Thursday, February 6, 2014

തൊപ്പി തെറിപ്പിക്കും- എസ്ഐക്ക് ബിന്ദു കൃഷ്ണയുടെ ഭീഷണി

മാനന്തവാടി: നിയമം നടപ്പാക്കിയ എസ്ഐക്ക് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയുടെ പരസ്യ ഭീഷണിയും ശകാരവും. ബുധനാഴ്ച രാവിലെ പത്തിന് മാനന്തവാടി ആര്‍ഡിഒ കോടതി പരിസരത്ത് ഗാന്ധിപാര്‍ക്കിലായിരുന്നു സംഭവം. ആര്‍ഡിഒ കോടതിക്കു സമീപം പത്ത് മണിക്കു ശേഷം ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കരുതെന്ന ഉത്തരവ് നടപ്പാക്കിയതിനാണ് മാനന്തവാടി എസ്ഐ സാജു ജോസഫിനെ ബിന്ദു ഭീഷണിപ്പെടുത്തിയത്. എസ്ഐയെ കോണ്‍ഗ്രസുകാര്‍ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. ബിന്ദു കൃഷ്ണ നയിക്കുന്ന പ്രചാരണജാഥ മാനന്തവാടിയിലെത്തിയപ്പോഴാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

ആര്‍ഡിഒ കോടതിക്കു സമീപമായതിനാല്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ അഞ്ച് വരെ ഗാന്ധി പാര്‍ക്കില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് സബ് കലക്ടര്‍ നിരോധിച്ചിരുന്നു. വിലക്ക് ലംഘിച്ച് 10മണി കഴിഞ്ഞും ബിന്ദു കൃഷ്ണ പ്രസംഗം തുടര്‍ന്നു. ഉച്ചഭാഷിണി ഉപയോഗത്തിന് പഞ്ചായത്ത് അനുമതിയും ലഭിച്ചിരുന്നില്ല. വിരലിലെണ്ണാവുന്ന പ്രവര്‍ത്തകര്‍ മാത്രമാണ് പ്രസംഗം കേള്‍ക്കാന്‍ എത്തിയത്. പ്രവര്‍ത്തകരെ കാത്ത് പരിപാടി തുടങ്ങാനും വൈകി. 10ന് ശേഷം ഉച്ചഭാഷിണി ഉപയോഗിക്കാന്‍ അനുവാദമില്ലെന്നറിയിച്ച എസ്ഐ ഓഫ് ചെയ്യാന്‍ ഓപ്പറേറ്ററോട് ആവശ്യപ്പെട്ടു. ഓഫാക്കിയ ഉടനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീണ്ടും ബലം പ്രയോഗിച്ച് ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി. കോടിയേരിയുടെ പൊലീസല്ലെന്നും ആഭ്യന്തര വകുപ്പ് മാറിയത് നീയറിഞ്ഞില്ലേയെന്നും തൊപ്പി തെറിപ്പിക്കുമെന്നും ബിന്ദു കൃഷ്ണ ആക്രോശിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് ഉദ്യോഗസ്ഥനെ വളഞ്ഞ് കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. സി ഐ പി എല്‍ ഷൈജുവിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്.

deshabhimani

No comments:

Post a Comment