Sunday, February 16, 2014

പൊതുവിദ്യാഭ്യാസം സംരക്ഷിക്കാന്‍ പ്രക്ഷോഭം ശക്തമാക്കും: കെഎസ്ടിഎ

കൊല്ലം: ലോകത്തിനു മാതൃകയായ കേരളത്തിന്റെ പൊതു വിദ്യാഭ്യാസത്തെ തകര്‍ക്കാനുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നീക്കങ്ങള്‍ക്കെതിരായ ജനകീയ പോരാട്ടങ്ങള്‍ക്ക് ശക്തിപകരാനുള്ള ആഹ്വാനവുമായി കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ 23-ാം സംസ്ഥാനസമ്മേളനം സമാപിച്ചു. ജാതിക്കും മതത്തിനും അതീതമായ ജനാധിപത്യക്രമം നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന പൊതുവിദ്യാഭ്യാസത്തെ ഇല്ലാതാക്കാന്‍ ആഗോളവല്‍ക്കരണനയങ്ങളുടെ ഭാഗമായി ബോധപൂര്‍വമായ ശ്രമങ്ങളാണ് നടക്കുന്നതെന്ന് നാലുദിവസമായി നടന്ന സമ്മേളനം അംഗീകരിച്ച പ്രമേയം ചുണ്ടിക്കാട്ടി.

വരേണ്യവര്‍ഗത്തിനു മാത്രം പ്രാപ്യമായിരുന്ന വിദ്യാഭ്യാസം സാധാരണക്കാര്‍ക്കു ലഭ്യമാക്കിയത് സംസ്ഥാനം ഭരിച്ച ഇടതുപക്ഷ സര്‍ക്കാരുകളാണ്. മധ്യവര്‍ഗ താല്‍പ്പര്യത്തിന് അനുസരിച്ച് വിദ്യാഭ്യാസം കച്ചവടമാക്കാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ നീക്കം. സ്കൂളുകളിലെ അധ്യാപക- വിദ്യാര്‍ഥി അനുപാതം കുറയ്ക്കുമെന്ന വാഗ്ദാനം ലംഘിച്ച് നടപ്പാക്കിയ തസ്തിക നിര്‍ണയം ഉപേക്ഷിക്കണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെട്ടു. അധ്യാപക- വിദ്യാര്‍ഥി അനുപാതം 1:30 എന്ന ക്രമത്തില്‍ കുറച്ച് പ്രൈമറി, ഹൈസ്കൂള്‍ ക്ലാസുകളില്‍ അധിക തസ്തിക ഉണ്ടാക്കാന്‍ ഉത്തരവ് സഹായകമാകും. അനുപാതം കുറയ്ക്കുന്നതില്‍നിന്ന് സര്‍ക്കാര്‍ സ്കൂളുകളെയും കോര്‍പറേറ്റ് മാനേജ്മെന്റ് സ്കൂളുകളെയും ഒഴിവാക്കി. ഈ വര്‍ഷവും തസ്തിക നിര്‍ണയം നടത്തുന്നത് 1:45 അനുപാതത്തിലാണ്. സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകരെ അനുപാതം കുറച്ച് നിലനിര്‍ത്താന്‍ ഉത്തരവില്‍ വ്യവസ്ഥയില്ല. പിഎസ്സി വഴിയുള്ള നിയമന സാധ്യത സര്‍ക്കാര്‍ ഇല്ലാതാക്കി. സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളപരിഷ്കരണ നടപടി ത്വരിതപ്പെടുത്തണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ സംരക്ഷിക്കാനുള്ള പോരാട്ടങ്ങളില്‍ അധ്യാപകര്‍ അണിചേരാന്‍ ആഹ്വാനംചെയ്തു.


ഹയര്‍സെക്കന്‍ഡറി-വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുക, എല്ലാ പ്രൈമറി പ്രധാനാധ്യാപകരെയും ക്ലാസ് ചാര്‍ജില്‍നിന്ന് ഒഴിവാക്കുക, എസ്എസ്എ-ആര്‍എംഎസ്എ പ്രവര്‍ത്തനങ്ങളിലെ അഴിമതി അവസാനിപ്പിക്കുക, പരിഗണനാവിഷയങ്ങള്‍ അധ്യാപക സംഘടനകളുമായി ചര്‍ച്ചചെയ്ത് തീരുമാനിക്കുക, പാഠ്യപദ്ധതി അട്ടിമറിക്കാനുള്ള നീക്കം അവസാനിപ്പിക്കുക, സ്പെഷ്യലിസ്റ്റ് അധ്യാപകരെ പൂള്‍ ചെയ്യാനുള്ള തീരുമാനം പിന്‍വലിക്കുക, വിലക്കയറ്റം സൃഷ്ടിക്കുന്ന നയങ്ങള്‍ തിരുത്തുക, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുക, സ്ത്രീസുരക്ഷ ഉറപ്പുവരുത്തുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. യാത്രയയപ്പു സമ്മേളനം സിപിഐ എം കൊല്ലം ജില്ലാ സെക്രട്ടറി കെ രാജഗോപാല്‍ ഉദ്ഘാടനംചെയ്തു. കെഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് കെ എന്‍ സുകുമാരന്‍ അധ്യക്ഷനായി. സര്‍വീസില്‍നിന്നു വിരമിച്ച മുന്‍ ജനറല്‍ സെക്രട്ടറി എം ഷാജഹാന്‍, മുന്‍ സെക്രട്ടറി പി പരമേശ്വരന്‍, മുന്‍ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ എസ് ശ്രീകുമാര്‍, എം എന്‍ പുഷ്പലത, മുന്‍ സംസ്ഥാനകമ്മിറ്റി അംഗങ്ങളായ സി ആര്‍ ജനാര്‍ദനന്‍, സെലീനാമ്മ ചാക്കോ എന്നിവര്‍ക്ക് യാത്രയയപ്പു നല്‍കി. സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം കെ വരദരാജന്‍, പ്രൊഫ. വി എന്‍ മുരളി, പി സോമനാഥന്‍, ജോണ്‍ ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു.

ജനകീയസമരങ്ങളെ അപഹസിക്കുന്നത് ചരിത്രബോധം ഇല്ലാത്തവര്‍: കെ രാജഗോപാല്‍

കൊല്ലം: ജനകീയസമരങ്ങളെ പരിഹസിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നവര്‍ ചരിത്രബോധം ഇല്ലാത്തവരാണെന്ന് സിപിഐ എം ജില്ലാസെക്രട്ടറി കെ രാജഗോപാല്‍ പറഞ്ഞു. കെഎസ്ടിഎ 23-ാം സംസ്ഥാനസമ്മേളനത്തോട് അനുബന്ധിച്ചു നടന്ന യാത്രയയപ്പുസമ്മേളനം സി കേശവന്‍ സ്മാരക ടൗണ്‍ഹാളില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് ഉള്‍പ്പെടെ നിരവധി സമരങ്ങള്‍ കേരളത്തിലുണ്ടായി. സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ എല്‍ഡിഎഫ് സമരങ്ങള്‍ വിജയമാണ്. യുഡിഎഫ് സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരത്തില്‍ കയറുക ലക്ഷ്യമല്ലെന്ന് എല്‍ഡിഎഫ് ആദ്യംതന്നെ വ്യക്തമാക്കിയതാണ്. കൊടിയ തട്ടിപ്പിനു കൂട്ടുനിന്ന ഉമ്മന്‍ചാണ്ടിയെ മാറ്റാനുള്ള ആര്‍ജവം കോണ്‍ഗ്രസ് നേതൃത്വത്തിനില്ല. പൊതുവിദ്യാഭ്യാസത്തെ കച്ചവടച്ചരക്കാക്കിയ യുഡിഎഫ് സര്‍ക്കാരിനെതിരായ പ്രക്ഷോഭങ്ങള്‍ക്ക് കെഎസ്ടിഎ നേതൃത്വം നല്‍കണമെന്നും കെ രാജഗോപാല്‍ പറഞ്ഞു. കൂടുതല്‍ പഠനങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും അധ്യാപകസമൂഹം തയ്യാറാകണമെന്ന് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന ജനറല്‍സെക്രട്ടറി പ്രൊഫ. വി എന്‍ മുരളി പറഞ്ഞു. ക്ലാസ്മുറികളില്‍ കുട്ടികളുടെ ഭാവി നാം രൂപപ്പെടുത്തുമ്പോള്‍ ക്ലാസ്മുറിയുടെ ഭാവി രൂപപ്പെടുന്നത് അതിനു പുറത്താണ്. വിദ്യാഭ്യാസത്തിന്റെ മനുഷ്യമുഖം നഷ്ടപ്പെടുന്ന ദുരന്തവഴിയിലൂടെയാണ് നാം മുന്നോട്ടുപോകുന്നതെന്നും അതിനെ തിരിച്ചുപിടിക്കാന്‍ അധ്യാപക പ്രസ്ഥാനത്തിനു കഴിയണമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് കെ എന്‍ സുകുമാരന്‍ അധ്യക്ഷനായി.

deshabhimani

No comments:

Post a Comment