Friday, February 21, 2014

നിയമസംഹിതയുടെ ദുരുപയോഗം

നയമോ നിലപാടോ വിശദീകരിച്ച് ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാനാവില്ലെന്നു വന്നപ്പോള്‍ പ്രതിപക്ഷത്തെ അപകീര്‍ത്തിപ്പെടുത്തി വിജയിക്കാനാവുമോ എന്ന് പരീക്ഷിക്കുകയാണ് യുഡിഎഫ്. ഇതിനായി കോടതിയെത്തന്നെ ധിക്കരിച്ചും നിയമസംഹിതകള്‍ ദുരുപയോഗിച്ചും യുഡിഎഫ് സര്‍ക്കാര്‍ നീങ്ങുന്നുവെന്നതിന്റെ ഒന്നാംതരം ദൃഷ്ടാന്തമാണ് അവര്‍ വ്യാഴാഴ്ച പ്രഖ്യാപിച്ച സിബിഐ അന്വേഷണം. പൊലീസ് അന്വേഷിച്ചു. കുറ്റപത്രം സമര്‍പ്പിച്ചു. വിചാരണ കഴിഞ്ഞു. പ്രതികളായി കൊണ്ടുവന്ന 76 പേരില്‍ 12 പേരെ കോടതി ശിക്ഷിക്കുകയുംചെയ്തു. ഇതെല്ലാം കഴിഞ്ഞ് പല ആഴ്ചകള്‍കൂടി കഴിഞ്ഞപ്പോഴാണ് സിബിഐ അന്വേഷണം.

ഇതിന്റെ അര്‍ഥമെന്താണ്. കോടതി സംവിധാനത്തില്‍ വിശ്വാസമില്ല എന്നല്ലേ? ഒരു ജനാധിപത്യ സര്‍ക്കാരിന്, ഭരണഘടന മുന്‍നിര്‍ത്തി സത്യപ്രതിജ്ഞചെയ്തവര്‍ക്ക് എടുക്കാന്‍ കൊള്ളുന്ന നിലപാടാണോ ഇത്? ഈ നിലപാടിനു പിന്നിലെ പ്രേരണ ഒന്നുമാത്രമാണ്. ഗൂഢാലോചനയില്‍ ഉന്നതരുണ്ടെന്ന പ്രതീതി സൃഷ്ടിച്ച് സംശയത്തിന്റെ പുകമറയുണ്ടാക്കുക. ആ മറയ്ക്കിടയിലൂടെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കടന്നുകൂടുക. അത്രമാത്രം. ഇതിനായി ഇന്ത്യന്‍ പീനല്‍കോഡും ക്രിമിനല്‍ പ്രൊസീജര്‍ കോഡും ഒക്കെ ദുരുപയോഗിക്കുകയാണ് ഈ സര്‍ക്കാര്‍.

ക്രൈംകേസില്‍ എഫ്ഐആര്‍ ഇടുന്നത് കുറ്റകൃത്യം നേരിട്ടുകണ്ടവര്‍, കേട്ടറിഞ്ഞവര്‍, അനുഭവിച്ചറിഞ്ഞവര്‍ എന്നിങ്ങനെ മൂന്നു കൂട്ടരിലാരുടെയെങ്കിലും മൊഴിയുടെ അടിസ്ഥാനത്തിലാണ്. ഇതിനപ്പുറത്ത് മറ്റേതെങ്കിലും ഒന്നിന്റെ അടിസ്ഥാനത്തിലുള്ള എഫ്ഐആര്‍ ഇന്ത്യന്‍ നീതിസംഹിത വിഭാവനംചെയ്തിട്ടില്ല. എന്നാല്‍, ഇവിടെ ഇതിന്റെ ഒന്നും അടിസ്ഥാനത്തിലല്ലാതെ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നീങ്ങുന്നു. എഫ്ഐആര്‍ ഇടുന്നു. നേരിട്ട് റഫര്‍ചെയ്താല്‍ സിബിഐക്ക് എടുക്കാനാകില്ല എന്നതിന്റെ അടിസ്ഥാനത്തില്‍ ഒരു പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കുന്നു. അവരെക്കൊണ്ട് അന്വേഷിപ്പിച്ചുവെന്ന പ്രഹസനം നടത്തി ദിവസങ്ങള്‍ക്കുള്ളില്‍ സിബിഐക്ക് റഫര്‍ ചെയ്യുന്നു! നിയമപ്രക്രിയക്ക് അവധികൊടുത്തോ ഈ സര്‍ക്കാര്‍?

