Friday, February 21, 2014

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയക്കളി

ചന്ദ്രശേഖരന്റെ വധത്തെ തുടര്‍ന്ന് ആരംഭിച്ച സിപിഐ എം വേട്ടാ പരമ്പരയിലേക്ക് ഇനി സിബിഐയും. രണ്ടു വര്‍ഷമായി തുടരുന്ന പാര്‍ടിക്കെതിരായ രാഷ്ട്രീയ പകപോക്കലിന്റെ ഒടുവിലത്തെ ആയുധമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പുറത്തെടുത്തത്. കോടതി വിധി വന്നപ്പോള്‍ തങ്ങളാഗ്രഹിച്ചവര്‍ ശിക്ഷിക്കപ്പെടാത്തതിലുള്ള പ്രതികാര രാഷ്ട്രീയമാണ് ഇതിലൂടെ വെളിപ്പെടുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പാര്‍ടിയുടെ ഉന്നതനേതാക്കളെയടക്കം ലക്ഷ്യമിട്ടുള്ള അന്വേഷണം നിയമം നിയമത്തിന്റെ വഴിക്കല്ല നീങ്ങുന്നതെന്നതിന്റെ ആവര്‍ത്തിച്ചുള്ള തെളിവാണിത്.

ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട 2012 മെയ് നാലിന് രാത്രി മുതല്‍ ആരംഭിച്ചതാണ് സിപിഐ എമ്മിനെ കുടുക്കാനുള്ള സംഘടിതശ്രമം. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പല തട്ടുകളിലായി കേസ് അന്വേഷിച്ചു. സിപിഐ എമ്മിന്റെ സംസ്ഥാന-ജില്ലാ നേതാക്കളും പ്രവര്‍ത്തകരും മുതല്‍ അനുഭാവികള്‍വരെ പ്രതികളാക്കപ്പെട്ടു. ഇതിന്റെ തുടര്‍ച്ചയായി പ്രസംഗിച്ചതിനും പ്രകടനം നടത്തിയതിനുമെല്ലാം കേസുകളുണ്ടായി. കോഴിക്കോട് ജില്ലയില്‍ മാത്രം മുന്നൂറിലധികം കേസെടുത്തെന്നാണ് കണക്ക്. ആയിരത്തിലധികം പ്രവര്‍ത്തകര്‍ ലോക്കപ്പിലും ജയിലിലുമടയ്ക്കപ്പെട്ടു. അന്നെല്ലാം കേസ് നിഷ്പക്ഷവും നീതിപൂര്‍വ്വവുമായാണ് പൊലീസ് അന്വേഷിച്ചതെന്നാണ് സര്‍ക്കാരും അനുകൂല മാധ്യമങ്ങളും അവകാശപ്പെട്ടു. ആര്‍എംപിയും കെ കെ രമയും ഇത് തന്നെ പറഞ്ഞു.

കൊലക്കേസില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പേര് പറയിക്കാന്‍ പൊലീസ് ഭീഷണിയും സമ്മര്‍ദവുമുണ്ടായെന്ന് കേസില്‍ കോടതി വിട്ടയച്ച പി മോഹനന്‍ വെളിപ്പെടുത്തിയിരുന്നു. അതേ ലക്ഷ്യത്തിനാണിപ്പോള്‍ സിബിഐ അന്വേഷണം. നിയമവ്യവസ്ഥയെയടക്കം വെല്ലുവിളിക്കയാണിതിലൂടെ സര്‍ക്കാര്‍. വിധിക്കെതിരെ അപ്പീല്‍ പോവുക, തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കുക എന്നീ ജനാധിപത്യ-നിയമരീതികളെയാകെ ഇത്വഴി അട്ടിമറിക്കുകയാണ്.

