Saturday, February 15, 2014

"നിര്‍ഭയ" അക്രമികള്‍ക്കുവേണ്ടി: ഡോ. തോമസ് ഐസക്

നിലമ്പൂര്‍: സോണിയാഗാന്ധി ഉദ്ഘാടനംചെയ്ത യുഡിഎഫ് സര്‍ക്കാരിന്റെ "നിര്‍ഭയകേരളം സുരക്ഷിതകേരളം" അക്രമികള്‍ക്കും മാഫിയകള്‍ക്കും മാത്രം സുരക്ഷയും നിര്‍ഭയത്വവും നല്‍കുന്നതാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. തോമസ് ഐസക് പറഞ്ഞു. നിലമ്പൂര്‍ രാധ വധക്കേസില്‍ യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം, ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ നടത്തിയ നിലമ്പൂര്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സോണിയാഗാന്ധി "നിര്‍ഭയ" പദ്ധതി ഉദ്ഘാടനംചെയ്തപ്പോള്‍ നിലമ്പൂരില്‍ ഒരു സാധുസ്ത്രീക്ക് നീതി കിട്ടാന്‍ വേണ്ടി സമരം ചെയ്യുന്ന വനിതകളെ മന്ത്രിക്കൊപ്പം വന്ന കോണ്‍ഗ്രസ് നേതാക്കള്‍ ആക്രമിക്കുന്നു. ഈ അക്രമികള്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസിനെ നിര്‍ബന്ധിതമാക്കാന്‍ സ്ത്രീകള്‍ക്ക് ഒരു പകല്‍ മുഴുവന്‍ പൊലീസ് സ്റ്റേഷനുമുന്നില്‍ സമരംചെയ്യേണ്ടിവന്നു. ആഭ്യന്തരമന്ത്രി ഇതിന് മറുപടി പറയണം. പൊലീസിന് മുന്നില്‍വെച്ചാണ് രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ വനിതാ നേതാക്കളെ ആക്രമിച്ചതും അപമാനിച്ചതും. പൊലീസ് അപ്പോള്‍ത്തന്നെ പ്രതികളെ അറസ്റ്റുചെയ്യുകയും കേസ് നടപടികളുമായി മുന്നോട്ടുപോവുകയും വേണമായിരുന്നു. നിലമ്പൂര്‍ രാധ വധക്കേസില്‍ മന്ത്രിതന്നെ സംശയത്തിന്റെ നിഴലിലായതുകൊണ്ടാണ് പൊലീസ് നടപടിയെടുക്കാന്‍ മടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

രാധയെ കാണാതായി എന്ന പരാതി ലഭിച്ചിട്ടും പൊലീസ് അന്വേഷണമൊന്നും നടത്താതിരുന്നത് ദുരൂഹമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍ പറഞ്ഞു. രാധയുടെ മൃതദേഹം കണ്ടുകിട്ടിയ ഉടന്‍ പ്രതികള്‍ കീഴടങ്ങുന്നു. യഥാര്‍ഥ പ്രതികള്‍ രംഗത്തുവരാതിരിക്കാന്‍ വേണ്ടിയാണ് ഈ കീഴടങ്ങല്‍ നടത്തിയത്. യഥാര്‍ഥ പ്രതികളെ അറസ്റ്റുചെയ്യുന്നതുവരെ സമരം തുടരും. ജനങ്ങള്‍ക്ക് സംശയമുള്ള ചിലരെ ചോദ്യംചെയ്യുകപോലും ചെയ്യാതെ വിട്ടിരിക്കുന്നു. ഇത് സംശയം വര്‍ധിപ്പിക്കുകയാണ്. മൊഴിയെടുക്കാന്‍ പൊലീസിന് കൂട്ടുപോയത് കോണ്‍ഗ്രസിന്റെ അറിയപ്പെടുന്ന നേതാക്കളെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കണം: തോമസ് ഐസക്

പട്ടിക്കാട്: നിയമത്തില്‍ ഭേദഗതിവരുത്തി പ്രവാസികളുടെ ക്ഷേമം ഉറപ്പുവരുത്താന്‍ കേന്ദ്രþകേരള സര്‍ക്കാരുകള്‍ തയ്യാറാവണമെന്ന് മുന്‍ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് എംഎല്‍എ പറഞ്ഞു. "നിതാഖാത്ത് ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍" ദേശീയ സെമിനാര്‍ പട്ടിക്കാട് ചുങ്കത്ത് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

1922ല്‍ ബ്രിട്ടീഷുകാരുണ്ടാക്കിയ നിയമമാണ് ഇപ്പോഴും തുടരുന്നത്. നിതാഖാത്ത് വഴി തിരിച്ചുവരുന്നവര്‍ക്ക് പുതിയ തൊഴില്‍ മേഖല കണ്ടെത്തണം. പ്രവാസികള്‍ക്കെന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന വയലാര്‍ രവിയും ഇ അഹമ്മദും അവര്‍ക്കായി ഒന്നും ചെയ്തിട്ടില്ല. കോടിക്കണക്കിന് വിദേശമൂലധനം നേടിക്കൊടുത്ത പ്രവാസികള്‍ക്ക് അവരുടെ വിഹിതം ഉപയോഗിച്ചെങ്കിലും പെന്‍ഷന്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും തോമസ് ഐസക് പറഞ്ഞു.

നിതാഖാത്ത് ആഭ്യന്തരപ്രശ്നമല്ലെന്നും ഇത് ലോകത്ത് ഇന്ന് നടത്തുന്ന സാമ്പത്തിക ഗൂഢാലോചനയുടെ ഭാഗമാണെന്നും പ്രവാസിസംഘം സംസ്ഥാന പ്രസിഡന്റ് പി ടി കുഞ്ഞിമുഹമ്മദ് പറഞ്ഞു. കലിക്കറ്റ് സര്‍വകലാശാലാ ഇ എം എസ് ചെയറിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ കോþഓര്‍ഡിനേറ്റര്‍ പി അശോകന്‍ അധ്യക്ഷനായി. അബ്ദുള്‍ ഹമീദ് വാണിയമ്പലം, കലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് അംഗം വി ശശികുമാര്‍, സി ടി കുഞ്ഞാപ്പു, എം ഹംസക്കുട്ടി, മേലാറ്റൂര്‍ പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ പി സി ഷംസുദ്ദീന്‍ സ്വാഗതവും കണ്‍വീനര്‍ കെ ടി ഖമറുദ്ദീന്‍ നന്ദിയും പറഞ്ഞു.

deshabhimani

No comments:

Post a Comment