Saturday, February 15, 2014

പിണറായി ഫാക്ട് സമരപ്പന്തലിലെത്തി

കളമശേരി: ഫാക്ടിനെ രക്ഷിക്കാന്‍ 17 ദിവസമായി നിരാഹാരസമരം നടത്തുന്ന ജീവനക്കാര്‍ക്ക് ആവേശമായി ജനായകനെത്തി. വ്യാഴാഴ്ച രാവിലെ ഫാക്ടിനു മുന്നിലെ സമരപ്പന്തലിലെത്തിയ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നാടിനുവേണ്ടി ജീവനക്കാര്‍ നടത്തുന്ന മാതൃകാപരമായ സമരത്തിന് മുഴുവന്‍ ജനവിഭാഗങ്ങളുടെയും പിന്തുണ പ്രഖ്യാപിച്ചു. ഫാക്ടിനോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്ന നീതികേട് അവസാനിപ്പിക്കാന്‍ ജീവനക്കാരുടെ ഇത്തരം ഇടപെടല്‍ കാരണമാകുമെന്ന് വന്‍ ജനാവലിയെ സാക്ഷിയാക്കി പിണറായി പറഞ്ഞു.

എല്‍എന്‍ജിക്ക് മറ്റ് രാസവള നിര്‍മാണ കമ്പനികള്‍ നല്‍കേണ്ടി വരുന്നതിന്റെ അഞ്ചരിട്ടി വില ഫാക്ട് നല്‍കണമെന്നത് നീതികേടാണ്. യൂറിയ, കാപ്രോലാക്ടം, അമോണിയ പ്ലാന്റുകള്‍ ഇപ്പോള്‍ അടഞ്ഞുകിടക്കുകയാണ്. അടഞ്ഞാല്‍ അടഞ്ഞുകിടന്നോട്ടെ എന്നു കരുതിയാല്‍ മതിയോ. സാധാരണഗതിയില്‍ സ്ഥാപനം നിലനിന്നുപോകാന്‍ ചില സൗജന്യങ്ങള്‍ ചെയ്യാറുണ്ട്. എല്‍എന്‍ജിക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 14.5 ശതമാനം വാറ്റ് അന്യായമാണ്. നാഫ്തയ്ക്ക് അഞ്ചു ശതമാനം നികുതിയാണ് ഫാക്ടില്‍നിന്ന് ഈടാക്കിയിരുന്നത്. ഫാക്ടില്‍ ഒരുകിലോ വളം ഉല്‍പ്പാദിപ്പിക്കുമ്പോള്‍ 32 രൂപ ചെലവുവരുന്നു. വില്‍ക്കുമ്പോള്‍ കിട്ടുന്നത് 16 രൂപയാണ്. കേന്ദ്രസര്‍ക്കാര്‍ നയംമൂലം വരുന്ന നഷ്ടം സ്ഥാപനത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുന്നത് കടുത്ത അനീതിയാണ്. പുനരുദ്ധാരണ പാക്കേജ് അംഗീകാരത്തിന്റെ വക്കിലാണെന്ന വര്‍ത്തമാനമുണ്ട്. എന്നാല്‍, പ്രയോഗത്തില്‍ വരുന്നില്ല. 991 കോടി രൂപയുടെ പാക്കേജ് പ്രതിസന്ധിക്ക് ഭാഗികമായ പരിഹാരമേ ആകുന്നുള്ളു. ന്യായവിലയ്ക്ക് എല്‍എന്‍ജി നല്‍കുന്നതടക്കമുള്ള സമഗ്രമായ പാക്കേജാണ് വേണ്ടത്.

ഫാക്ട് നിലനിര്‍ത്തുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇതുവരെയുള്ള സമീപനം ഒട്ടും സഹായകമല്ല. ശക്തമായ നടപടി വേണം. അതോടൊപ്പം സംസ്ഥാന ഗവണ്‍മെന്റിന്റെ നല്ല സമ്മര്‍ദവും വേണം. തങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്നു പറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ ഒഴിഞ്ഞുമാറരുതെന്നും പിണറായി പറഞ്ഞു. നിരാഹാരം അനുഷ്ഠിക്കുന്ന ഫാക്ട് എംപ്ലോയീസ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി റാഫേലിനെ പിണറായി അഭിവാദ്യം ചെയ്തു. സിപിഐ എം ജില്ലാ സെക്രട്ടറി സി എം ദിനേശ്മണി, സിഐടിയു സംസ്ഥാന സെക്രട്ടറി കെ ചന്ദ്രന്‍പിള്ള, ജില്ലാ സെക്രട്ടറി കെ എന്‍ ഗോപിനാഫ്, സിപിഐ എം ഏരിയ സെക്രട്ടറി സി കെ പരീത്, ജില്ലാകമ്മിറ്റി അംഗം വി എ സക്കീര്‍ ഹുസൈന്‍ തുടങ്ങിയവരും പിണറായിക്കൊപ്പമുണ്ടായി. സിപിഐ എം പ്രവര്‍ത്തകരുടെ പ്രകടനവും നടന്നു.

സേവ് ഫാക്ട്: അനിശ്ചിതകാല നിരാഹാരം തുടരും

കളമശേരി: സേവ് ഫാക്ട് ആക്ഷന്‍ കമ്മിറ്റി 117 ദിവസമായി നടത്തിവരുന്ന സമരം തുടരാന്‍ തീരുമാനിച്ചു. വെള്ളിയാഴ്ച വൈകിട്ട് ഫാക്ട് ഗ്രൗണ്ടില്‍ ചേര്‍ന്ന സംയുക്ത ജനറല്‍ ബോഡിയിലാണ് സമരരൂപത്തില്‍ മാറ്റംവരുത്തേണ്ടതില്ലെന്ന് തീരുമാനമായത്. കണ്‍വീനര്‍ കെ ചന്ദ്രന്‍പിള്ള, സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ എന്‍ രവീന്ദ്രനാഥ്, കെ വിജയന്‍പിള്ള, ജോര്‍ജ് തോമസ്, എന്‍ പി ശങ്കരന്‍കുട്ടി, പി എസ് മുരളി, എം ജി ശിവശങ്കരന്‍, എം ടി നിക്സണ്‍ എന്നിവര്‍ സംസാരിച്ചു. ഫാക്ട് എംപ്ലോയീസ് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് വി വിനു അധ്യക്ഷനായി. കെപിസിസി അധ്യക്ഷന്‍ വി എം സുധീരനും തല്‍ക്കാലം സഹനസമരരീതിയില്‍ മാറ്റംവരുത്തേണ്ടതില്ലെന്ന് സേവ് ഫാക്ട് ആക്ഷന്‍ കമ്മിറ്റിയോട് അഭ്യര്‍ഥിച്ചിരുന്നു. 20നുശേഷം എന്തുവേണമെന്ന് തീരുമാനിക്കാന്‍ ആക്ഷന്‍ കമ്മിറ്റിയെ സംയുക്ത ജനറല്‍ബോഡി ചുമതലപ്പെടുത്തി.

deshabhimani

No comments:

Post a Comment