Wednesday, February 5, 2014

ആക്രമണങ്ങളെ രാഷ്ട്രീയമായി നേരിടും: പിണറായി

സിപിഐ എമ്മിനെ ലക്ഷ്യംവെച്ച് നടക്കുന്ന നിയമവിരുദ്ധ നീക്കങ്ങളെ രാഷ്ട്രീയമായി തന്നെ നേരിടുമെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കേരള രക്ഷാമാര്‍ച്ചിനിടെ വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു പിണറായി. കേരളത്തിലെ ഇടതുപക്ഷ സ്വാധീനം തകര്‍ക്കാനാണ് പ്രധാനപാര്‍ടിയായ സിപിഐ എമ്മിനെ ലക്ഷ്യം വെക്കുന്നത്. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പുതിയ കേസെടുത്തിട്ടുള്ളതും അതിനാണ്. കേസ് സിബിഐ അന്വേഷിച്ചാലും പാര്‍ടിക്ക് ആശങ്കപെടാന്‍ ഒന്നുമില്ല. മറ്റൊന്നും കണ്ടെത്താനാവില്ലെന്ന ഉറപ്പുണ്ട്.

അടിയന്തരാവസ്ഥകാലത്ത്പോലും ഇത്തരത്തില്‍ രാഷ്ട്രീയമായി തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടില്ല. ഫാസിസ്റ്റുകള്‍ പോലും ചിന്തിക്കാത്ത നീക്കങ്ങളാണ് ഉമ്മന്‍ചാണ്ടിയുടെ ഗവര്‍മെന്റ് ചെയ്യുന്നത്. രാജ്യത്തെ നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് തങ്ങള്‍ക്ക് തോന്നുന്നപോലെ ചെയ്യും എന്നാണ് അവര്‍ കാണിക്കുന്നത്. ഇത്തരത്തില്‍ സിപിഐ എമ്മിനെ ദുര്‍ബലപ്പെടുത്താനുള്ള നീക്കം നടക്കുമ്പോള്‍ അതിന് ഹല്ലേലൂയ പാടുകയാണോ മാധ്യമങ്ങള്‍ ചെയ്യേണ്ടത്. ഇതിനെതിരെ ഈ നാട്ടിലെ ജനാധിപത്യ വിശ്വാസികള്‍ ഇടപെടേണ്ടതല്ലെ എന്നാണ് പൊതു സമൂഹത്തോട് ചോദിക്കാനുള്ളത്.

ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം നടന്നു. കുറ്റവാളികളെന്ന് ചിലരെ കണ്ടെത്തി. തുടര്‍ നടപടിയായി പ്രോസിക്യൂഷനും ശിക്ഷിക്കപ്പെട്ടവരും അപ്പീല്‍പോകും. എന്നാല്‍ ഇവിടെ നടക്കുന്നതെന്താണ്. കേസില്‍ വിധി വന്നപ്പോള്‍ സിപിഐ എമ്മിനെ കുടുക്കാനുള്ള നീക്കങ്ങള്‍ പരാജയപ്പെട്ടു. അപ്പോള്‍ അവര്‍ ആഗ്രഹിച്ച തരത്തില്‍ കാര്യങ്ങളെത്തിക്കാനായി പുതിയ തിരക്കഥ തയ്യാറാക്കി. ഇത്തരത്തില്‍ നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് ഒരു സര്‍ക്കാര്‍ നീങ്ങുമ്പോള്‍ അത് തുറന്ന് കാണിക്കേണ്ട ബാധ്യത മാധ്യമങ്ങള്‍ക്കില്ലെ. എന്നാല്‍ സിപിഐ എമ്മിനോട് കുടത്ത വിരോധമുള്ള മാധ്യമങ്ങള്‍ എത്ര കടുത്ത നിയമവിരുദ്ധമാണെങ്കിലും അവര്‍ക്ക് ഹല്ലേലൂയ പാടുന്നു. കേസില്‍ സിപിഐ എമ്മിനെ കുറ്റവിമുക്തമാക്കിയപ്പോള്‍ അതിനോട് പലര്‍ക്കും പൊരുത്തപ്പെടാനാവുന്നില്ല. പാര്‍ടിനേതാക്കളുടെ പേര്‍ വെളിപ്പെടുത്താന്‍ പി മോഹനനെ ഭീഷണിപ്പെടുത്തിയ വിവരം പുറത്തുവന്നല്ലോ. കേസന്വേഷിച്ചിരുന്ന കുരുവിള ജോണിന് പിണറായി വിജയനോട് പ്രത്യേക വിദ്വേഷം ഒന്നുമില്ല. ഈ കേസില്‍ സിപിഐ എമ്മിനെ കുടുക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥരെ കരുവാക്കുകയായിരുന്നു. കേസിന്റെ തുടക്കത്തില്‍ ഡിജിപി പറഞ്ഞ കാര്യങ്ങള്‍ തിരുത്തിയത് ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂരാണല്ലോ.

കേസിന്റെ അന്വേഷണത്തെ കുറിച്ച് രമക്കും ഭരിക്കുന്നവര്‍ക്കും ഒരു പരാതിയും ഉണ്ടായിരുന്നില്ല. അന്വേഷണ സംഘത്തിന് അവാര്‍ഡ് വരെ നല്‍കിയതുമാണ്. എന്നാല്‍ ആ കേസില്‍ സിപിഐ എമ്മിനെ കുടുക്കാനായില്ലെന്ന് കണ്ടപ്പോള്‍ മറ്റൊരു കേസ് എടുപ്പിച്ച് സിബിഐ യെ എല്‍പ്പിക്കുന്നു. ഇത് എത്ര പരിഹാസ്യമാണ്. സിപിഐ എമ്മിനെ തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ തെളിവാണ് രമയുടെ സത്യാഗ്രഹ പന്തലും അവിടെയെത്തിയ വലതുപക്ഷക്കാരും വര്‍ഗീയവാദികളും തീവ്രവാദികളും കപട ഇടത്പക്ഷക്കാരുമടങ്ങുന്നവരുടെ മാര്‍കിസ്റ്റ് വിരുദ്ധ സഖ്യം തെളിയിക്കുന്നത്. ഇത്തരം ഹീനമായ ആക്രമണങ്ങളെ നേരിടുകതന്നെ ചെയ്യും. ചന്ദ്രശേഖരന്‍ വധശ്രമകേസ്സുമായി ബന്ധപ്പെട്ട് സിപിഐ എമ്മിന് ഒരേ അഭിപ്രായമാണ്. വി എസ് അച്യുതാനന്ദനെ മാത്രം അതില്‍നിന്ന് അടര്‍ത്തിയെടുക്കാന്‍ ശ്രമിക്കേണ്ട. ഈ വിഷയത്തില്‍ വി എസ്സും അടങ്ങിയ കമ്മിറ്റിയുടെ പ്രമേയം പാര്‍ട്ടി അംഗീകരിച്ചതാണെന്നും പിണറായി പറഞ്ഞു.

No comments:

Post a Comment