Thursday, February 13, 2014

നിരക്കുവര്‍ധന അപ്പപ്പോള്‍

നിരക്കുവര്‍ധനയുടെ ഉത്തരവാദിത്തം റെയില്‍ താരിഫ് അതോറിറ്റിക്ക് വിട്ടുകൊടുത്ത ഇടക്കാല റെയില്‍ബജറ്റില്‍ സ്വകാര്യവല്‍ക്കരണത്തിനും നിര്‍ദേശം. ഇന്ധനവില ഉയരുന്നതനുസരിച്ച് ട്രെയിന്‍ യാത്രാനിരക്കും ചരക്കുകടത്ത് കൂലിയും വര്‍ധിക്കും. റെയില്‍മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ബുധനാഴ്ച ലോക്സഭയില്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ രാജ്യം റെയില്‍ താരിഫ് അതോറിറ്റിയുടെ യുഗത്തിലേക്ക് കടന്നിരിക്കുകയാണെന്ന് പ്രഖ്യാപിച്ചു. എണ്ണവില വര്‍ധനയുടെ ഉത്തരവാദിത്തം കമ്പനികള്‍ക്ക് വിട്ടുകൊടുത്തതുപോലെ ട്രെയിന്‍യാത്രാനിരക്കും ചരക്ക് കടത്തുകൂലിയും ഇനി താരിഫ് അതോറിറ്റി തീരുമാനിക്കും.

ബജറ്റില്‍ നിരക്ക് ഉയര്‍ത്താതെ അടിക്കടി നിരക്കുവര്‍ധനയ്ക്കുള്ള സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിനുപുറമെ, തിരക്കിനുസരിച്ച് നിരക്ക് നിശ്ചയിക്കുന്ന 17 പ്രീമിയം ട്രെയിനുകളും പ്രഖ്യാപിച്ചു. ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്ന നിര്‍ദേശങ്ങളൊന്നും ബജറ്റിലില്ല. ബഹളത്തെ തുടര്‍ന്ന് ബജറ്റ് അവതരണം മന്ത്രിക്ക് പൂര്‍ത്തിയാക്കാനായില്ല. തുടക്കംമുതല്‍ തെലങ്കാനരൂപീകരണനീക്കത്തില്‍ പ്രതിഷേധിച്ച് സഭയില്‍ ബഹളമായിരുന്നു. ആന്ധ്രപ്രദേശില്‍നിന്നുള്ള എംപിമാര്‍ തമ്മില്‍ കൈയാങ്കളിയുടെ വക്കിലെത്തി.

കേരളത്തോടുള്ള അവഗണനയ്ക്കെതിരെ ഇടതുപക്ഷഅംഗങ്ങളും നടുത്തളത്തില്‍ ഇറങ്ങിയതോടെ സഭ പൂര്‍ണമായും സ്തംഭിച്ചു. സര്‍ക്കാരിന്റെ രാഷ്ട്രീയവിവേചനത്തില്‍ ബിജെപി, എഐഎഡിഎംകെ അംഗങ്ങളും പ്രതിഷേധിച്ചു. ബജറ്റില്‍ 38 പുതിയ എക്സ്പ്രസ് ട്രെയിനും പത്ത് പാസഞ്ചറും നാല് മെമുവും മൂന്ന് ഡെമും പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് ട്രെയിനിന്റെ സര്‍വീസ്ദൈര്‍ഘ്യം കൂട്ടാനും മൂന്ന് വണ്ടിയുടെ എണ്ണം വര്‍ധിപ്പിക്കാനും നിര്‍ദേശമുണ്ട്. 14 പുതിയ പാതയ്ക്കുവേണ്ടി സര്‍വേ നടത്തും. അഞ്ച് പാത ഇരട്ടിപ്പിക്കും. കേരളത്തിന് മൂന്ന് ട്രെയിന്‍ മാത്രമാണുള്ളത്. സ്റ്റേഷനുകളുടെ നവീകരണം, നിര്‍മാണയൂണിറ്റുകള്‍, ചരക്ക് ടെര്‍മിനലുകള്‍, ചരക്കു വണ്ടികളുടെ സര്‍വീസ്, ചരക്ക് ഇടനാഴികള്‍, വിവിധോദ്ദേശ്യ കോംപ്ലക്സുകള്‍ എന്നീ മേഖലകളില്‍ സ്വകാര്യമേഖലയുടെ സഹകരണത്തോടെ പിപിപി പദ്ധതികള്‍ നടപ്പാക്കും. അടിസ്ഥാനസൗകര്യമേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം ആകര്‍ഷിക്കണമെന്ന നിര്‍ദേശം സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.

