Saturday, February 15, 2014

കലാലയ ലോകത്ത് കറപുരണ്ട പന്തളം പീഡനക്കേസിന് പിന്നാമ്പുറ കഥകള്‍ ഏറെ

പന്തളം: അധ്യാപകര്‍ മാതൃകാധ്യാപകരായി മാറേണ്ടതിന്റെ ആവശ്യകതയിലേക്കും, അധ്യാപക വിദ്യാര്‍ഥി ബന്ധത്തില്‍ സാംസ്കാരികമായ ഉയര്‍ച്ച നിലനില്‍ക്കേണ്ടതിന്റെ മഹത്വത്തിലേക്കും വിരല്‍ ചൂണ്ടുന്ന കോടതിവിധികളാണ് പന്തളം പീഡനക്കേസില്‍ രണ്ട് ഘട്ടത്തിലും ഉണ്ടായത്. 2002 ജനുവരി ഏഴിന് വന്ന ആദ്യ വിധിക്ക്(7വര്‍ഷം മുതല്‍ 11വര്‍ഷം വരെ കഠിന തടവ്) ഹൈക്കോടതിയില്‍നിന്ന് ഉറപ്പ് കിട്ടാന്‍ 12 വര്‍ഷം കാത്തിരിക്കേണ്ടി വന്നെങ്കിലും പുതിയ വിധി പന്തളത്തെ അധ്യാപക- വിദ്യാര്‍ഥി സമൂഹം സ്വാഗതം ചെയ്യുകയാണ്.

1997 ജൂലൈ 10 മുതല്‍ ഒക്ടോബര്‍ 20 വരെ നാല് അധ്യാപകരും ഒരു കോണ്‍ട്രാക്ടറും വ്യാപാരിയും പഞ്ചായത്ത് അംഗവും സീരിയല്‍ നിര്‍മാതാവും അടക്കം എട്ട് പേര്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു കേസ്. കേസില്‍ ആദ്യം ഒന്നാം പ്രതിയായിരുന്ന മലയാളവിഭാഗം അധ്യാപകന്‍ കെ രാധാകൃഷ്ണന്‍ പീഡനവിവരം പുറത്തുവന്നയുടനെ ആത്മഹത്യ ചെയ്തു. തുടര്‍ന്നാണ് ഇംഗ്ലീഷ് വിഭാഗം അധ്യാപകനായ കെ വേണുഗോപാല്‍ ഒന്നാം പ്രതിയാകുന്നത്. ഇംഗ്ലീഷ് വിഭാഗത്തിലെ തന്നെ മറ്റൊരധ്യാപകനായ ബി രവീന്ദ്രനാഥപിളള , ബോട്ടണി വിഭാഗം അധ്യാപകന്‍ സി എം പ്രകാശ്, കോണ്‍ട്രാക്ടര്‍ വേണുഗോപാല്‍, വ്യാപാരിയായ ജ്യോതിഷ്കുമാര്‍, മുന്‍പഞ്ചായത്ത് അംഗം മനോജ്കുമാര്‍, സീരിയല്‍ നിര്‍മാതാവ് കെ ജി ഷാജോര്‍ജ് എന്നിവര്‍ യഥാക്രമം രണ്ട് മുതല്‍ ഏഴുവരെ പ്രതികളാണ്. 2002ല്‍ കോട്ടയത്തെ പ്രത്യേക കോടതിവിധിക്ക് ശേഷം ഹൈക്കോടതി നടപടികള്‍ പുരോഗമിക്കുന്നതിനിടെ രണ്ടാം പ്രതിയായിരുന്ന ബി രവീന്ദ്രനാഥപിളള മരിച്ചു. പൊലീസും, വനിതാകമീഷനും, പന്തളത്തെ സിപിഐ എം നേതൃത്വവും, ഇടത് വിദ്യാര്‍ഥി പ്രസ്ഥാനങ്ങളും, എല്‍ഡിഎഫ് സര്‍ക്കാരും അടക്കമുളളവര്‍ കാടത്തം നിറഞ്ഞ ഈ പീഡനക്കേസിന്റെ വിധിവഴികളില്‍ നിര്‍ണായക ശക്തികളായി.

