Monday, February 17, 2014

ചെറുകാടിനെ അറിഞ്ഞ് ജന്മശതാബ്ദി ആഘോഷം

നീലേശ്വരം: മണ്ണില്‍ പണിയെടുക്കുന്നവന്റെ വേദനയറിഞ്ഞ് മനുഷ്യജീവിതത്തിന്റെ കുതിപ്പും കിതപ്പും പങ്കുവച്ച കമ്യൂണിസ്റ്റുകാരനായ സാഹിത്യകാരനെ അറിഞ്ഞും പഠിച്ചും ജന്മശതാബ്ദി ആഘോഷം. പുരോഗമന കലാസാഹിത്യസംഘം ജില്ലാകമ്മിറ്റി നീലേശ്വരം അര്‍ബന്‍ ബാങ്ക് ഹാളില്‍ സംഘടിപ്പിച്ച ചെറുകാട് ജന്മശതാബ്ദി ആഘോഷം മലയാളത്തിന്റെ അതുല്യ എഴുത്തുകാരനുള്ള ആദരവായി. ചെറുകാടിന്റെ ജീവിതത്തിലൂടെയും രചനകളിലൂടെയും സഞ്ചരിച്ചാണ് രണ്ടുദിവസത്തെ ആഘോഷ പരിപാടിസമാപിച്ചത്. ജന്മശതാബ്ദി ആഘോഷം കഥാകാരന്‍ എം മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. നിരൂപകന്‍ പി കെ രാജശേഖരന്‍ അനുസ്മരണ പ്രഭാഷണം നടത്തി.

ചെറുകാടിന്റെ ജീവിതത്തെ സ്വാംശീകരിച്ച് അവിടെ നില്‍ക്കാതെ പുതിയ ഊര്‍ജവും പന്ഥാവും കണ്ടെത്തുകയാണ് പുരോഗമന കലാസാഹിത്യ സംഘത്തിന്റെ വര്‍ത്തമാനകാല കടമയെന്ന് അദ്ദേഹം പറഞ്ഞു. സാഹിത്യത്തിന് രണ്ട് ഭാവമുണ്ട്. ഒന്ന് നിഷ്കളങ്ക ഭാവവും മറ്റൊന്ന് വിമര്‍ശനാത്മക ഭാവവുമാണ്. ഉള്ളത് ഉള്ളതുപോലെ പറയുന്നത് നിഷ്കളങ്ക ഭാവം. ചെറുകാടിന്റെ "മുത്തശി" പോലുള്ള നോവല്‍ ഇതില്‍പെട്ടതാണെന്നും എന്നാല്‍ "ദേവലോക"ത്തിലെത്തുമ്പോള്‍ വിമര്‍ശനാത്മകമായ തലം കണ്ടെത്താന്‍ കഴിയും. കമ്യൂണിസ്റ്റുകാരനായി ജീവിച്ച ഒരാളുടെ മാനസിക മാറ്റവും അയാള്‍ തികച്ചും വലതുപക്ഷത്തെത്തുന്നതുമാണ് അതില്‍ പ്രതിപാദ്യം. ഇത് കമ്യൂണിസ്റ്റ് പാര്‍ടിയെ തള്ളിപ്പറയുന്നതല്ല. മറിച്ച് കമ്യൂണിസ്റ്റുകാരില്‍ ഉണ്ടാകുന്ന ആശാസ്യമല്ലാത്ത മാറ്റത്തോടുള്ള വിമര്‍ശനമായിരുന്നു. എല്ലാത്തിനെയും വിമര്‍ശനാത്മകമായി കാണാനും വിലയിരുത്താനുമുള്ള ആര്‍ജവമാണ് ഇന്നുണ്ടാകേണ്ടതെന്നും രാജശേഖരന്‍ പറഞ്ഞു.

പ്രമുഖ നാടകകാരനും സംഗീത നാടക അക്കാദമി മുന്‍ ചെയര്‍മാനുമായ കെ എം രാഘവന്‍ നമ്പ്യാര്‍ (ചെറുകാടിന്റെ അരങ്ങും അണിയറയും), ഡോ. സി ബാലന്‍ (ചെറുകാടിന്റെ നോവലുകളും കേരളസമൂഹ പരിണാമവും) എന്നിവര്‍ പ്രഭാഷണം നടത്തി. ചെറുകാടിന്റെ കൃതികളെ പരിചയപ്പെടുത്തി പാലക്കീഴ് നാരായണന്‍ സംസാരിച്ചു. കെ കണ്ണന്‍നായര്‍ ചെറുകാടിന്റെ "നമ്മൊളൊന്ന്" നാടകത്തിലെ "പച്ചപനന്തത്തെ" ഗാനം ആലപിച്ചു. വാസു ചോറോട് സംസാരിച്ചു. ഇ പി രാജഗോപാലന്‍ അധ്യക്ഷനായി. സംഘം നേതാവായിരുന്ന എരുമേലി പരമേശ്വരന്‍പിള്ളയ്ക്ക് ആദരാഞ്ജലി അര്‍പിച്ചാണ് പരിപാടി തുടങ്ങിയത്. രവീന്ദ്രന്‍ കൊടക്കാട് സ്വാഗതവും എം വി രാഘവന്‍ നന്ദിയും പറഞ്ഞു. സ്മൃതി രംഗത്തില്‍ ചെറുകാടിന്റെ നാടും വീടും എന്ന പരിപാടിയില്‍ ചെറുകാടിന്റെ ശിഷ്യനായ പാലക്കീഴ് നാരായണന്‍, ചെറുകാടിന്റെ മക്കളായ കെ പി രമണന്‍, സി പി ചിത്ര എന്നിവര്‍ ചെറുകാടിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ചു. പി വി കെ പനയാല്‍ അധ്യക്ഷനായി. കെ സി എസ് നായര്‍ സ്വാഗതവും ഡോ. പി പ്രഭാകരന്‍ നന്ദിയും പറഞ്ഞു.