ജപ്പാന്‍ രാജ്യാന്തര സഹകരണഏജന്‍സിയുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന മുംബൈ-അഹമ്മദാബാദ് അതിവേഗ ഇടനാഴിയുടെ സാധ്യതാപഠനം 18 മാസത്തിനകം പൂര്‍ത്തീകരിക്കും. ഈ പദ്ധതിയുടെ ബിസിനസ് വികസന പഠനം ഫ്രഞ്ച് റെയില്‍വേയുടെ സഹകരണത്തോടെ നടത്തും. തെരഞ്ഞെടുത്ത റൂട്ടുകളില്‍ അര്‍ധ-അതിവേഗ ട്രെയിനുകള്‍ ഓടിക്കും. കൂടുതല്‍ സ്റ്റേഷനുകളില്‍ ടിക്കറ്റ് വെന്‍ഡിങ് മെഷീനുകള്‍ സ്ഥാപിക്കും, റിസര്‍വേഷന്‍ ഇല്ലാത്ത മേഖലകളില്‍ മൊബൈല്‍ഫോണ്‍ വഴി ടിക്കറ്റെടുക്കാനുള്ള സൗകര്യം, പ്രധാനസ്റ്റേഷനുകളിലെ റിട്ടയറിങ് മുറികള്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാനുള്ള സൗകര്യം, യാത്രക്കാര്‍ക്ക് ഭക്ഷണം ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാനുള്ള സംവിധാനം, ചരക്ക് കടത്തുമേഖലയില്‍ ഇ-ബുക്കിങ് എന്നിവയും വിഭാവനചെയ്യുന്നു. 64,305 കോടി രൂപയുടെ ബജറ്റാണ് മന്ത്രി വിഭാവനചെയ്യുന്നത്. ഇതില്‍ 30,223 കോടി രൂപ ബജറ്റ് സഹായമാണ്. ആഭ്യന്തരവരുമാനം 10,418 കോടി രൂപ പ്രതീക്ഷിക്കുന്നു. 19,805 കോടി രൂപയുടെ ബജറ്റിതര വിഭവസമാഹരണം കണക്കാക്കുന്നു.

സാജന്‍ എവുജിന്‍

കേരളത്തോട് ക്രൂരത

ന്യൂഡല്‍ഹി: രണ്ടാം യുപിഎ സര്‍ക്കാരിന്റെ അവസാനബജറ്റിലും കേരളത്തിന് കടുത്ത അവഗണന. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ലാലുപ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ പ്രഖ്യാപിച്ച പാലക്കാട് കോച്ച് ഫാക്ടറിയെക്കുറിച്ച് ഒരു വാക്കുപോലും ബജറ്റില്‍ പരാമര്‍ശമില്ല. മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ 72 പുതിയ ട്രെയിന്‍ സര്‍വീ്സുകള്‍ പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിന് കിട്ടിയത് മൂന്നെണ്ണംമാത്രം. പുതിയ സര്‍വേകളില്ല. പാത ഇരട്ടിപ്പിക്കലിനും വൈദ്യുതീകരണത്തിനും തുക വകയിരുത്തിയിട്ടില്ല.