സിപിഐ എമ്മിനെതിരായി കടുത്ത പകയോടെ രാഷ്ട്രീയ പ്രചാരണരംഗത്ത് നിലയുറപ്പിച്ച ഒരു സ്ത്രീയുടെ നിവേദനപ്രകാരമാണിത്. ഈ സ്ത്രീ കേസിലെ അഞ്ചാം സാക്ഷിയായിരുന്നു. ഇവരുടെ മൊഴി പൊലീസ് എടുത്തിട്ടുണ്ട്. കോടതി എടുത്തിട്ടുണ്ട്. അതിലൊന്നും ഉയര്‍ന്ന തലത്തിലുള്ള ഗൂഢാലോചന എന്ന ഒരു പരാമര്‍ശംപോലുമില്ല. 156 പേജുണ്ട് കോടതിയിലെ ഇവരുടെ മൊഴി. ഉന്നതര്‍ക്കു ബന്ധമുണ്ടെന്ന് തോന്നിയിരുന്നെങ്കില്‍ ഇവര്‍ക്ക് കോടതിമുമ്പാകെ പറയാമായിരുന്നല്ലോ. പറഞ്ഞില്ല. പറയാന്‍ പഴുതുനല്‍കുന്ന ഒരു സംശയംപോലും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. കോടതിമുമ്പാകെ ഇവര്‍ അത് പറഞ്ഞിരുന്നെങ്കില്‍ കോടതി തുടരന്വേഷണത്തിന് ഉത്തരവിടുമായിരുന്നു. കുറ്റപത്രം അക്കാര്യംകൂടി അന്വേഷിച്ച് കുറ്റമറ്റതാക്കണമെന്ന് നിര്‍ദേശിക്കുമായിരുന്നു. അതിനുള്ള അധികാരം കോടതിക്കുണ്ട്. എന്നാല്‍, ആ വഴിക്കൊന്നും അവര്‍ നീങ്ങിയില്ല. കോടതിയില്‍ നീതിന്യായപ്രക്രിയ ഒരുവശത്ത് തുടരുന്നതിന് സമാന്തരമായി മറുവശത്ത് ഇവരുടെ രാഷ്ട്രീയ താല്‍പ്പര്യത്തിന്റെ പ്രക്രിയയും ശക്തിപ്പെട്ടുവന്നു. ആ രാഷ്ട്രീയ പ്രക്രിയയാകട്ടെ, സിപിഐ എം വിരോധത്തില്‍ പടുത്തുയര്‍ത്തിയതായിരുന്നു എന്നത് ഏവര്‍ക്കും വ്യക്തം. അത് നിരാഹാര സത്യഗ്രഹത്തിലൂടെയും മറ്റും പുരോഗമിച്ച് "കേരള ജാഥ"യിലേക്ക് നീളുന്നു.

ഈ പ്രക്രിയക്കിടയിലാണ് "ഉന്നത നേതാക്കളുടെ പങ്ക്" എന്ന തിയറി കൊള്ളാം എന്ന തോന്നലുണ്ടായത്. ആ തിയറി തങ്ങളുടെ രാഷ്ട്രീയ പ്രക്രിയക്ക് ഊര്‍ജംപകരുമെന്ന് അവര്‍ കണ്ടെത്തി. അങ്ങനെയാണ് ഒരു പില്‍ക്കാല ആലോചനയായി ഈ "തിയറി" ഉയര്‍ന്നുവരുന്നത്. കോടതിവിധി തന്റെ ഇഷ്ടത്തിനൊത്തുള്ളതല്ല എന്ന് വന്നപ്പോള്‍ കൂടുതല്‍പേരെ ഇതിലേക്ക് കുടുക്കിയിടാന്‍ അവര്‍ ഈ തിയറി ഉയര്‍ത്തി. രാഷ്ട്രീയലാഭമുണ്ടാക്കാന്‍ ഇത് കൊള്ളാം എന്ന മട്ടില്‍ യുഡിഎഫ് സര്‍ക്കാര്‍ അതിന് കൂട്ടുനില്‍ക്കുകയുംചെയ്തു. അങ്ങനെയാണ് നിയമവ്യവസ്ഥകളെല്ലാം കാറ്റില്‍പറത്തി, വിചാരണയും ശിക്ഷയും കഴിഞ്ഞ കേസ് സിബിഐക്ക് വിടുന്നത്. ഭീതിയോ പ്രീതിയോ കൂടാതെ ഭരിക്കുമെന്ന് സത്യപ്രതിജ്ഞ എടുത്തവര്‍ അത് വിസ്മരിച്ച് പ്രീതിപ്പെടുത്തലിന്റെ വഴിക്കുപോയി. കോടതിവിധിക്കെതിരെ സമരപ്രഖ്യാപനം. ആ സമരത്തിന്റെ പന്തലില്‍ കേസന്വേഷണഘട്ടത്തില്‍ അതിനെ നിയന്ത്രിച്ച ആഭ്യന്തരമന്ത്രിയുടെ സാന്നിധ്യം. അങ്ങനെ എന്തെല്ലാം? സത്യഗ്രഹം നടത്തുന്നതിന്റെ മുമ്പായി ആര്‍എംപിയുടെ ആ വനിതാ നേതാവ് കൊടുത്ത നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നത് തുടരന്വേഷണമാണ്. തുടരന്വേഷണമെന്ന് പറഞ്ഞാല്‍ അന്വേഷിച്ച ഏജന്‍സിയെക്കൊണ്ട് അന്വേഷണം തുടരല്‍ ആണ്.

