Thursday, February 6, 2014

വ്യാജരേഖയില്‍ എസ്ബിടിയില്‍ നിയമനം; പിന്നില്‍ കെപിസിസി സെക്രട്ടറി

മലപ്പുറം: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ (എസ്ബിടി) തൂപ്പുകാരുടെ തസ്തികയിലേക്ക് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് നിയമനം നടത്തിയതിന് പിന്നില്‍ തൃശൂര്‍ ജില്ലയിലെ കെപിസിസി സെക്രട്ടറിയുടെ ആജ്ഞാനുവര്‍ത്തികളായ ചില ഉദ്യോഗസ്ഥരുടെ സംഘം. വ്യാജ സ്കൂള്‍ സര്‍ട്ടിഫിക്കറ്റുകളും തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും ബന്ധപ്പെട്ട രേഖകളും സംഘടിപ്പിച്ചാണ് ഇഷ്ടക്കാരെ നിയമിച്ചത്. 2013 നവംബറില്‍ എസ്ബിടിയില്‍ നടന്ന മുഴുവന്‍ തൂപ്പുകാരുടെയും നിയമനത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യം ഇതോടെ ശക്തമായി.

തൃശൂര്‍ ചേറൂര്‍ ബ്രാഞ്ചില്‍ നിയമനം ലഭിച്ച സ്ത്രീ വയസ് തിരുത്തിയാണ് ജോലിനേടിയതെന്ന വിവരം പുറത്തുവന്നിരുന്നു. ഇതേ തുടര്‍ന്ന് നിര്‍ദിഷ്ട തസ്തികയിലേക്ക് നിയമിച്ചവരുടെ വിശദവിവരം ആവശ്യപ്പെട്ട് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സംസ്ഥാന കമ്മിറ്റിയംഗം പി എ ഡേവിസ് എസ്ബിടിയുടെ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് വിവരാവാകാശ നിയമ പ്രകാരം അപേക്ഷ നല്‍കി. അപേക്ഷ നിരസിച്ചതായും അപേക്ഷയിലെ ആവശ്യം പരിഗണിക്കാനാവില്ലെന്നുമാണ് അറിയിച്ചത്. വിവരാവകാശ നിയമപ്രകാരം കൊടുക്കുന്ന അപേക്ഷയില്‍ 30 ദിവസത്തിനകം മറുപടി നല്‍കണമെന്നിരിക്കെ ഈ അപേക്ഷയില്‍ മറുപടി നല്‍കിയത് 86-ാം ദിവസമാണ്. ഇതേ ആവശ്യമുന്നയിച്ച് ബാങ്കിന്റെ ഉന്നതാധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും നിരസിച്ചു. ബാങ്ക് അധികൃതരുടെ ഈ നിലപാടില്‍നിന്ന് വ്യക്തമാകുന്നത് മറ്റു നിയമനങ്ങളിലും വന്‍ ക്രമക്കേട് നടന്നെന്നാണ്. തൃശൂര്‍ പാമ്പൂര്‍ എവിഎം എല്‍പി സ്കൂള്‍ പ്രധാനാധ്യാപികയുടെ വ്യാജ ഒപ്പും സീലും പതിച്ചാണ് ചേറൂര്‍ ബ്രാഞ്ചില്‍ വീട്ടമ്മ 16 വയസ് കുറച്ചുകാണിച്ച് ജോലി നേടിയത്. എന്നാല്‍ ഇവരുടെ സ്കൂള്‍ രജിസ്റ്ററിലാകട്ടെ ജനിച്ച വര്‍ഷം 1956 ആണ്. ഇവരുടെ നിലവിലുള്ള എസ്ബിടി സേവിങ്സ് അക്കൗണ്ടില്‍ ജനനതീയതി 25-03-1957 ആണ്. അപേക്ഷകയുടെ വിശദവിവരം പരിശോധിക്കാന്‍ സംവിധാനമുണ്ടായിട്ടും ഇതിനൊന്നും തയ്യാറാകാതെ ഒന്നാം റാങ്ക് നല്‍കിയാണ് നിയമനം നല്‍കിയത്. ഇവര്‍ ഇപ്പോഴും ജോലിചെയ്യുന്നുണ്ട്. വ്യാജ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡും ഇത്തരത്തില്‍ വീട്ടമ്മ സംഘടിപ്പിച്ചതായാണ് വിവരം.

വീട്ടമ്മ ഈ ബ്രാഞ്ചില്‍ ഇപ്പോഴും ജോലിചെയ്യുന്നുണ്ട്. തൂപ്പുകാരുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചപ്പോള്‍ 2011 ജൂണ്‍ ഒന്നിന് 18 വയസിനും 40 വയസിനും മധ്യേ എന്നാണ് നിഷ്കര്‍ഷിച്ചിരുന്നത്. 15 വര്‍ഷംവരെ താല്‍ക്കാലികമായി ജോലിചെയ്യുന്നവരെ പരിഗണിക്കാതെയായിരുന്നു നിയമനം. സംസ്ഥാനത്തെ കോഴിക്കോട്, തൃശൂര്‍, എറണാകുളം, കോട്ടയം, തിരുവനന്തപുരം സോണുകളിലായി മുന്നൂറോളം പേരെയാണ് നിയമിച്ചത്. നിയമനത്തിനായി 2013 ആഗസ്ത് മുതല്‍ നടപടി തുടങ്ങിയെങ്കിലും നവംബറിലാണ് നിയമന ഉത്തരവ് നല്‍കിയത്. ഏഴായിരത്തോളം പേരാണ് വിവിധ സോണുകളില്‍ ഇന്‍ര്‍വ്യൂവിന് എത്തിയത്.

ആര്‍ ഹണീഷ്കുമാര്‍ deshabhimani

No comments:

Post a Comment