കേരളത്തിനായി പ്രഖ്യാപനങ്ങളൊന്നുംതന്നെയില്ല. തിരുവനന്തപുരം- ബാംഗ്ലൂര്‍ പ്രീമിയം എക്സ്പ്രസ്, തിരുവനന്തപുരം- നിസാമുദീന്‍ എക്സ്പ്രസ്, പുനലൂര്‍- കന്യാകുമാരി പാസഞ്ചര്‍ എന്നിവയാണ് കേരളത്തിന് ലഭിച്ച പുതിയ ട്രെയിന്‍ സര്‍വീസുകള്‍. തിരുവനന്തപുരം- ബാംഗ്ലൂര്‍ പ്രീമിയം എക്സ്പ്രസ് ആഴ്ചയില്‍ രണ്ടുദിവസം ഈറോഡ്, തിരുപ്പത്തൂര്‍ വഴിയാകും ഓടുക. തിരുവനന്തപുരം- നിസാമുദീന്‍ എക്സ്പ്രസ് ട്രെയിനും ആഴ്ചയില്‍ രണ്ടുദിവസം ഓടും. കോട്ടയം വഴിയും ആലപ്പുഴ വഴിയും ഇടവിട്ടാകും നിസാമുദീന്‍ എക്സ്പ്രസിന്റെ യാത്ര. പുനലൂര്‍- കന്യാകുമാരി പാസഞ്ചര്‍ പ്രതിദിന തീവണ്ടിയാണ്.

കര്‍ണാടകത്തിന് 11 പുതിയ വണ്ടിയും തമിഴ്നാടിന് എട്ട് പുതിയ വണ്ടിയും ലഭിച്ചു. അഞ്ച് പാത ഇരട്ടിപ്പിക്കല്‍ സര്‍വേയിലും 19 പുതിയ പാതാ സര്‍വേയിലും കേരളമില്ല. കേരളത്തിന് വന്‍ നേട്ടമുണ്ടാകുമെന്ന കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാരുടെ പ്രഖ്യാപനം പാഴ്വാക്കായി. റെയില്‍മന്ത്രിയുടെ സ്വന്തം നാടായ കര്‍ണാടകത്തിന് പുതിയ വണ്ടികളടക്കം വലിയ പരിഗണന ലഭിച്ചു. കോണ്‍ഗ്രസ് മന്ത്രിമാര്‍ റെയില്‍വേ വകുപ്പ് കൈകാര്യംചെയ്തു തുടങ്ങിയത് മുതല്‍ കേരളത്തിന് കടുത്ത അവഗണനയാണ്.

സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലെ കോച്ച് ഫാക്ടറി, ചാപ്രയിലെ റെയില്‍വീല്‍ ഫാക്ടറി, ദാങ്കുനിയിലെ ഡീസല്‍ ഘടകനിര്‍മാണ ഫാക്ടറി എന്നിവ പ്രവര്‍ത്തനസജ്ജമായെന്നും ഉല്‍പ്പാദനം തുടങ്ങിയെന്നും മന്ത്രി എടുത്തുപറഞ്ഞു. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് റായ്ബറേലി ഫാക്ടറിക്കൊപ്പം പ്രഖ്യാപിച്ചതാണ് പാലക്കാട് കോച്ച് ഫാക്ടറി. പാലക്കാട് ഫാക്ടറിയുടെ കാര്യത്തില്‍മാത്രം പണമില്ലെന്ന മുടന്തന്‍ന്യായം മുന്നോട്ടുവയ്ക്കുന്നു. ആലപ്പുഴ റെയില്‍കോച്ച് ഘടനിര്‍മാണ യൂണിറ്റിന് കഴിഞ്ഞ ബജറ്റില്‍ തുച്ഛമായ തുക മാത്രമായിരുന്നു. മൂന്ന് കേന്ദ്രമന്ത്രിമാര്‍ ഈ ജില്ലയില്‍ നിന്നുണ്ടെങ്കിലും ഇക്കുറി ഒന്നുമില്ല.