മറ്റൊരു അന്വേഷണ ഏജന്‍സിയെക്കൊണ്ട് അന്വേഷിക്കലല്ല. പിന്നീടത് "സിബിഐ അന്വേഷണം" ആയി മാറി. ഇങ്ങനെ അന്വേഷണം അനന്തമായി തുടരാനാണ് പരിപാടിയെങ്കില്‍ വെറുതെ ഒരു കോടതിയുടെ വിലപ്പെട്ട സമയം എന്തിന് ഇവര്‍ ഈ വിധത്തില്‍ പാഴാക്കിക്കളഞ്ഞു? സത്യത്തില്‍ കോടതിയെ ഇരുട്ടില്‍ നിര്‍ത്തലാണിത്. കോടതി അലക്ഷ്യമാണിത്. രാഷ്ട്രീയ വൈരനിര്യാതനത്തിനായി കേസുകള്‍ ഉപയോഗിക്കുക എന്ന ഈ പരിപാടിക്ക് വ്യാഴാഴ്ച കോടതിയില്‍നിന്നുതന്നെ ഒരു തട്ടുകിട്ടി ഈ സര്‍ക്കാരിന്. ലാവ്ലിന്‍ കേസില്‍ എല്ലാ ഫയലുകളും സിബിഐക്ക് കൈമാറിയ സാഹചര്യത്തില്‍, സിബിഐതന്നെ കോടതിമുമ്പാകെ എത്തിക്കഴിഞ്ഞ സാഹചര്യത്തില്‍ സ്റ്റേറ്റ് കക്ഷിചേരാന്‍ വരുന്നതെന്തിനാണ് എന്ന കോടതിയുടെ ചോദ്യത്തിനുമുന്നില്‍ ഉത്തരംകിട്ടാതെനിന്നു സ്റ്റേറ്റിന്റെ പ്രോസിക്യൂട്ടര്‍. പ്രോസിക്യൂട്ടര്‍ക്ക് ഒരു ഉത്തരമുണ്ട്. അത് സിപിഐ എം നേതാവിനെ ഏതെങ്കിലും വിധത്തില്‍ കേസില്‍ കുരുക്കിയിടാന്‍ സ്റ്റേറ്റിന് രാഷ്ട്രീയതാല്‍പ്പര്യമുണ്ട് എന്നതാണ്. പക്ഷേ, അത് കോടതിമുമ്പാകെ പറയാന്‍ പറ്റില്ലല്ലോ.

നിയമത്തിന്റെ നഗ്നമായ രാഷ്ട്രീയ ദുരുപയോഗമാണ് കേരളത്തില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പുവരുമ്പോഴൊക്കെ നടക്കുന്നത്. ലാവ്ലിന്‍ കേസാണ് ഇതിന്റെ തുടക്കം. വിജിലന്‍സ് അന്വേഷിച്ചിട്ട്് കുറ്റക്കാരനായി കാണാന്‍ കഴിയാഞ്ഞപ്പോള്‍ സിബിഐ അന്വേഷണം! കഴമ്പുള്ള കേസല്ല ഇത് എന്ന് പറഞ്ഞ സിബിഐക്കുമേല്‍ ആ കേസ് കെട്ടിയേല്‍പ്പിക്കല്‍. കേസ് കോടതി തള്ളിക്കളഞ്ഞപ്പോള്‍ ഒരേ സര്‍ക്കാരിന്റെ വിരുദ്ധ സത്യവാങ്മൂലങ്ങള്‍! വെടിവച്ചുകൊന്നിട്ടുണ്ട് എന്ന് പ്രസംഗിച്ച കെ സുധാകരനെതിരെ കേസില്ല. പ്രസംഗത്തിന്റെ പേരില്‍ എം എം മണിയെ പിടിച്ച് ജയിലടയ്ക്കാന്‍ മടിയുമില്ല. ഞങ്ങള്‍ മാര്‍ക്സിസ്റ്റുകാരെ കൊന്നിട്ടുണ്ട് എന്ന് പ്രസംഗിച്ച എം എം ഹസനെതിരെ കേസില്ല. എം എം മണിക്കുമേല്‍ കേസുകള്‍ക്കുമേല്‍ കേസ്! അറസ്റ്റ്! ജയിലിലടയ്ക്കല്‍!

