക്കല്‍ വാങ്ങല്‍ അടിസ്ഥാനത്തില്‍ ജീവിതം കടന്നുപോയി. ആയിടയ്ക്കാണ് വിമതശബ്ദത്തിന്റെ മഹത്വം മനസ്സിലാക്കിയത്. നിശബ്ദ സദസ്സില്‍ എണീറ്റുനിന്ന് കൂവിയാല്‍ ശ്രദ്ധിക്കപ്പെടും. പട്ടി മനുഷ്യനെ കടിച്ചാല്‍ വാര്‍ത്തയല്ല. തിരിച്ചായാല്‍ വന്‍ വാര്‍ത്ത. വാര്‍ത്ത സൃഷ്ടിക്കാന്‍ അങ്ങനെ എന്തും കടിക്കാമെന്നായപ്പോള്‍, അത് ആദര്‍ശത്തിന്റെ മഹാവ്യാധിയാണെന്ന് വ്യാഖ്യാനിക്കപ്പെട്ടു. കോണ്‍ഗ്രസിന്റെ ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച് സ്പീക്കറായപ്പോള്‍ കോണ്‍ഗ്രസിന്റെതന്നെ മുഖ്യമന്ത്രിക്കെതിരെയായി ആദര്‍ശത്തിന്റെ പാര പ്രയോഗിച്ചു. സീറ്റുകിട്ടാന്‍ പാര്‍ടി, വോട്ടുചെയ്യാന്‍ പാര്‍ടി, സ്ഥാനം കിട്ടാന്‍ പാര്‍ടി, പാരവയ്ക്കാനും പാര്‍ടി. അച്ഛനെ തെറിവിളിക്കുന്നതും അമ്മയെ തല്ലുന്നതുമാണ് സംശുദ്ധ രാഷ്ട്രീയപ്രവര്‍ത്തനം എന്ന് കരുതുന്നവര്‍ക്ക് എന്നത്തേക്കുമുള്ള മാതൃകയാണ്. നാട്ടിലെ എല്ലാ കുഴപ്പവും കാട്ടിക്കൂട്ടുന്ന കോണ്‍ഗ്രസിനകത്തുനിന്ന് അതിനെ വിമര്‍ശിക്കുക. മാനംമര്യാദയ്ക്ക് ഇറങ്ങിപ്പോയി ഈ അഴിമതിപ്പാര്‍ടിയെ വേണ്ട എന്ന് പറഞ്ഞിരുന്നെങ്കില്‍ അതിനെ ചങ്കൂറ്റം എന്ന് വിളിക്കാമായിരുന്നു. കടുത്ത പരിസ്ഥിതി വാദിയാണ്- ആറന്മുള വിമാനത്താവളത്തിന്റെ വയല്‍നികത്താന്‍ ഇനി കാര്‍മികനാകണം. അഴിമതി വിരുദ്ധനാണ്- ഹവാല മാഫിയയെ വരച്ച വരയില്‍ നിര്‍ത്തുന്ന കോടാലി ശ്രീധരന്റെ ഉറ്റസുഹൃത്തുമാണ്. ആദര്‍ശ ധീരനാണ്- 2ജി സ്പെക്ട്രത്തെക്കുറിച്ച് മിണ്ടാറില്ല. നിഷ്കാമ കര്‍മിയാണ്- നിഷ്കര്‍മ കാമിയുമാണ്. ഒരുതുള്ളി പാഷാണം വീണാല്‍ ഒരുകുടം പായസം വിഷമാകും. ഒരു തുള്ളി ആദര്‍ശം വീണാല്‍ ഒരുകുടം പാഷാണം പായസമാകുമെന്ന തിയറി അന്തിക്കാട്ടാണുണ്ടായത്. കോണ്‍ഗ്രസിന്റെ രക്ഷയ്ക്കുള്ള അവതാരം താന്‍, താന്‍ മാത്രമെന്നും താനല്ലാതാരുണ്ടിവിടെയെന്നും ചോദിക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പരസ്പരം നോക്കിയിരിക്കുന്നതിലാണ് കൗതുകം.

പറഞ്ഞുവച്ച പലതുമുണ്ട്. ആര്‍എസ്പിയിലെ ചന്ദ്രചൂഡനെപ്പോലെ പറച്ചിലിലാണ് കാര്യം. ആറുമാസം അമേരിക്കയില്‍. തിരിച്ച് വിമാനമിറങ്ങിയാല്‍ ഇരിക്കുന്ന കൊമ്പില്‍ നാലുവട്ടം ആഞ്ഞുവെട്ടും. അതാണ് അന്നത്തെ വാര്‍ത്തയും വിവാദവും. പിന്നെ ആറുമാസം മിണ്ടാതിരുന്നാലും പ്രശ്നമില്ല. ഇന്നലെവരെ സ്വന്തം പാര്‍ടിക്കെതിരെ പറയുന്നതായിരുന്നു ആദര്‍ശമെങ്കില്‍ ഇനി തനിക്കെതിരെതന്നെ പറയേണ്ടിവരും. കണ്ണാടിയില്‍ സ്വന്തം മുഖത്തിനു പകരം ഇനി തെളിയുക അഴിമതിയുടെയും തട്ടിപ്പിന്റെയും കാപട്യത്തിന്റെയും പ്രതിച്ഛായയാണ്. അത്തരം അഴുക്കിന്റെ സമാഹാരമായ പാര്‍ടിയെ വെള്ളക്കുപ്പായമിട്ട് നയിക്കാന്‍ ചില്ലറ ആദര്‍ശമൊന്നും പോരാ. കോണ്‍ഗ്രസിന് നല്ലകാലം വരുന്നുവെന്ന് പറയുന്നവരാണ് മിടുക്കന്മാര്‍. പാര്‍ടിയാണോ നേതാവാണോ വലുത് എന്ന് ഇനി ഖദറിട്ട ചോദ്യം വരും. ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും കുഴിച്ച കുഴിയില്‍ വീഴുന്നതാണ് കാണാന്‍ പോകുന്ന പൂരം.

സൂക്ഷ്മന്‍ deshabhimani varanthapathipp

No comments:

Post a Comment