Sunday, February 16, 2014

ആര്യാടന്റെ സാന്നിധ്യത്തില്‍ സ്ത്രീകളെ കോണ്‍ഗ്രസുകാര്‍ വളഞ്ഞിട്ടു തല്ലി


നിലമ്പൂര്‍: മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ കാറിലെത്തിയ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ രണ്ട് മഹിളാ അസോസിയേഷന്‍ നേതാക്കളെ വളഞ്ഞിട്ട് തല്ലി. കോണ്‍ഗ്രസ് ഓഫീസില്‍ കൊല്ലപ്പെട്ട രാധയുടെ വീടിനടുത്താണ് ആര്യാടനും പൊലീസുകാരും നോക്കിനില്‍ക്കെ അക്രമം.

ആര്യാടന്റെ അടുത്ത അനുയായികളായ ജൂപ്പിറ്റര്‍ സുരേഷും മേലേക്കളം നാരായണനുമാണ് മഹിളാ അസോസിയേഷന്‍ നേതാക്കളായ ടി പി വത്സലയെയും കെ സുനന്ദയെയും ആക്രമിച്ചത്. കൊലപാതകം കഴിഞ്ഞ് ദിവസങ്ങളായിട്ടും തിരിഞ്ഞുനോക്കാതിരുന്ന ആര്യാടന്‍ ശനിയാഴ്ച രാവിലെയാണ് രാധയുടെ വീട്ടിലെത്തിയത്. സഹോദരങ്ങളടക്കമുള്ള ബന്ധുക്കള്‍ ബലിയിടാന്‍ തിരുന്നാവായയിലേക്ക് പോയ സമയത്തായിരുന്നു സന്ദര്‍ശനം. മന്ത്രിയെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നിലമ്പൂര്‍ നഗരസഭാ കമ്മിറ്റി പ്രസിഡന്റ് ടി പി വത്സലയും നഗരസഭാ കമ്മിറ്റിയംഗം കെ സുനന്ദയും കരിങ്കൊടി കാട്ടി മുദ്രാവാക്യം മുഴക്കി. ഉടന്‍ ആര്യാടന്റെ വാഹനത്തിലുണ്ടായിരുന്ന ജൂപ്പിറ്റര്‍ സുരേഷും മേലേക്കളം നാരായണനും ചാടിയിറങ്ങി വനിതാ നേതാക്കളെ കൈയേറ്റം ചെയ്തു. സുനന്ദയുടെ കഴുത്ത് ഞെരിച്ച് മര്‍ദിച്ചു. സാരി വലിച്ചുകീറിയ അക്രമികള്‍ ഇവരുടെ ബാഗ് പിടിച്ചെടുത്തു. സുനന്ദയെയും വത്സലയെയും അടിച്ച് നിലത്തിടുകയും ചവിട്ടുകയുംചെയ്തു. ആക്രമണത്തില്‍ സുനന്ദയുടെ കൈമുട്ടിന് പരിക്കേറ്റു. ഇരുവരുടെയും ദേഹമാസകലം ക്ഷതമേറ്റു. അക്രമം പൊലീസ് കൈയുംകെട്ടി നോക്കിനില്‍ക്കുകയായിരുന്നു. പരിക്കേറ്റ വത്സലയെയും സുനന്ദയെയും നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് ആരേയും അറസ്റ്റുചെയ്തില്ല. ഇതേ തുടര്‍ന്ന് സിപിഐ എം-മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ നിലമ്പൂര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.

