ഫറോക്ക്: തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സ്റ്റീല്‍ കോംപ്ലക്സിലും ഉദ്ഘാടന പ്രഹസനം. 23ന് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയാണ് റീറോളിങ് മില്ലിന്റെ രണ്ടംഘട്ടമെന്ന പേരില്‍ പ്രവൃത്തി ഉദ്ഘാടനം ചെയ്യുന്നത്. സര്‍ക്കാരിന്റെ പിടിപ്പുകേടുമൂലം ഒന്നാംഘട്ട പ്രവൃത്തി എങ്ങുമെത്താത്ത സാഹചര്യത്തിലാണ് ധൃതിപിടിച്ച് ഈ പരിപാടി സംഘടിപ്പിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2011 ഫെബ്രുവരി 13ന് ഒന്നാംഘട്ട പ്രവൃത്തി ഉദ്ഘാടനം ചെയ്തിരുന്നു. സ്റ്റീല്‍ കോംപ്ലക്സ്-സെയില്‍ സംയുക്ത സംരംഭമെന്ന നിലയിലായിരുന്നു പ്രവൃത്തി ആരംഭിച്ചത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു. സെയിലുമായുള്ള കരാര്‍ പാലിക്കപ്പെടുന്നതിന് തുടര്‍ നടപടിയെടുക്കാത്തതിനാല്‍ റീ റോളിങ് മില്‍ സ്ഥാപിക്കല്‍ നീണ്ടു. പൈലിങ് ജോലികള്‍ ഭൂരിഭാഗവും തീരാനുണ്ട്. 400-ഓളം പൈലിങ് വേണ്ടിടത്ത് 40 എണ്ണത്തിന്റെ മാത്രമാണ് ഇതുവരെ പൂര്‍ത്തിയാക്കാനായത്. അധികാരത്തിലെത്തി രണ്ടര വര്‍ഷം പിന്നിട്ടിട്ടും ഒന്നും ചെയ്യാതിരുന്ന സര്‍ക്കാരാണ് ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തവേളയില്‍ രണ്ടാംഘട്ട പ്രവൃത്തി ഉദ്ഘാടനമെന്നപേരില്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ നീക്കം നടത്തുന്നത്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പ്രവര്‍ത്തനരഹിതമായ സ്റ്റീല്‍ കോംപ്ലക്സ് പുനരുദ്ധരിക്കാന്‍ കര്‍മപദ്ധതി ആവിഷ്കരിച്ചത് മുന്‍ എല്‍ഡിഎഫ് സര്‍ക്കാരാണ്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ(സെയില്‍)യുമായി കൈകോര്‍ത്ത് സംയുക്ത സംരംഭം എന്ന ആശയത്തിന് സര്‍ക്കാര്‍ രൂപം നല്‍കി. മന്ത്രിയായിരുന്ന എളമരം കരീം മുന്‍കൈയെടുത്താണ് ഇതിനുള്ള നടപടികള്‍ നീക്കിയത്. ഒന്നാംഘട്ട പ്രവൃത്തിക്ക് തുടക്കമിട്ടതും അദ്ദേഹത്തിന്റെ ശ്രമഫലമായാണ്. തെരഞ്ഞെടുപ്പ് ലാക്കാക്കി ഉദ്ഘാടന പരിപാടി നടത്തി സര്‍ക്കാരിനെതിരായ ജനരോഷത്തില്‍നിന്ന് രക്ഷപ്പെടാനാകുമോ എന്നാണ് യുഡിഎഫ് നോക്കുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലേറിയതുമുതല്‍ അനുഭവപ്പെടുന്ന വികസന മുരടിപ്പ് കസര്‍ത്തുകൊണ്ട് മറികടക്കാനുള്ള വൃഥാശ്രമമാണ് സ്റ്റീല്‍ കോംപ്ലക്സിന്റെ കാര്യത്തിലും കാണാനാവുന്നത്.
