Sunday, February 16, 2014

യാഗവേദിയില്‍ കെട്ടിപ്പിടിച്ച് രാംദേവും സാദിഖലിയും

deshabhimani

യാഗവേദിയില്‍ കെട്ടിപ്പിടിച്ച് രാംദേവും സാദിഖലിയും

കോഴിക്കോട്: അന്ധവിശ്വാസവും അനാചാരവും പ്രചരിപ്പിക്കുന്ന സോമയാഗ വേദിയില്‍ ആര്‍എസ്എസിന്റെ വര്‍ഗീയപ്രചാരകന്‍ രാംദേവും മുസ്ലിംലീഗ് നേതാവ് സാദിഖലിയും കെട്ടിപ്പുണര്‍ന്നു. മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായ പാണക്കാട് സാദിഖലി ശിഹാബ്തങ്ങള്‍ ആര്‍എസ്എസ്- ബിജെപി നേതാക്കള്‍ക്കൊപ്പം സോമയാഗത്തില്‍ പങ്കെടുത്തതും കെട്ടിപ്പിടിച്ചതും അണികളില്‍ ചര്‍ച്ചയായിട്ടുണ്ട്. പാണക്കാട് കുടുംബത്തില്‍ നിന്നുള്ള ആത്മീയ നേതാക്കളില്‍ പ്രമുഖനെന്ന് ലീഡ് നേതൃത്വം അവകാശപ്പെടുന്ന സാദിഖലി ആര്‍എസ്എസ് സ്പോണ്‍സര്‍ പരിപാടിയില്‍ പങ്കെടുത്തത് മതവിരുദ്ധം കൂടിയാണെന്നാണ് മുസ്ലീം സംഘടനകളുടെ നിലപാട്. കോണ്‍ഗ്രസ് നേതാക്കള്‍ പോലും ഈ പരിപാടിയിലുണ്ടായിരുന്നില്ല. 

കോഴിക്കോട് കാരപ്പറമ്പിലാണ് സോമയാഗം നടക്കുന്നത്. മോഡിക്കായും ആര്‍എസ്എസിന്റെ വിദ്വേഷ പ്രചാരകനായും വിവാദ നായകനായ രാംദേവായിരുന്നു ഉദ്ഘാടകന്‍. ആദായനികുതി വെട്ടിപ്പ് ഉള്‍പ്പടെ രാംദേവിനെതിരെ നിരവധി കേസുകളുമുണ്ട്. സോമയാഗം സാമൂഹിക പുരോഗതിക്ക് സഹായകമാണെന്നും സംസ്കൃതിക്ക് ഗുണകരമാണെന്നും ചടങ്ങില്‍ സാദിഖലി പ്രസംഗിച്ചു. ബിജെപി നേതാക്കളായ ഒ രാജഗോപാല്‍, അഡ്വ. പി എസ് ശ്രീധരന്‍പിള്ള, ആര്‍എസ്എസ് നേതാവായിരുന്ന പി പി മുകുന്ദന്‍ തുടങ്ങി സംഘപരിവാര നേതാക്കളും യാഗവേദിയില്‍ ഉണ്ടായിരുന്നു. അതേസമയം, വിഷയത്തില്‍ പരസ്യപ്രതികരണത്തിന് സുന്നി നേതൃത്വം തയ്യാറല്ല. പ്രശ്നം പഠിച്ചില്ലെന്ന് എസ്കെഎസ്എസ്എഫ് നേതാവ് നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു. വിഷയത്തില്‍ ഇ കെ വിഭാഗം നിലപാട് വ്യക്തമാക്കണമെന്നാണ് കാന്തപുരം സുന്നിസംഘടനയുടെ അഭിപ്രായം. സാദിഖലി സോമയാഗത്തില്‍ പങ്കെടുക്കാന്‍ പാടില്ലായിരുന്നുവെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് പറഞ്ഞു. അന്ധവിശ്വാസവും തട്ടിപ്പും പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണിത്. കടുത്ത അന്ധവിശ്വാസം വളര്‍ത്തുന്ന യാഗം ജനാധിപത്യബോധമോ മതനിരപേക്ഷ ചിന്തയോ ഉള്ളവര്‍ക്ക് അംഗീകരിക്കാനാവില്ലെന്നും കാരക്കുന്ന് പറഞ്ഞു. വിഷയത്തില്‍ പ്രതികരിക്കാന്‍ മുസ്ലിംലീഗ് നേതൃത്വം തയ്യാറായിട്ടില്ല.

പി വി ജീജോ

No comments:

Post a Comment