ആര്യാടനെ പുറത്താക്കണം: വി എസ്

തിരു: നിലമ്പൂരില്‍ കോണ്‍ഗ്രസ് ഓഫീസ് ജീവനക്കാരിയുടെ ദാരുണമായ കൊലപാതകത്തില്‍ സംശയത്തിന്റെ നിഴലില്‍നില്‍ക്കുന്ന ആര്യാടന്‍ മുഹമ്മദ് മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 

രാജിവയ്ക്കുന്നില്ലെങ്കില്‍ അദ്ദേഹത്തെ മന്ത്രിസഭയില്‍നിന്നു പുറത്താക്കാന്‍ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും തയ്യാറാകണം. യുവതി കോണ്‍ഗ്രസ് ഓഫീസിലെ മാത്രമല്ല, മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ ഓഫീസിലെയും ജീവനക്കാരിയായിരുന്നു. ഇവരുടെ കൊലപാതകം സംശയകരമാണെന്നും പല ഉന്നതരെപ്പറ്റിയുമുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ യുവതി വെളിപ്പെടുത്തുമെന്ന് ഭയന്നാണ് യുവതിയെ അപായപ്പെടുത്തിയതെന്നുമാണ് സഹോദരന്‍ ആവര്‍ത്തിച്ചുവെളിപ്പെടുത്തിയത്. നേരത്തെ സോളാര്‍ കേസുണ്ടായപ്പോള്‍ ആര്യാടന്‍ സരിത എസ് നായരുമായി നടത്തിയ ഫോണ്‍വിളിയും സരിതയുടെ സന്ദര്‍ശനവുമൊക്കെ വിവാദം സൃഷ്ടിച്ചിരുന്നു. ഇതും യുവതിയുടെ കൊലപാതകവും തമ്മില്‍ ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷിക്കണം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ആക്രമണങ്ങളും ലൈംഗികപീഡനങ്ങളും അവസാനിപ്പിക്കാനാണ് "നിര്‍ഭയപദ്ധതി"യുടെ ഉദ്ഘാടനം സോണിയഗാന്ധിയെ കൊണ്ട് നടത്തിയത്. ഇക്കാര്യത്തില്‍ തെല്ലെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍ ചെന്നിത്തലയും വി എം സുധീരനും ഉദ്ഘാടനത്തിനുമുമ്പ് ആര്യാടനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കേണ്ടിയിരുന്നെന്നും പ്രസ്താവനയില്‍ പറഞ്ഞു.

കോണ്‍ഗ്രസ് ഓഫീസിലെ കൊല: വനിതാകമീഷന് മിണ്ടാട്ടമില്ല

തിരു: നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസില്‍ ജീവനക്കാരി രാധയെ ബലാത്സംഗം കൊലപ്പെടുത്തി ചാക്കില്‍കെട്ടി കുളത്തില്‍ തള്ളിയ സംഭവമുണ്ടായി ഒരാഴ്ച കഴിഞ്ഞിട്ടും വനിതാ കമീഷന് മിണ്ടാട്ടമില്ല. കമീഷന്‍ ചെയര്‍പേഴ്സണടക്കമുള്ളവര്‍ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. കേസില്‍ അറസ്റ്റിലായവര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായതിനാലും സംഭവം നടന്നത് കോണ്‍ഗ്രസ് ഓഫീസിലായതുമാണ് പ്രതികരണമില്ലാത്തത്. സംഭവത്തിനു പിന്നിലെ ദുരൂഹതയും ഗൂഢാലോചനകളും മന്ത്രി ആര്യാടന്‍ മുഹമ്മദിലേക്കും മകനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളിലേക്കും നീങ്ങുകയാണ്. സംഭവത്തെ അപലപിക്കാന്‍പോലും തയ്യാറാകാത്ത കമീഷന്റെ നിലപാടില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കമീഷന്‍ ചെയര്‍പേഴ്സണ്‍ കെ റോസക്കുട്ടി കോണ്‍ഗ്രസ് നേതാവും അംഗങ്ങള്‍ യുഡിഎഫ് ഘടകകക്ഷികളില്‍നിന്നുള്ളവരുമാണ്. രാധയുടെ വീട്ടിലെത്താനോ സംഭവത്തെപ്പറ്റി അന്വേഷിക്കാനോ വിവരങ്ങള്‍ ആരായാനോ ഇതുവരെ കമീഷന്‍ തയ്യാറായിട്ടില്ല.

deshabhimani

No comments:

Post a Comment