Sunday, February 16, 2014

"രണ്ടരലക്ഷം" പതിനായിരമായി; ജനകീയപ്രശ്നങ്ങളില്‍ തൊടാതെ സോണിയ; മുഖ്യമന്ത്രിക്കു കുത്ത്

കൊല്ലം: വിലക്കയറ്റം, സ്ത്രീകള്‍ക്കെതിരെ വ്യാപകമാകുന്ന ആക്രമണങ്ങള്‍, തൊഴിലില്ലായ്മ, വര്‍ധിച്ചുവരുന്ന അരാജകത്വം തുടങ്ങിയ പ്രശ്നങ്ങളില്‍ ഒരക്ഷരം ഉരിയാടാതെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി. ഐഎന്‍ടിയുസി സംസ്ഥാന റാലിയോടനുബന്ധിച്ച് ആശ്രാമം മൈതാനത്തു നടന്ന പൊതുസമ്മേളനം ഉദ്ഘാടനംചെയ്ത സോണിയ ജനങ്ങളും തൊഴിലെടുക്കുന്നവരും അഭിമുഖീകരിക്കുന്ന മൗലികപ്രശ്നങ്ങളില്‍ മൗനം പാലിച്ചു. അതേസമയം, കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങള്‍ പ്രതിസന്ധി അഭിമുഖീകരിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വേദിയിലിരുത്തി സോണിയ തുറന്നടിക്കുകയും ചെയ്തു. കേന്ദ്രഭരണം നയിക്കുന്ന യുപിഎയുടെ അധ്യക്ഷ കൂടിയായ സോണിയ രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ ഉള്‍പ്പെടെ വര്‍ധിക്കുന്ന സ്ത്രീപീഡനവും കൊലപാതകവും സംബന്ധിച്ച് പ്രസംഗത്തില്‍ പരാമര്‍ശിച്ചതേയില്ല. വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയ്ക്ക് അറുതിവരുത്താനുള്ള പദ്ധതിയോ വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള നടപടികള്‍ക്കോ കേന്ദ്രസര്‍ക്കാരും കോണ്‍ഗ്രസ് നയിക്കുന്ന സംസ്ഥാന സര്‍ക്കാരുകളും നടപടിയെടുക്കുമെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിക്കാനും അവര്‍ തയ്യാറായില്ല. പാചകവാതകത്തിന്റെ ഉപയോഗം അനുദിനം വര്‍ധിക്കുന്ന കേരളത്തില്‍ അതിന്റെ വിലവര്‍ധന വരുത്തുന്ന ആഘാതം കുറയ്ക്കാനുള്ള നടപടികള്‍ സോണിയ പ്രഖ്യാപിക്കും എന്നും പരക്കെ പ്രതീക്ഷിച്ചു. ഫലം നിരാശമാത്രം.

അതേസമയം പരമ്പരാഗത വ്യവസായങ്ങളുടെ കേന്ദ്രമാണ് കൊല്ലമെന്നും ഈ വ്യവസായങ്ങളുടെ സംരക്ഷണത്തിനു നടപടി സ്വീകരിക്കണമെന്നും സോണിയ പറഞ്ഞത് അവര്‍ക്കൊപ്പം വേദി പങ്കിട്ട മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുള്ള കുത്ത് ആയിരുന്നു. അധ്യക്ഷപ്രസംഗത്തില്‍ ഇക്കാര്യം ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ ഊന്നിപ്പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ അതേപടി കടംകൊണ്ടാണ് ഉമ്മന്‍ചാണ്ടിക്കെതിരെ സോണിയ ഒളിയമ്പു പ്രയോഗിച്ചത്.

അഞ്ചുലക്ഷം പേര്‍ നിലവില്‍ പങ്കെടുക്കുമെന്നായിരുന്നു സംഘാടകര്‍ ആദ്യം അവകാശപ്പെട്ടത്. പിന്നീട് ഇത് രണ്ടരലക്ഷം പേര്‍ എന്നായി. എന്നാല്‍, പതിനായിരത്തില്‍ താഴെ ആളുകള്‍ മാത്രമാണ് ശനിയാഴ്ച ആശ്രാമം മൈതാനത്തെ റാലിയില്‍ പങ്കെടുത്തത്. വിരുദ്ധചേരിയില്‍ നിലകൊള്ളുന്ന ആളാണ് ആര്‍ ചന്ദ്രശേഖരന്‍ എന്നതിനാല്‍ കൊല്ലം ഡിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ റാലി പൊളിക്കാന്‍ രഹസ്യനീക്കങ്ങള്‍ നടത്തിയിരുന്നു. ഇത് ഫലം കണ്ടു എന്നാണ് റാലിയില്‍ പങ്കെടുത്തവരുടെ എണ്ണം വന്‍തോതില്‍ കുറഞ്ഞത് കാണിക്കുന്നത്. പരമ്പരാഗത വ്യവസായങ്ങളുടെ പ്രതിസന്ധികള്‍ സോണിയയും ആര്‍ ചന്ദ്രശേഖരനും ഒരുപോലെ ചൂണ്ടിക്കാട്ടിയത് ഒരേ ഗ്രൂപ്പുകാരായ മുഖ്യമന്ത്രിക്കും ഡിസിസി പ്രസിഡന്റിനും തിരിച്ചടിയുമായി.

എം സുരേന്ദ്രന്‍ deshabhimani

No comments:

Post a Comment