പി വി ജീജോ

നിയമപ്രത്യാഘാതം ഗുരുതരം

തിരു: നിലംപൊത്താറാകുന്ന ഒരു സര്‍ക്കാരിന്റെ ആയുസ്സില്ലാത്ത തീരുമാനം- അതാണ് ചന്ദ്രശേഖരന്‍ വധക്കേസ് ഗൂഢാലോചനാ അന്വേഷണം സിബിഐക്ക് വിടാനുള്ള ശുപാര്‍ശ. ഗുരുതരമായ നിയമ- ഭരണ പ്രത്യാഘാതം ക്ഷണിച്ചുവരുത്തുന്നതാണ് സര്‍ക്കാര്‍ നടപടി. വിധി വന്ന ക്രിമിനല്‍കേസില്‍ കോടതി നിര്‍ദേശമില്ലാതെ കേസ് സിബിഐക്ക് വിടാന്‍ ഒരു സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ നല്‍കുന്നത് രാജ്യചരിത്രത്തില്‍ ആദ്യം. സാധാരണനിലയില്‍ സിബിഐ ഇക്കാര്യം ചെവിക്കൊള്ളാന്‍ ഇടയില്ല. പ്രധാനമന്ത്രിതലത്തില്‍ തീരുമാനമെടുത്താല്‍ മാത്രമേ ഇത് നടപ്പാകൂ. അതിനപ്പുറം ഹൈക്കോടതി ഉള്‍പ്പെടെയുള്ള നീതിന്യായ സംവിധാനങ്ങളും നിയമപരമായ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യും. അങ്ങനെ വന്നാല്‍ സിബിഐ അന്വേഷണം യാഥാര്‍ഥ്യമാകാന്‍ ബുദ്ധിമുട്ടാണ്.

ആര്‍എംപിയും യുഡിഎഫും ഉമ്മന്‍ചാണ്ടി സര്‍ക്കാരും തമ്മില്‍ നടന്ന രാഷ്ട്രീയ ഗൂഢാലോചനയുടെ അവിശുദ്ധ സന്തതിയാണ് സിബിഐ അന്വേഷണത്തിനുള്ള സര്‍ക്കാര്‍ ശുപാര്‍ശ. ഇതിന്റെ പ്രഖ്യാപനം വരുംമുമ്പ് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് വി എം സുധീരനും കൂടിയാലോചന നടത്തിയിരുന്നു. നിയമവിരുദ്ധമായ തീരുമാനത്തിന് പൊലീസ് മേധാവി ബാലസുബ്രഹ്മണ്യവും എഡിജിപി ശങ്കര്‍റെഡ്ഡിയും ആഭ്യന്തരസെക്രട്ടറിയും സിപിഐ എം വേട്ടയ്ക്കുള്ള രാഷ്ട്രീയ ഉപകരണങ്ങളായി തരംതാണു. ഇതിന് ഇവര്‍ നിയമത്തിനു മുന്നില്‍ ഭാവിയില്‍ മറുപടി നല്‍കേണ്ടിവരും. ലോക്സഭാ തെരഞ്ഞെടുപ്പോടെ പൊളിയാന്‍പോകുന്ന ഒരു സര്‍ക്കാരിനുവേണ്ടിയാണ് ഈ ഉദ്യോഗസ്ഥര്‍ ദാസ്യവേല ചെയ്തത്. പൊലീസ് അന്വേഷിച്ച് കണ്ടെത്തിയ നിഗമനങ്ങള്‍ക്കപ്പുറമായി എന്തെങ്കിലും വസ്തുത ശങ്കര്‍റെഡ്ഡി നയിച്ച പൊലീസ് ടീമിന്റെ അന്വേഷണത്തിലും വന്നിട്ടില്ല. എന്നിട്ടും ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ആരോപിക്കുന്ന ആക്ഷേപങ്ങളെപ്പറ്റി മറ്റൊരു ഏജന്‍സി അന്വേഷിക്കണമെന്ന ദുര്‍ബലമായ ശുപാര്‍ശ സര്‍ക്കാര്‍ താല്‍പ്പര്യപ്രകാരം ശങ്കര്‍റെഡ്ഡിമുതലുള്ള ഉദ്യോഗസ്ഥര്‍ നല്‍കുകയായിരുന്നു.

