Sunday, February 16, 2014

കോണ്‍ഗ്രസ്-ബി.ജെ.പി കൈകോര്‍ക്കല്‍ തുടര്‍ക്കഥ

deshabhimani

കോണ്‍ഗ്രസ്-ബിജെപി കൈകോര്‍ക്കല്‍ തുടര്‍ക്കഥ

ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാളിന്റെ 49 ദിവസം പ്രായമുള്ള ആം ആദ്മി സര്‍ക്കാര്‍ നിലം പൊത്തിയത് കോണ്‍ഗ്രസ്, ബിജെപി ധ്രുവസംഗമത്തില്‍. ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതിയില്ലാതെ ബില്‍ അവതരിപ്പിച്ച ആം ആദ്മി സര്‍ക്കാരിന്റെ നടപടിയാണ് ഇരുപാര്‍ടികള്‍ക്കും കൈകോര്‍ക്കാന്‍ അവസരമൊരുക്കിയത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇരുധ്രുവത്തില്‍ നില്‍ക്കുമെങ്കിലും നയപരമായ കാര്യങ്ങളില്‍ കോണ്‍ഗ്രസും ബിജെപിയും ഒരേ പാതയിലാണ്്. നവ ഉദാരവല്‍ക്കരണനയങ്ങളെ ഇരുപാര്‍ടികളും ഒരുപോലെ പിന്തുണയ്ക്കുന്നു. നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി പാര്‍ലമെന്റിനകത്തും പുറത്തും ഈ കക്ഷികള്‍ കൈകോര്‍ത്ത അവസരങ്ങള്‍ നിരവധി. റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിക്കെതിരെ കേസെടുത്തതാണ് ഇരുപാര്‍ടികളും തനിക്കെതിരെ തിരിയാന്‍ കാരണമെന്നാണ് കെജ്രിവാള്‍ ആരോപിക്കുന്നത്. 

എന്നാല്‍, റിലയന്‍സിന് കൃഷ്ണ-ഗോദാവരി തടത്തിലെ ഡി-6 ബ്ലോക്കില്‍നിന്ന് പ്രകൃതിവാതകം കുഴിച്ചെടുക്കാന്‍ സാധിച്ചത് 1999ല്‍ വാജ്പേയി സര്‍ക്കാര്‍ കൊണ്ടുവന്ന നയത്തിന്റെ അടിസ്ഥാനത്തിലാണ്. പ്രകൃതിവാതകവില സംബന്ധിച്ച് ഡല്‍ഹി സര്‍ക്കാര്‍ കേസെടുത്തപ്പോള്‍ കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ സ്വരമായിരുന്നു. ഇരുവരും സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തുവന്നു. വൊഡഫോണ്‍ കമ്പനി 11200 കോടി രൂപ സര്‍ക്കാരിന് നികുതിയിനത്തില്‍ കുടിശ്ശിക വരുത്തിയപ്പോള്‍ അത് പിരിച്ചെടുക്കാന്‍ സുപ്രീംകോടതി നടത്തിയ നീക്കം തടയാനും കേന്ദ്ര സര്‍ക്കാരും ബിജെപിയും രംഗത്ത് വന്നിരുന്നു. 

പാര്‍ലമെന്റില്‍ ഇരു പാര്‍ടിയും കൈകോര്‍ത്ത സംഭവങ്ങളും നിരവധിയാണ്. 2010 ബജറ്റില്‍ പെട്രോളിയംവില വര്‍ധിപ്പിച്ചപ്പോള്‍ അത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷം ലോക്സഭയില്‍ ഖണ്ഡനോപക്ഷേപം അവതരിപ്പിച്ചു. അതിനെ പരാജയപ്പെടുത്താന്‍ യുപിഎക്കൊപ്പം ബിജെപിയും വോട്ട് ചെയ്തു. 2009ല്‍ ആണവകരാറിന്റെ പേരില്‍ ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചപ്പോള്‍ ബിജെപിയുടെ 10 എംപിമാരാണ് ആ സര്‍ക്കാരിനെ വിശ്വാസവോട്ടെടുപ്പില്‍ രക്ഷിച്ചത്. ഡല്‍ഹി വിമാനത്താവളനിര്‍മാണത്തിലെ അഴിമതിക്കെതിരെ പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട് നല്‍കിയപ്പോള്‍ പ്രതികരിക്കാന്‍ ബിജെപി തയ്യാറായില്ല. ജിഎംആര്‍ ഗ്രൂപ്പുമായുള്ള ഇരു കക്ഷികളുടെയും ബന്ധമാണ് നിശ്ശബ്ദതയ്ക്ക് കാരണം. ബാങ്ക് സ്വകാര്യവല്‍ക്കരണം, ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശനിക്ഷേപം 40 ശതമാനമായി വര്‍ധിപ്പിക്കല്‍ തുടങ്ങി നവ ഉദാരവല്‍ക്കരണ ബില്ലുകള്‍ പാര്‍ലമെന്റില്‍ പാസാക്കപ്പെട്ടത് കോണ്‍ഗ്രസ്-ബിജെപി സഹകരണത്തിലൂടെയാണ്. അമേരിക്കന്‍ വിധേയത്വത്തിലും ഇരു പാര്‍ടികളും ഒരേ തട്ടിലാണ്. അമേരിക്കന്‍ ചാരപ്രവര്‍ത്തനം പുറത്തുവന്നപ്പോള്‍ വിമര്‍ശിക്കാതിരിക്കാന്‍ ഇരു പാര്‍ടികളും ശ്രദ്ധിച്ചു. മഹാരാഷ്ട്രയിലും മറ്റുമുണ്ടായ ഭീകരവാദാക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് മേധാവിക്ക് ഉള്‍പ്പെടെ പങ്കുണ്ടെന്ന് അസീമാനന്ദ വെളിപ്പെടുത്തിയെങ്കിലും ഇക്കാര്യം എന്‍ഐഎയുടെ അന്വേഷണപരിധിയില്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല.

No comments:

Post a Comment