Friday, February 14, 2014

കേന്ദ്രജീവനക്കാരുടെ പണിമുടക്ക് ചരിത്രവിജയം

ന്യൂഡല്‍ഹി: വിവിധ ആവശ്യങ്ങളുന്നയിച്ച് കേന്ദ്രജീവനക്കാര്‍ നടത്തിയ ദ്വിദിന പണിമുടക്ക് പൂര്‍ണം. രാജ്യത്തെ സേവനമേഖല സ്തംഭിച്ചു. പ്രതിരോധ മേഖലയിലെയും റെയില്‍വേയിലെയും ജീവനക്കാര്‍ ഒഴികെയുള്ള വകുപ്പുകളിലെ പത്ത് ലക്ഷത്തോളം ജീവനക്കാര്‍ അണിചേര്‍ന്നു. തപാല്‍ വകുപ്പിലെ മൂന്ന് ലക്ഷത്തോളം ഗ്രാമീണ്‍ ഡാക് സേവക് ജീവനക്കാരും സമരത്തില്‍ കണ്ണിചേര്‍ന്നു. കേരളം, പശ്ചിമ ബംഗാള്‍, ത്രിപുര, തമിഴ്നാട്, ആന്ധ്രപ്രദേശ്, ഒഡിഷ, അസം, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ പണിമുടക്ക് പൂര്‍ണമായിരുന്നു.

കര്‍ണാടകം, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ബിഹാര്‍, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ 80 ശതമാനത്തിലധികം ജീവനക്കാര്‍ പണിമുടക്കി. ഡല്‍ഹി, രാജസ്ഥാന്‍, ജമ്മു കശ്മീര്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ 60 ശതമാനം ജീവനക്കാരും പണിമുടക്കി. ആകെയുള്ള 1,55,000 ആര്‍എംഎസ് ഓഫീസുകളില്‍ 1,30,000 എണ്ണവും അടഞ്ഞുകിടന്നു. ആദായനികുതി വകുപ്പ്, ഭൂഗര്‍ഭ ജലബോര്‍ഡ്, സര്‍വേ ഓഫ് ഇന്ത്യ, പ്രിന്റിങ് ആന്‍ഡ് സ്റ്റേഷനറി തുടങ്ങിയ വകുപ്പുകളിലെ പ്രവര്‍ത്തനങ്ങളെല്ലാം നിശ്ചലമായി.

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിച്ച് സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുക, കരാര്‍ നിയമനങ്ങള്‍ അവസാനിപ്പിക്കുക, ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക, ഏഴാം ശമ്പള കമീഷന്റെ വ്യവസ്ഥകള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പണിമുടക്ക്. പണിമുടക്ക് ഉജ്വല വിജയമാക്കിയ ജീവനക്കാരെ കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവണ്‍മെന്റ് എംപ്ലോയീസ് ആന്‍ഡ് വര്‍ക്കേഴ്സ് ദേശീയ ജനറല്‍ സെക്രട്ടറി എം കൃഷ്ണന്‍ അഭിവാദ്യംചെയ്തു.

കേന്ദ്രജീവനക്കാരുടെ പണിമുടക്ക് സംസ്ഥാനത്തും പൂര്‍ണം

തിരു/കൊച്ചി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ നടത്തിയ 48 മണിക്കൂര്‍ സമരം സംസ്ഥാനത്ത് പൂര്‍ണം. വ്യാഴാഴ്ചയും സംസ്ഥാനത്തെ മുഴുവന്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളും അടഞ്ഞുകിടന്നു. തപാല്‍, ആര്‍എംഎസ് മേഖല പൂര്‍ണമായും നിശ്ചലമായി. ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്സ് ഇന്‍കംടാക്സ്, സര്‍വേ ഓഫ് ഇന്ത്യ, സിടിസിആര്‍ഐ, ഫീല്‍ഡ് പബ്ലിസിറ്റി, കേന്ദ്ര എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, റീജണല്‍ വൊക്കേഷണല്‍ ട്രെയ്നിങ് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുത്തു. മിക്ക ഓഫീസുകളിലും ഹാജര്‍നില രണ്ടു ശതമാനത്തില്‍ താഴെയായിരുന്നു. കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവ. എംപ്ലോയീസ് ആന്‍ഡ് വര്‍ക്കേഴ്സിന്റെ ആഭിമുഖ്യത്തിലാണ് പണിമുടക്ക് നടന്നത്. പണിമുടക്കിയ ജീവനക്കാര്‍ വിവിധ കേന്ദ്രങ്ങളില്‍ തങ്ങളുടെ ആവശ്യങ്ങളുന്നയിച്ച് പ്രകടനം നടത്തി. തിരുവനന്തപുരത്ത് പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ ജിപിഒയ്ക്കു മുന്നില്‍ പ്രകടനം നടത്തി. പണിമുടക്ക് വന്‍ വിജയമാക്കിയ കേന്ദ്രജീവനക്കാരെ കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവ. എംപ്ലോയീസ് ആന്‍ഡ് വര്‍ക്കേഴ്സ് അഖിലേന്ത്യാ സെക്രട്ടറി ജനറല്‍ എം കൃഷ്ണന്‍ അഭിവാദ്യംചെയ്തു. എറണാകുളത്ത് പണിമുടക്കിയ കേന്ദ്രജീവനക്കാര്‍ രണ്ടാംദിവസം ആദായനികുതി ഓഫീസ് പരിസരത്ത് ഇരുചക്രവാഹനറാലി നടത്തി. എറണാകുളം ആര്‍എംഎസ്, റെയില്‍വേ സ്റ്റേഷന്‍ പരിസരംചുറ്റി റാലി ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് സമാപിച്ചു. സമാപനസമ്മേളനം എന്‍ജിഒ യൂണിയന്‍ ജില്ലാ സെക്രട്ടറി പി കൃഷ്ണപ്രസാദ് ഉദ്ഘാടനംചെയ്തു.

deshabhimani

No comments:

Post a Comment