Monday, February 17, 2014

സുനന്ദ മരിച്ചിട്ട് ഒരുമാസം; അന്വേഷണം മരവിച്ചു

കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചിട്ട് ഒരുമാസമായിട്ടും അന്വേഷണം തുടങ്ങിയേടത്തുതന്നെ. ദുരൂഹതകള്‍ അവസാനിക്കണമെങ്കില്‍ വിശദമായ അന്വേഷണം അനിവാര്യമാണ്. ആദ്യ രണ്ട് ദിവസത്തെ അന്വേഷണത്തിനപ്പുറം മുന്നേറാന്‍ അന്വേഷണസംഘത്തിന് സാധിച്ചിട്ടില്ല. തരൂരിന്റെയും കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും ഇടപെടലാണ് സുഗമമായ അന്വേഷണത്തിന് തടസ്സം.

ജനുവരി 17നാണ് സുനന്ദയെ ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടത്. സരോജിനി നഗര്‍ പൊലീസ് അന്വേഷണം ഏറ്റെടുത്തു. സ്വാഭാവികമരണമെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു തുടക്കംമുതല്‍ ശ്രമം. അസ്വാഭാവികവും പെട്ടെന്നുണ്ടായതുമായ മരണമായിരുന്നു സുനന്ദയുടേതെന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പരസ്യപ്പെടുത്തുംവരെ ഇത് ആവര്‍ത്തിച്ചു. സുനന്ദയുടെ ശരീരത്തില്‍ മുറിവും ചതവുമുണ്ടെന്ന വാര്‍ത്തകള്‍ പുറത്ത് വന്നു. തിരുവനന്തപുരത്തുനിന്ന് ഡല്‍ഹിയിലേക്ക് വരുംവഴി വിമാനത്തിലും പിന്നീട് ഹോട്ടലിലും ഇരുവരും തമ്മില്‍ വഴക്കടിച്ച വാര്‍ത്തകളും ലോകമറിഞ്ഞു. കേന്ദ്രമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളും മൊഴികളും വന്നതോടെ സബ്ഡിവിഷണല്‍ മജിസ്ട്രേട്ടിനെക്കൊണ്ട് തരൂരിന്റെ മൊഴിയെടുപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി.

മരണകാരണം എന്തെന്ന് അന്വേഷിക്കണമെന്നും ആത്മഹത്യ, കൊലപാതകം എന്നീ സാധ്യതകളെ സംബന്ധിച്ച് അന്വേഷിക്കണമെന്നും എസ്ഡിഎം നിര്‍ദേശിക്കുകയും ചെയ്തു. കേസ് ഏറ്റെടുക്കാന്‍ സാധിക്കില്ലെന്ന് ക്രൈംബ്രാഞ്ച് പ്രഖ്യാപിച്ചു. കേസ് വീണ്ടും പൊലീസിന്റെ കൈയില്‍ തിരിച്ചെത്തി. തരൂര്‍ പ്രതിക്കൂട്ടിലാകുമെന്ന ആശങ്ക ശക്തമായതോടെ കേസ് അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം രംഗത്തിറങ്ങി. ഇതിനിടെ കേസുമായി ബന്ധപ്പെട്ട പല ഫയലുകളും പൊലീസുകാരുടെ സഹായത്തോടെ മുക്കിയിട്ടുണ്ട്. ഐപിഎല്ലുമായി ബന്ധപ്പെട്ട് പല നിര്‍ണായക വിവരവും പുറത്തുവിടുമെന്ന് ചില മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞ അതേദിവസമാണ് സുനന്ദയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മരണം അസ്വാഭാവികമല്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ തരൂരും പൊലീസും പാടുപെടുമ്പോഴും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ കേസ് തേച്ചുമാച്ചുകളയുന്നതിന് തടസ്സമാകും. സുനന്ദയുടെ ശരീരത്തില്‍ പതിനഞ്ചോളം മുറിവുകള്‍ക്ക് പുറമെ ഇടത്തേ കൈപ്പത്തിയില്‍ ആഴത്തിലുള്ള മുറിവുമുണ്ട്. കടിയേറ്റുണ്ടായ മുറിവാണിത്. കഴുത്തിലും കവിളിലും പാടുണ്ട്. മരണത്തിനുമുമ്പ് പിടിവലി നടന്നിട്ടുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തം. ഈ കാര്യങ്ങളില്‍ വിശദ അന്വേഷണം നടന്നാലേ മരണത്തിന് പിന്നിലെ ദുരൂഹത പുറംലോകമറിയൂ.

deshabhimani

No comments:

Post a Comment