പന്തളം എന്‍എസ്എസ് കോളേജിലെ മൂന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയായിരുന്നു അന്ന് പെണ്‍കുട്ടി. തന്റെ മകളെ നാല് അധ്യാപകര്‍ ചേര്‍ന്ന് മാനസികമായി പീഡിപ്പിക്കുന്നു എന്നുമാത്രമായിരുന്നു പെണ്‍കുട്ടിയുടെ അച്ഛന്‍ അന്ന് കോളേജ് പ്രിന്‍സിപ്പലിന് പരാതി നല്‍കിയത്. കോളേജ് അധികൃതരുടെ ഭാഗത്തുനിന്ന് നടപടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്ന് അച്ഛന്‍ വനിതാകമീഷന് പാരാതി നല്‍കി. കമീഷന്റെ നോട്ടീസ് ലഭിച്ചപ്പോഴാണ് അധികൃതര്‍ അധ്യാപകരെ സസ്പെന്‍ഡ് ചെയ്തത്. തുടര്‍ന്ന് പൊലീസ് കേസായെങ്കിലും അധ്യാപകരില്‍ ചിലര്‍ കോണ്‍ഗ്രസ് ബന്ധമുളളവരാകയാല്‍ നേതാക്കള്‍ ഇടപെട്ട് കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചു. കേസ് രജിസ്റ്റര്‍ ചെയ്യാന്‍വരെ കാലതാമസം നേരിട്ടു. അന്നത്തെ വനിതാ എസ്പി പെണ്‍കുട്ടിയുടെ മൊഴിയെടുത്ത് കേസ് മാനസികപീഡനം മാത്രമാണെന്ന് കാണിച്ചു വഴിതിരിച്ചു വിടാനുളള ശ്രമവും നടന്നു. ഉന്നതങ്ങളില്‍ നിന്നുളള സമ്മര്‍ദം കാരണം പെണ്‍കുട്ടി ലൈംഗിക പീഡനം മറച്ചുവയ്ക്കുകയും ചെയ്തു.

എന്നാല്‍, പന്തളത്തെ സിപിഐ എം നേതാവ് കെപിസി കുറുപ്പ്, അന്നത്തെ എംഎല്‍എ പി കെ കുമാരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇടതുപക്ഷം ശക്തമായി രംഗത്ത് വന്നതും അന്നത്തെ പന്തളം എസ്ഐ സുകുമാരന്റെ ശുഷ്കാന്തിയും മാത്രമാണ് കേസ് ജനശ്രദ്ധപിടിച്ചു പറ്റാനിടയാക്കിയത്. ഇതിനിടെ മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തു. കേസ് അന്നത്തെ ക്രൈംഡിറ്റാച്ച്മെന്റിന് കൈമാറുന്നതിനുളള അവസാന മൊഴിയെടുപ്പിനായി എസ്ഐ സുകുമാരന്‍ ചെന്നിത്തലയിലുളള പെണ്‍കുട്ടിയുടെ വീട്ടിലെത്തി ധൈര്യം പകര്‍ന്നപ്പോഴാണ് പെണ്‍കുട്ടി പൊടുന്നനെ രണ്ടരമാസക്കാലമായി നടന്നുവന്ന പീഡനത്തിന്റെ ചുരുളഴിച്ചത്. പിന്നീട് മാധ്യമവാര്‍ത്തയാകുകയും കേസന്വേഷണം ഊര്‍ജിതപ്പെടുത്തി അധ്യാപകരടക്കമുളളവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ആദ്യം അടൂര്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിലായിരുന്നു കേസ്. അന്ന് ഏഴ് പ്രതികള്‍ക്കും ജാമ്യം ലഭിച്ചിരുന്നു. കോട്ടയം ക്രൈംഡിറ്റാച്ച്മെന്റാണ് അന്വേഷണം പൂര്‍ത്തിയാക്കി കോട്ടയത്തുളള പ്രത്യേക കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഇതിനിടെ കേരള യൂണിവേഴ്സിറ്റി ട്രിബ്യൂണല്‍ നല്‍കിയ പരാതി പ്രകാരം 2000ല്‍ അധ്യാപകരുടെ സസ്പന്‍ഷന്‍ പിന്‍വലിച്ച് സര്‍വീസില്‍ പ്രവേശിപ്പിച്ചു. ഇത് വന്‍ കോളിളക്കം സൃഷ്ടിച്ചു. അധ്യാപകര്‍ കോളേജില്‍ എത്തിയപ്പോള്‍ എസ്എഫ്ഐ അടക്കമുളള വിദ്യാര്‍ഥി സംഘടനകളും പന്തളത്ത് മഹിളാ അസോസിയേഷനും പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. ഗുരുശിഷ്യ ബന്ധത്തിലെ പവിത്രതയ്ക്ക് വന്ന കോട്ടം പരിഹരിക്കുന്ന സമുന്നത വിധിയാണ് കേരളത്തിലെ ഉയര്‍ന്നകോടതി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

deshabhimani

No comments:

Post a Comment