സിബിഐ അന്വേഷണം ധൃതിപിടിച്ചും രാഷ്ട്രീയ പകപോക്കലിനുംവേണ്ടി സ്വീകരിക്കുന്നത് നന്നല്ലെന്ന് രമയുടെ ഉപവാസനാടകത്തിനു മധ്യേ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കുകയും മന്ത്രിസഭ ആ അഭിപ്രായത്തില്‍ എത്തുകയും ചെയ്തതാണ്. അവിടെനിന്ന് കീഴ്മേല്‍ മറിഞ്ഞാണ് സിബിഐ അന്വേഷണത്തിനുള്ള ഉത്തരവ് പുറപ്പെടുവിക്കുമെന്ന് ചെന്നിത്തല വ്യാഴാഴ്ച പ്രഖ്യാപിച്ചത്. ഈ വിഷയത്തില്‍ മന്ത്രിസഭാ തീരുമാനത്തിനുപോലും കാക്കാതെ ആഭ്യന്തരവകുപ്പിന്റേതായി തീരുമാനം കൈക്കൊണ്ടതിലൂടെ ഉമ്മന്‍ചാണ്ടി- സുധീരന്‍ എന്നിവരേക്കാള്‍ കമ്യൂണിസ്റ്റ്വിരുദ്ധതയില്‍ കേമന്‍ താനാണെന്ന് ചെന്നിത്തല ബോധ്യപ്പെടുത്തി.

ചന്ദ്രശേഖരന്‍കേസില്‍ കോടതിവിധി വന്നതോടെ സിപിഐ എം പ്രതിക്കൂട്ടിലല്ലെന്നുകണ്ട് നിരാശരായ കോണ്‍ഗ്രസ് നേതാക്കളും ഒപ്പം വീരേന്ദ്രകുമാറും ആര്‍എംപിയുമായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമായി ചെന്നിത്തലയ്ക്ക് ജനുവരി 10ന് കെ കെ രമ നിവേദനം നല്‍കിയിരുന്നു. ഇതുസംബന്ധിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍, അഡ്വക്കറ്റ് ജനറല്‍ എന്നിവരില്‍നിന്ന് അനുകൂല നിയമോപദേശം വാങ്ങി 24-ാം ദിവസം എടച്ചേരി പൊലീസ് സ്റ്റേഷനില്‍ വധഗൂഢാലോചനാ കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ചെയ്തു. എന്നാല്‍, ചന്ദ്രശേഖരന്‍ കേസില്‍ ഗൂഢാലോചന ഉള്‍പ്പെടെയുള്ള കുറ്റങ്ങളാരോപിച്ച് 76 പ്രതികളെ ചേര്‍ത്ത് പ്രോസിക്യൂഷന്‍ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും കേസില്‍ വിധി വരികയും ചെയ്തതാണ്. ഗുഢാലോചനാ കുറ്റത്തിന് ഒന്നിലധികംപേരെ ശിക്ഷിക്കുകയുംചെയ്തു. എന്നാല്‍, പി മോഹനന്‍ ഉള്‍പ്പെടെയുള്ള സിപിഐ എം നേതാക്കള്‍ പങ്കെടുത്തതായി ആരോപിച്ച ഓര്‍ക്കാട്ടേരി പൂക്കട ഗുഢാലോചന എന്ന പ്രോസിക്യൂഷന്‍ കേസ് കോടതി തള്ളി. ഈസാഹചര്യത്തിലാണ്, കോടതിയെയും നിയമസംഹിതയെയും അവഹേളിക്കുംവിധം സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ ശുപാര്‍ശ നല്‍കുന്നത്.

ആര്‍ എസ് ബാബു

സര്‍ക്കാര്‍ തയ്യാറാക്കിയ തിരക്കഥ: എസ് ആര്‍ പി

ന്യൂഡല്‍ഹി: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സര്‍ക്കാര്‍ തയ്യാറാക്കിയ തിരക്കഥപ്രകാരമാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള അഭിപ്രായപ്പെട്ടു. സിബിഐ അന്വേഷണം സര്‍ക്കാര്‍ നേരത്തെ തത്വത്തില്‍ അംഗീകരിച്ചതാണ്. ഇതിനായി പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കുകയും ചെയ്തു. സര്‍ക്കാരിന്റെ ആഗ്രഹപ്രകാരമുള്ള റിപ്പോര്‍ട്ടാണ് പൊലീസ് തയ്യാറാക്കിക്കൊടുത്തത്. അപ്രകാരമാണ് ഇപ്പോള്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. നിയമവിരുദ്ധമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സിപിഐ എമ്മിനെയും നേതാക്കളെയും ലക്ഷ്യമിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ അത് നേരിടും- അദ്ദേഹം പറഞ്ഞു.

deshabhimani

No comments:

Post a Comment