എം പ്രശാന്ത്

ബജറ്റിലെ അവഗണന: ഇടത് എം പിമാരുടെ ധര്‍ണ ഇന്ന്

ന്യൂഡല്‍ഹി: റെയില്‍വേ ബഡ്ജറ്റില്‍ കേരളത്തെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് കേരളത്തില്‍ നിന്നുള്ള ഇടതു എംപിമാര്‍ ഇന്ന് ഡല്‍ഹിയില്‍ ധര്‍ണ നടത്തും. രാവിലെ 10.30 മുതല്‍ പാര്‍ലമെന്റിന് മുന്നിലാണ് ധര്‍ണ. കേരളത്തിന് കൂടുതല്‍ ട്രെയിനുകള്‍ വേണമെന്ന് എംപിമാര്‍ ആവശ്യപ്പെടും.

യാത്രാനിരക്ക് പരിഷ്കാരം കൊള്ളയടി: പിണറായി

കൊച്ചി: ട്രെയിന്‍ നിരക്ക് അടിക്കടി വര്‍ധിപ്പിക്കാനുള്ള റെയില്‍ബജറ്റിലെ നിര്‍ദേശം വന്‍ കൊള്ളയടിയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കേരളരക്ഷാ മാര്‍ച്ചിനോടനുബന്ധിച്ച് പറവൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ 72 ട്രെയിനുകളില്‍ മൂന്നെണ്ണം മാത്രമാണ് കേരളത്തിനുള്ളത്. അതില്‍ തിരുവനന്തപുരം- നിസാമുദീന്‍ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച് നടപ്പാക്കാതിരുന്നതാണ്. കഞ്ചിക്കോട് കോച്ച് ഫാക്ടറിയെയും ചേര്‍ത്തല വാഗണ്‍ ഫാക്ടറിയെയും കുറിച്ച് പരാമര്‍ശമില്ല. റെയില്‍വേ സോണ്‍ നിരാകരിച്ചു. പാത ഇരട്ടിപ്പിക്കല്‍, വൈദ്യുതീകരണം, മെമു, ശബരിപാത, ഓട്ടോമാറ്റിക് സിഗ്നല്‍ സിസ്റ്റം ഒന്നും കേരളത്തിനില്ല. പുതിയ ട്രെയിനുകള്‍ നടപ്പാക്കാന്‍ പത ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും ആവശ്യമാണ്. പാത സൗകര്യമില്ലെന്ന പേരിലാണ് പലപ്പോഴും പുതുതായി പ്രഖ്യാപിച്ച ട്രെയിനുകള്‍ നടപ്പാക്കാതിരിക്കുന്നത്. കഴിഞ്ഞദിവസം കേരളത്തില്‍ ഒരു ബോഗി നെടുകെ പിളര്‍ന്നു. ബോഗി ദൗര്‍ലഭ്യം പരിഹരിക്കാനും നടപടിയൊന്നുമില്ല. കേരളത്തില്‍നിന്ന് കേന്ദ്രത്തില്‍ യുഡിഎഫിന് എട്ട് മന്ത്രിമാരും 16 എംപിമാരുമുണ്ട്. ഇവര്‍ എന്താണ് ചെയ്യുന്നത്. കേരളത്തോടുള്ള അവഗണനക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണം. ആഗോളവല്‍ക്കരണ നടപടികളുടെ ഭാഗമായി ലക്ഷ്യമിടുന്ന കാര്യങ്ങള്‍ വേഗം പൂര്‍ത്തിയാക്കുന്നതിന്റെ തെളിവാണ് റെയില്‍ ബജറ്റ്. സ്വകാര്യവല്‍ക്കരണം മറയില്ലാതെ പുറത്തുവന്നു. വിദേശനിക്ഷേപം കൊണ്ടുവരുന്നതിന്റെയും പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെയും നിര്‍ദേശങ്ങളുണ്ട്. തിരക്ക് കൂടുതലുള്ളപ്പോള്‍ യാത്രാനിരക്ക് കൂട്ടാനുള്ള നിര്‍ദേശം പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളില്‍നിന്നു പഠിച്ചതാകാം. അതിഭയങ്കരമായ കൊള്ളയാണിത്. പ്രീമിയം ട്രെയിനുകള്‍ എന്ന നിര്‍ദേശം ഉയര്‍ന്ന നിരക്ക് ഈടാക്കാനുള്ളതാണോ എന്ന് വ്യക്തമല്ല. പണ്ട് ബജറ്റിലൂടെ ആയിരുന്നു യാത്ര, ചരക്ക് നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നത്. ഇടക്കാലത്ത് എക്സിക്യൂട്ടീവ് ഉത്തരവിലൂടെ വര്‍ധന നടപ്പാക്കിത്തുടങ്ങി. അതോടെ ബജറ്റിന്റെ മഹത്വം കുറഞ്ഞു. ഇതിപ്പോള്‍ സ്ഥിരമായ നിരക്ക് വര്‍ധിപ്പിക്കുന്ന നിലയിലായി- പിണറായി പറഞ്ഞു.

കേരളത്തെ അവഹേളിച്ച ബജറ്റ്: വി എസ്

തിരു: ഇത്തവണത്തെ റെയില്‍ ബജറ്റ് കേരളത്തെ അവഗണിക്കുക മാത്രമല്ല, അവഹേളിക്കുകകൂടി ചെയ്തുവെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.

കേരളത്തിന്റെ റെയില്‍വേ വികസനത്തിന് ആവശ്യമായ ദീര്‍ഘവീക്ഷണമോ ആസൂത്രണമോ പദ്ധതികളോ ഇല്ല. പ്രതീക്ഷ വച്ചുപുലര്‍ത്താന്‍ കഴിയുന്ന സമീപനം ബജറ്റിലില്ല. കേരളത്തിന് കാര്യമായ ഒരു പദ്ധതിയോ ശ്രദ്ധേയമായ ട്രെയിനോ ഇല്ല. സ്വപ്നപദ്ധതിയായ കഞ്ചിക്കോട് കോച്ച് ഫാക്ടറിയെപ്പറ്റി പരാമര്‍ശംപോലും ഇല്ലെന്നുപറയുമ്പോള്‍ കേരളത്തില്‍നിന്നുള്ള എട്ട് മന്ത്രിമാര്‍ എന്താണ് അവിടെ ചെയ്യുന്നത് എന്നു ചോദിക്കേണ്ടിവരും. പാത ഇരട്ടിപ്പിക്കല്‍, സിഗ്നലിങ് നവീകരണ സംവിധാനം, പുതിയ ട്രെയിനുകളും കോച്ചുകളും തുടങ്ങി കേരളത്തിന്റെ റെയില്‍വേ വികസനത്തിന് ആവശ്യമായ ഒരു ഘടകവും പരിഗണിക്കാത്ത ബജറ്റാണിത്. നേമത്ത് ഓവര്‍ഹോളിങ് ഡിവിഷന്‍ വേണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല. നേരത്തെ പ്രാദേശിക പാര്‍ടികളുടെ മന്ത്രിമാര്‍ റെയില്‍ ബജറ്റ് അവതരിപ്പിക്കുമ്പോഴായിരുന്നു കേരളത്തിന് അവഗണനയുണ്ടായിരുന്നത്. ഇപ്പോള്‍ കോണ്‍ഗ്രസ് മന്ത്രി തന്നെ ബജറ്റ് അവതരിപ്പിച്ചപ്പോള്‍ സ്ഥിതിയില്‍ മാറ്റമില്ല. ജനവിരുദ്ധ ബജറ്റിനെതിരെ വ്യാപകമായ ജനവികാരം ഉയര്‍ന്നുവരണമെന്നും വി എസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment