Monday, February 17, 2014

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: കര്‍ഷകരുടെ ആശങ്ക കേരളം അറിയിച്ചില്ല

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ആശങ്കകള്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നല്‍കിയ കത്തിന് സമയപരിധി കഴിഞ്ഞിട്ടും കേരളം മറുപടി നല്‍കിയില്ല. ഞായറാഴ്ചയായിരുന്നു മറുപടി നല്‍കാനുള്ള അവസാന തീയതി. കര്‍ഷകരുടെ ആശങ്ക അറിയിക്കാതെ ഗുരുതരവീഴ്ചയാണ് സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്.

കൃത്യസമയത്ത് മറുപടി നല്‍കാതെ രണ്ടാഴ്ചകൂടി സമയം നീട്ടിവാങ്ങിയിരിക്കുകയാണ്. വീരപ്പമൊയ്ലി വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ ചുമതലയേറ്റശേഷമാണ് പശ്ചിമഘട്ട മേഖലയിലെ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതിയത്. അതതു പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന ആശങ്കകളും പരാതികളും 16നകം അറിയിക്കണം എന്നായിരുന്നു നിര്‍ദേശം. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച് കരട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അധികസമയം അനുവദിക്കാനാകില്ലെന്ന് ദേശീയ ഹരിതട്രിബ്യൂണല്‍ കേന്ദ്രസര്‍ക്കാരിന് അന്ത്യശാസനം നല്‍കിയിരുന്നു.

കരട്വിജ്ഞാപനം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സമയം കൂടുതല്‍ സമയം തേടിയിരുന്നു. സംസ്ഥാനങ്ങളുടെ മറുപടി ലഭിക്കാന്‍ 16 വരെ കാത്തിരിക്കണമെന്നായിരുന്നു ഇതിനു കാരണമായി വാദിച്ചത്. എന്നാല്‍, നിരവധി തവണ സമയം നീട്ടിനല്‍കിയിട്ടുണ്ടെന്നും ഇനി സമയം നീട്ടിത്തരാന്‍ കഴിയില്ലെന്നും ജസ്റ്റിസ് സ്വതന്തര്‍കുമാര്‍ അധ്യക്ഷനായ ട്രിബ്യൂണല്‍ സര്‍ക്കാരിനോട് പറഞ്ഞു. മാര്‍ച്ച് 24ന് കേസ് വീണ്ടും പരിഗണിക്കുമ്പോഴേക്കും തീരുമാനം അറിയിക്കണമെന്നും ട്രിബ്യൂണല്‍ നിര്‍ദേശിച്ചു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തത്വത്തില്‍ അംഗീകരിച്ചുകൊണ്ട് നവംബര്‍ 13ന് കേന്ദ്രം ഉത്തരവിറക്കിയിരുന്നു.

ഉത്തരവ് പരിഷ്കരിച്ച് ഡിസംബര്‍ 20ന് ഇറക്കിയത് ഓഫീസ് മെമ്മോറാണ്ടം മാത്രമാണെന്നും നവംബര്‍ 13ലേതാണ് യഥാര്‍ഥ ഉത്തരവെന്നും കേന്ദ്രം ഹരിതട്രിബ്യൂണലിനെ അറിയിച്ചിട്ടുണ്ട്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ മാറ്റംവരുത്താതെ അതേപടി നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. കേരളത്തിലെ ജനവാസകേന്ദ്രങ്ങളുള്‍പ്പെടെയുള്ള മേഖലകളെ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ ജനരോഷം ഉയര്‍ന്നിരുന്നു. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് ആശങ്കകള്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചത്.

എന്നാല്‍, ഇക്കാര്യത്തില്‍ ഗുരുതരമായ വീഴ്ച സംസ്ഥാനസര്‍ക്കാരില്‍ നിന്നുണ്ടായിരിക്കയാണ്. മറുപടി നല്‍കാന്‍ രണ്ടാഴ്ചകൂടി അനുവദിച്ചെങ്കിലും കേരളത്തിന്റെ ആശങ്കകള്‍ പരിഹരിക്കാതെ റിപ്പോര്‍ട്ട് നടപ്പാക്കപ്പെടാനാണ് സാധ്യത. അടുത്തതവണ കേസ് പരിഗണിക്കുമ്പോഴേക്കും അന്തിമതീരുമാനം അറിയിക്കണമെന്ന ഹരിതട്രിബ്യൂണലിന്റെ നിര്‍ദേശം കര്‍ഷകരുടെ ആശങ്കയ്ക്ക് അടിസ്ഥാനമിടുന്നു. മാര്‍ച്ച് 24ന് കേസ് പരിഗണിക്കുമ്പോള്‍ കേന്ദ്രം വീണ്ടും സമയം നീട്ടി ചോദിക്കാനിടയില്ല. ചോദിച്ചാലും ഹരിത ട്രിബ്യൂണല്‍ അക്കാര്യം അനുവദിക്കാനുള്ള സാധ്യതയും കുറവാണ്. ഇതോടെ കേരളത്തിന്റെ ആശങ്കകള്‍ അതേപടി നിലനിര്‍ത്തി റിപ്പോര്‍ട്ട് നടപ്പാകാനുള്ള സാധ്യത ഏറുകയാണ്.

സുജിത് ബേബി deshabhimani

No comments:

Post a Comment