കൊലചെയ്യപ്പെട്ട നാല്‍പാടി വാസുവിന്റെ കുടുംബം കൊടുത്ത നിവേദനത്തിനുമേല്‍ നടപടിയില്ല. ടി പി ചന്ദ്രശേഖരന്റെ ഭാര്യ നിവേദനം കൊടുത്താല്‍ ഉടനടി നടപടി. പ്രസംഗത്തിന്റെ പേരില്‍ എളമരം കരീമിനെതിരെ കേസ്! ഫോണില്‍ സംസാരിച്ചത് കേട്ട് തടഞ്ഞില്ല എന്നുപറഞ്ഞ് പി ജയരാജനും ടി വി രാജേഷിനും എതിരെ കേസ്; അറസ്റ്റ്! കോണ്‍ഗ്രസ് ഓഫീസില്‍ വനിതയെ കൊന്ന് കെട്ടിവച്ചാല്‍ തുടരന്വേഷണവുമില്ല; വനിതയുടെ സഹോദരന്റെ മൊഴിക്ക് വിലയുമില്ല; ഉന്നതരിലേക്ക് അന്വേഷണം നീങ്ങുകയുമില്ല. ടി പി ചന്ദ്രശേഖരന്‍ വധത്തില്‍ ഉന്നതന് പങ്കുണ്ടെന്ന് പറയണമെന്നു കല്‍പ്പിച്ചുകൊണ്ട് മോഹനന്‍ മാഷിന് പൊലീസ് പീഡനം! കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ ഭീഷണിനിറഞ്ഞ എംഎല്‍എയുടെ പ്രസംഗകാസറ്റ് കിട്ടിയാലും പൊലീസ് നടപടിക്കില്ല! ഈ നിലയ്ക്ക് നിയമം രാഷ്ട്രീയമായി തുടരെ ദുരുപയോഗിക്കുന്ന പരമ്പരയിലെ പുതിയ കണ്ണിയാണ്, വിധിവരെ വന്നുകഴിഞ്ഞ കേസ് സിബിഐക്ക് വിടല്‍. തങ്ങളുടെ കല്‍പ്പനപ്രകാരമല്ല കോടതിവിധിയെങ്കില്‍ കേന്ദ്രപൊലീസിനെകൊണ്ട് വിധി അസ്ഥിരപ്പെടുത്തിക്കും എന്നതാണ് ഭീഷണി. ഇത് കോടതിയോടുള്ള ഭീഷണികൂടിയാണ്.

സിബിഐക്ക് കേസ് റഫര്‍ ചെയ്യാനുള്ള നോട്ട് ആദ്യമേ തയ്യാറാക്കി വയ്ക്കുക, അക്കാര്യമറിയിച്ച് നിരാഹാര സത്യഗ്രഹം നടത്തിക്കുക, സിബിഐക്ക് വിടണമെങ്കില്‍ പ്രാഥമിക അന്വേഷണം ഇവിടെ നടത്തിയിരിക്കണമെന്നുവരുമ്പോള്‍ ഒരു പ്രത്യേക ടീമിനെ ഉണ്ടാക്കി കേസ് അവരെക്കൊണ്ട് അന്വേഷിപ്പിച്ചു എന്നുവരുത്തുക, അവര്‍ക്ക് അന്വേഷണം പൂര്‍ത്തിയാക്കാന്‍ അവസരം കൊടുക്കാതെ ദിവസങ്ങള്‍ക്കുള്ളില്‍ അവരില്‍നിന്ന് റിപ്പോര്‍ട്ട് എഴുതി വാങ്ങിച്ച് സിബിഐക്ക് വിടുക-എന്തെല്ലാം പ്രഹസനങ്ങളാണ്! നിയമസംഹിതകള്‍ ധ്വംസിച്ചും കോടതിയുടെ നീതിന്യായ പ്രക്രിയയെ അപഹസിച്ചുമുള്ള ഈ രാഷ്ട്രീയ വൈരനിര്യാതന നീക്കങ്ങള്‍ സര്‍ക്കാരിനുമേല്‍തന്നെ കനത്ത ആഘാതമായി വന്നു പതിക്കും. എന്നാല്‍, അതിനിടയ്ക്ക് സിപിഐ എമ്മിനെ കരിതേച്ചുകാട്ടി തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ലാഭമുണ്ടാക്കാനാകുമോ? അതുമാത്രമാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ നോട്ടം.

പ്രഭാവര്‍മ deshabhimani

No comments:

Post a Comment