ലീഗല്‍ മെട്രോളജി ആസ്ഥാനം മൂന്നുവര്‍ഷം മുമ്പ് ശിലയിട്ടു: ഇന്ന് വീണ്ടും നിര്‍മാണോദ്ഘാടനം
തിരു: എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍മാണോദ്ഘാടനം നടത്തിയ ലീഗല്‍ മെട്രോളജി വകുപ്പ് ആസ്ഥാനമന്ദിരം തിങ്കളാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വീണ്ടും ഉദ്ഘാടനംചെയ്യുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ഥലവും പണവും അനുവദിച്ച് പദ്ധതി തയ്യാറാക്കി നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങിവച്ച ആസ്ഥാന മന്ദിരത്തിന്റെ നിര്‍മാണോദ്ഘാടനമാണ് തിങ്കളാഴ്ച വീണ്ടും നടത്തുന്നത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് വന്‍ പരസ്യം നല്‍കി വീണ്ടും ഉദ്ഘാടന മാമാങ്കം നടത്തുന്നത്. വികാസ് ഭവനില്‍ പല നിലകളിലായി പ്രവര്‍ത്തിച്ചിരുന്ന ലീഗല്‍ മെട്രോളജി ഓഫീസുകള്‍ ഏകോപിപ്പിച്ച് ഒറ്റ കെട്ടിടസമുച്ചയത്തിലാക്കാന്‍ അന്നത്തെ വകുപ്പുമന്ത്രി സി ദിവാകരനാണ് മുന്‍കൈയെടുത്തത്. ആസ്ഥാന മന്ദിരം നിര്‍മിക്കാനാവശ്യമായ സ്ഥലവും പ്രോജക്ട് റിപ്പോര്‍ട്ടും എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തയ്യാറാക്കിയിരുന്നു. ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ആറ് കോടി രൂപ അനുവദിച്ചു. മന്ത്രി സി ദിവാകരനാണ് പട്ടത്ത് ആസ്ഥാന മന്ദിരത്തിന്റെ നിര്‍മാണോദ്ഘാടനം അന്ന് നിര്‍വഹിച്ചത്. റവന്യൂ മന്ത്രി കെ പി രാജേന്ദ്രന്‍ ഉള്‍പ്പെടെ ജനപ്രതിനിധികളും അന്ന് ചടങ്ങില്‍ പങ്കെടുത്തു. നിര്‍മാണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിരുന്നു. സ്വര്‍ണത്തിന്റെ ശുദ്ധതാ പരിശോധന, ഓട്ടോ-ടാക്സി ഫെയര്‍ മീറ്ററുകള്‍, അളവു തൂക്ക ഉപകരണങ്ങള്‍, ടാങ്കര്‍ ലോറികള്‍ തുടങ്ങിയവയുടെ പരിശോധന, വാട്ടര്‍ മീറ്റര്‍, തെര്‍മോ മീറ്റര്‍ തുടങ്ങിയ ഉപകരണങ്ങളുടെ സര്‍ട്ടിഫിക്കേഷന്‍ തുടങ്ങിയ സേവനങ്ങളും വിവിധ ലബോറട്ടറികളും ഒറ്റ മന്ദിരത്തില്‍ സജ്ജീകരിക്കുംവിധമാണ് പദ്ധതി തയ്യാറാക്കിയിരുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിനാലാണ് തുടര്‍ പ്രവര്‍ത്തനങ്ങള്‍ നിലച്ചത്. എന്നാല്‍, യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് മൂന്ന് വര്‍ഷമാകാറായിട്ടും ആസ്ഥാന മന്ദിരത്തിനായി ചെറുവിരല്‍ അനക്കിയില്ല. ഇപ്പോള്‍ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വീണ്ടും നിര്‍മാണോദ്ഘാടനം പ്രഖ്യാപിക്കുകയായിരുന്നു. ഉപഭോക്തൃ സേവനങ്ങളുടെ ഭാഗമായി ലീഗല്‍ മെട്രോളജി വകുപ്പും മാറ്റണമെന്ന കേന്ദ്ര നിര്‍ദേശത്തിന്റെ ഭാഗമായാണ് വകുപ്പിനെ ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പിന്റെ കീഴിലേക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്നത്. യുഡിഎഫ് സര്‍ക്കാര്‍ വീണ്ടും ഈ വകുപ്പിനെ റവന്യൂ വകുപ്പിനു കീഴിലേക്ക് കൊണ്ടുവന്നു.
സുമേഷ് കെ ബാലന്‍
deshabhimani
No comments:
Post a Comment