Friday, February 21, 2014

പാറമടകള്‍ക്ക് നിയമവിരുദ്ധമായി നല്‍കിയ അനുമതി റദ്ദാക്കണം: പിണറായി

പാറമടകള്‍ക്ക് നിയമവിരുദ്ധമായി നല്‍കിയ അനുമതി റദ്ദാക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പെരിന്തല്‍മണ്ണയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 17 പാറമടകള്‍ക്ക് നിയമവിരുദ്ധമായി അനുമതി നല്‍കിയതില്‍ വന്‍ അഴിമതിയുണ്ട്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃയോഗത്തിലും അഭിപ്രായമുയര്‍ന്നു. അഴിമതി ആരോപണത്തോട് മുഖ്യമന്ത്രി പ്രതികരിക്കണം. വനം, പരിസ്ഥിതി വകുപ്പിന്റെ ചുമതല മുഖ്യമന്ത്രി വഹിച്ചിരുന്നകാലത്താണ് അഴിമതി നടന്നിരിക്കുന്നത്. സംസ്ഥാന പരിസ്ഥിതി ആഘാത അവലോകന അതോറിറ്റി ചെയര്‍മാന്റെ അഭിപ്രായം തള്ളിയാണ് അഴിമതിയിലൂടെ അനുമതി നല്‍കിയത്. ഇതിന്വേണ്ടി ചെയര്‍മാന്‍ മുത്തുനായകത്തെ ആ സ്ഥാനത്ത് ഇരിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടാക്കി രാജിവെപ്പിച്ചശേഷം അതോറിറ്റിയുടെ ശുപാര്‍ശ വാങ്ങി. അതോറിറ്റിയെ നിഷ്ക്രിയമാക്കിയതിനെതിരെ കോണ്‍ഗ്രസ് നേതാക്കളടക്കം ആക്ഷേപമുന്നയിച്ചു.ഗവണ്‍മെന്റ് ഏകപക്ഷീയമായി നീങ്ങുന്നുവെന്ന തോന്നലാണ് മുത്തുനായകത്തിന്റെ രാജിക്കിടയാക്കിയത്.

കേരളത്തിന്റെ പൊതുവിദ്യാഭ്യാസരംഗം പൂര്‍ണമായും തകര്‍ക്കുന്ന നടപടികളാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. 2500 സിബിഎസ്ഇ-അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കിയത് പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കും. കുട്ടികള്‍ക്കുള്ള പോഷകാഹാര വിതരണം തകര്‍ത്തു. സൗജന്യ പാഠപുസ്തക വിതരണം അട്ടിമറിച്ച് അഴിമതിക്കുള്ള വേദിയാക്കി. അധ്യയന നിലവാരം മെച്ചപ്പെടുത്താനുള്ള പദ്ധതികളെല്ലാം തകര്‍ത്തു. ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ഏകജാലക സംവിധാനം എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റിയതാണ്. അതും ഇല്ലാതാക്കി. അധ്യാപക സ്ഥലംമാറ്റത്തിന്റെ മാനദണ്ഡങ്ങള്‍ അട്ടിമറിച്ചു. ഉന്നത വിദ്യാഭ്യാസത്തിലെ ജനാധിപത്യ സംവിധാനം ഇല്ലാതാക്കി. മാനദണ്ഡമില്ലാതെ 34 സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകള്‍ക്ക് കലിക്കറ്റ് യൂണിവേഴ്സിറ്റി അനുമതിനല്‍കി. സ്വയംഭരണ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സ്വാശ്രയ കോഴ്സുകളെയും പ്രോത്സാഹിപ്പിക്കുന്ന നടപടി ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരത്തെ പ്രതികൂലമായി ബാധിക്കും. പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള അവസരം നിഷേധിക്കപ്പെടും. സ്വാശ്രയ പ്രൊഫഷണല്‍ കോഴ്സുകളിലെ പ്രവേശനത്തിന് കേന്ദ്രനിയമം വേണം. ഇതിന് ശക്തമായ ഇടപെടല്‍ ആവശ്യമാണെന്നും പിണറായി പറഞ്ഞു.

deshabhimani

No comments:

Post a Comment