സിസിടിവി സംവിധാനം നിശ്ചലമാക്കിയാണ് തടവുകാരെ മര്‍ദനത്തിന് ഇരയാക്കിയതെന്ന് കൂടുതല്‍ വ്യക്തമായി. ഫെബ്രുവരി ഒന്നിനാണ് തൃശൂര്‍ സ്വദേശി വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത്. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ ജയിലില്‍ കൊണ്ടുവന്നപ്പോള്‍ പരിശോധന നടത്തിയതിന്റെയും മറ്റു നടപടികള്‍ പാലിച്ചതിന്റെയും ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടോ, ഉണ്ടെങ്കില്‍ ലഭ്യമാക്കുക, തടവുകാരെ എപ്പോഴാണ് സെല്ലുകളിലാക്കിയത് എന്നിവയായിരുന്നു ചോദ്യങ്ങള്‍. 29ന് കേടായ സിസിടിവി സംവിധാനം ഫെബ്രുവരി രണ്ടിന് സാങ്കേതികവിദ്ഗധര്‍ ശരിയാക്കിയതായും ജയിലധികൃതര്‍ ചൊവ്വാഴ്ച അറിയിച്ചു.
സിസിടിവി പൂര്‍ണമായി നിശ്ചലമാക്കിയാണ് മര്‍ദനം നടത്തിയതെന്ന് കഴിഞ്ഞ ദിവസം ദേശാഭിമാനി റിപ്പോര്‍ട്ട്് ചെയ്തിരുന്നു. കണ്ണൂരില്‍നിന്നും 30ന് അര്‍ധരാത്രി കൊണ്ടുവന്ന ഒമ്പതു തടവുകാരെ പുലരുംവരെ ഇരുപതോളം പേര്‍ ചേര്‍ന്നാണ് മര്‍ദിച്ചത്. ഓരോരുത്തരേയും പ്രത്യേക മുറിയില്‍ കൊണ്ടുപോയി വായില്‍ തുണി തിരുകിയാണ് മര്‍ദിച്ചതെന്ന് മര്‍ദനത്തിനിരയായവര്‍ ജയില്‍ സന്ദര്‍ശിച്ച പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള എംഎല്‍എമാരോട് പറഞ്ഞിരുന്നു. മര്‍ദിച്ചവരെ കണ്ടാല്‍ തിരിച്ചറിയുമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ജയിലിലെ മര്‍ദനം നിയമസഭയില്‍പ്പോലും ചര്‍ച്ചയായിട്ടും ഇതു സംബന്ധിച്ച് ഉന്നതതല അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ജയില്‍ ഡിജിപിയുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചെങ്കിലും ഡിജിപിയോ ഉന്നത ഉദ്യോഗസ്ഥരോ തടവുകാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുമില്ല.
മര്‍ദനം സംബന്ധിച്ച വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്തപ്പോള്‍ മര്‍ദനത്തിനിരയായവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ നിര്‍ദേശിച്ചിട്ടും നടപ്പാക്കിയില്ല. എന്നാല്‍, കഴിഞ്ഞ ദിവസം കണ്ണൂര്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ മറ്റൊരു കേസില്‍ ഹാജരാക്കിയപ്പോള്‍ കോടതി നിര്‍ദേശപ്രകാരം തടവുകാരിലൊരാളായ മുഹമ്മദ്ഷാഫിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയപ്പോള്‍ മര്‍ദനം ഏറ്റതായി സ്ഥിരീകരിച്ചു. നേരത്തേ ഒമ്പതു തടവുകാരെയും തൃശൂര്‍ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളേജില്‍ പരിശോധന നടത്തിയപ്പോഴും മര്‍ദനം നടന്നതായി സ്ഥിരീകരിച്ചെങ്കിലും സമ്മര്‍ദത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ കിടത്താന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ല.
തടവുകാര്‍ക്ക് മര്‍ദനം: ജില്ലാ ജഡ്ജിക്ക് പരാതി നല്‍കി
തൃശൂര്‍: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ ഒമ്പതു തടവുകാരുടെ ബന്ധുക്കള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ കവാടത്തില്‍ തുടങ്ങിയ അനിശ്ചിതകാല നിരാഹാരസമരം രണ്ടുനാള്‍ പിന്നിട്ടു. മര്‍ദനമേറ്റവരെ അടിയന്തരമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നും മര്‍ദിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ജയില്‍ കവാടത്തില്‍ തിങ്കളാഴ്ച സമരം തുടങ്ങിയത്. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് തടവുകാരുടെ ബന്ധുക്കള്‍ തൃശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി കെ പി ജ്യോതീന്ദ്രനാഥിന് പരാതി നല്‍കി. ഒമ്പതു തടവുകാര്‍ ക്രൂരമായ മര്‍ദനത്തിനിരയായെന്നും ജഡ്ജി ജയില്‍ സന്ദര്‍ശിച്ച് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ നിര്‍ദേശിക്കണമെന്നും അഡ്വ. കെ ഡി ബാബു, അഡ്വ. അരുണ്‍ ബോസ് എന്നിവര്‍ മുഖേന നല്‍കിയ പരാതിയില്‍ പറഞ്ഞു. ജയില്‍നിയമം ലംഘിച്ച് മര്‍ദിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഏഴു സ്ത്രീകളും ഒരു കുട്ടിയുമടക്കം ഇരുപത്തഞ്ചോളം പേരാണ് നിരാഹാരസമരം നടത്തുന്നത്. നീതി ലഭിക്കുംവരെ സമരം തുടരാനാണ് ഇവരുടെ തീരുമാനം. ഇവര്‍ക്ക് പിന്തുണയുമായി നിരവധി നാട്ടുകാരും പൊതുപ്രവര്‍ത്തകരും എത്തുന്നുണ്ട്.
deshabhimani
No comments:
Post a Comment