മനസ്സിന്റെ വിശപ്പ് മാറ്റാനുള്ള എഴുത്താണ് ആവശ്യം: എം മുകുന്ദന്‍

നീലേശ്വരം: പഴയകാലത്ത് വയറിന്റെ വിശപ്പ് മാറ്റാനുള്ള സമരമായിരുന്നു സാഹിത്യമെങ്കില്‍ ഇപ്പോള്‍ മനസിന്റെ വിശപ്പ് മാറ്റാനുള്ള എഴുത്താണ് ആവശ്യമെന്ന് എം മുകുന്ദന്‍ പറഞ്ഞു. വയറിന്റെ വിശപ്പ് മാറ്റുക പ്രയാസമുള്ള കാര്യമല്ല. എന്നാല്‍ മനസിന്റെ വിശപ്പ് മാറ്റുക എളുപ്പമല്ല. അച്ഛന്‍ മകളെ പീഡിപ്പിക്കുന്നതും എവിടെയും മദ്യപാനം മുന്നിലേക്ക് വരുന്നതും മനസിന്റെ വിശപ്പുകാരണമാണ്. മുമ്പ് വയറിന്റെ വിശപ്പു മാറ്റാന്‍ ചെറുകാടിനെപ്പോലുള്ളവര്‍ എഴുതിയതുപോലെ വര്‍ത്തമാനകാല എഴുത്തുകാര്‍ മനസിന്റെ വിശപ്പ് മാറ്റാനുള്ള എഴുത്തിനെക്കുറിച്ചാണ് ആലോചിക്കേണ്ടത്. പുരോഗമന കലാസാഹിത്യസംഘം ജില്ലാകമ്മിറ്റി നീലേശ്വരത്ത് സംഘടിപ്പിച്ച ചെറുകാട് ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുകുന്ദന്‍.

ഇന്ത്യയിലെ സമ്പന്നരാജ്യമായി കേരളം മാറി. ചെറുകാടിനെപ്പോലുള്ള സാഹിത്യകാരന്മാരുടെ എഴുത്തിലൂടെ സാമൂഹ്യ ഉച്ചനീചത്വങ്ങള്‍ക്കെതിരെ ഉയര്‍ന്നുവന്ന സമരങ്ങളുടെ ഫലമാണിത്. യുപിയിലും ബിഹാറിലും മനുഷ്യര്‍ കന്നുകാലികള്‍ക്ക് സമമായാണ് ജീവിക്കുന്നത്. ഗ്രാമങ്ങളില്‍ പണിയില്ലാത്തതുകൊണ്ടാണ് കുട്ടികളെയുമെടുത്ത് ഉടുതുണിയുമായി ആളുകള്‍ പട്ടണത്തിലേക്ക് വരുന്നത്. ഡല്‍ഹിപോലുള്ള നഗരങ്ങളില്‍ ഒരുപാട് നിര്‍മാണം നടക്കുന്നുണ്ട്. അവിടെ പണിയുന്ന കെട്ടിടങ്ങളുടെ അടുത്ത് കൂര കെട്ടിയാണ് തൊഴിലാളികള്‍ ജീവിക്കുന്നത്. വഴിയോരങ്ങളില്‍ കഴിയുന്ന ഈ കുടുംബങ്ങളിലെ പെണ്‍കുട്ടികളെ പലപ്പോഴും കാണാതാകുന്നുണ്ട്. ആരും അറിയുന്നുമില്ല, ചോദിക്കുന്നുമില്ല. എഴുത്തുകാര്‍ക്ക് സമൂഹത്തെ മാറ്റാനാകും. അതിനുദാഹരണമാണ് ചെുകാടിനെപ്പോലുള്ള സാഹിത്യകാരന്മാരുടെ ജീവിതം. തീ പിടിപ്പിക്കുന്ന സൃഷ്ടികളായിരുന്നു അവരുടേത്. എന്നാലിന്ന് സാഹിത്യകാരന് ലാളനയാണ്. അവാര്‍ഡും സ്വീകരണവുമെല്ലാം ലഭിക്കുമ്പോള്‍ തീപിടിച്ച രചനകളുണ്ടാകുന്നില്ല. സമരവും പോരാട്ടവും ആവശ്യമില്ലെന്ന തോന്നലാണിപ്പോള്‍. ഇത് ശരിയല്ല. കാലത്തിനുസരിച്ച് പ്രത്യയശാസ്ത്രത്തെ നവീകരിച്ച് ജീവിതത്തിനുവേണ്ടിയുള്ള പോരാട്ടം ശക്തിപ്പെടുത്താന്‍ എഴുത്തുകാര്‍ക്ക് കഴിയണം- മുകുന്ദന്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment