Thursday, February 6, 2014

കോണ്‍ഗ്രസ് സ്പോണ്‍സര്‍ചെയ്ത നാടകം

വധിക്കപ്പെട്ട ഒരാളുടെ ഭാര്യ എന്ന നിലയില്‍ കെ കെ രമയെക്കുറിച്ച് അനുതാപരഹിതമായി ഇതേവരെ ആരെങ്കിലും ഒന്നും പറഞ്ഞിട്ടില്ല. എന്നാല്‍, അവരുടെ രാഷ്ട്രീയകരുനീക്കങ്ങള്‍വഴി ആ അനുതാപത്തിന്റെ വലയം തനിക്ക് ഒരുവിധത്തിലും അര്‍ഹതപ്പെട്ടതല്ല എന്ന് അവര്‍തന്നെ തെളിയിക്കുകയാണ്. അതുകൊണ്ടുതന്നെ സിപിഐ എമ്മിനെ തകര്‍ക്കുക എന്ന ഗൂഢരാഷ്ട്രീയലക്ഷ്യം മാത്രമേ അവര്‍ക്കുള്ളൂവെന്ന് പറയേണ്ടിവരുന്നു. അത്തരമൊരു രാഷ്ട്രീയലക്ഷ്യവുമായി ഇറങ്ങുന്നയാളെ വിരുദ്ധരാഷ്ട്രീയപ്രവര്‍ത്തക എന്ന നിലയിലേ കാണാനാകൂ. ആ പരിഗണനയേ അവര്‍ക്ക് ലഭിക്കൂ.

ഈ അവസ്ഥ അവര്‍തന്നെയാണുണ്ടാക്കിവച്ചത്; നിരവധിയായ കുത്സിത രാഷ്ട്രീയകരുനീക്കങ്ങളിലൂടെ. ആ കരുനീക്കങ്ങളുടെ പരമകാഷ്ഠയാണ് തലസ്ഥാനത്ത് അരങ്ങേറിയ നിരാഹാര സമരമെന്ന കപടനാടകം. എന്തുകൊണ്ടാണിത് കപടനാടകമാകുന്നത്? സമാനരാഷ്ട്രീയലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ എസ്ഡിപിഐമുതല്‍ വര്‍ഗീയഫാസിസ്റ്റ് സംഘടനയായ സംഘപരിവാര്‍വരെ അണിനിരന്ന് കോണ്‍ഗ്രസിന്റെ പ്ലാന്‍ അനുസരിച്ച് രമ നടത്തിയ കള്ളക്കളിയാണിത് എന്നതുകൊണ്ടുതന്നെ. കോണ്‍ഗ്രസ് സ്പോണ്‍സര്‍ചെയ്ത നാടകം!

സിബിഐ അന്വേഷണത്തിലൂടെ ഒന്നും പുതുതായി തെളിയിക്കാനാകില്ലെങ്കിലും കുറെക്കാലംകൂടി അതിന്റെ പേരില്‍ സിപിഐ എമ്മിനെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ടിരിക്കാം എന്ന കാര്യത്തില്‍ ആര്‍എംപിക്കും കോണ്‍ഗ്രസിനും ഒരേ അഭിപ്രായമാണുള്ളത്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസിനെക്കൊണ്ട് ആവശ്യം അംഗീകരിപ്പിക്കാന്‍ നിരാഹാര നാടകമൊന്നും ആരും ആടേണ്ട കാര്യമില്ല. സിബിഐ അന്വേഷണം നടത്തില്ല എന്ന് കോണ്‍ഗ്രസ് പറഞ്ഞിട്ടുമില്ല. സിബിഐ അന്വേഷണത്തിനാവശ്യപ്പെടാനുള്ള നോട്ടുവരെ തയ്യാറായിരുന്നു. ഇക്കാര്യം രമയെ ആഭ്യന്തരമന്ത്രിതന്നെ അറിയിക്കുകയും ചെയ്തു. സിബിഐ അന്വേഷണത്തിനുള്ള യുഡിഎഫ് സന്നദ്ധത ചാനലുകളിലൂടെ പുറത്തുവന്നു. ഇതിനെല്ലാംശേഷം നേരത്തെതന്നെ നിശ്ചയിച്ചുകഴിഞ്ഞ സിബിഐ അന്വേഷണമാവശ്യപ്പെട്ട് രമ നിരാഹാരസത്യഗ്രഹത്തിന് പുറപ്പെടുന്നു. സിബിഐ അന്വേഷണം ഉറപ്പായിക്കഴിഞ്ഞശേഷം ആരെ കബളിപ്പിക്കാനാണ് ഈ കപടനാടകം? ഇതിനെ ഈ വാക്കുകൊണ്ടല്ലാതെ എങ്ങനെ വിശേഷിപ്പിക്കും?

രമയ്ക്കും കൂട്ടര്‍ക്കും സമരപ്പന്തലൊരുക്കിക്കൊടുക്കുന്നതുമുതല്‍ തലസ്ഥാനത്ത് താമസസൗകര്യം ഏര്‍പ്പാടാക്കിക്കൊടുക്കുന്നതുവരെ കോണ്‍ഗ്രസ്! രമ ടിവി ചാനലുകളുടെ അകമ്പടിയോടെ ആഘോഷപൂര്‍വം റെയില്‍വേസ്റ്റേഷനില്‍നിന്ന് ചെന്നുകയറിയത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വലംകൈയായ ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് സെക്രട്ടറിയുടെ വക ഹോട്ടലില്‍. രമയ്ക്കും കൂട്ടര്‍ക്കുംവേണ്ടി ഹോട്ടല്‍മുറികളാകെ വിട്ടുകൊടുത്തു കോണ്‍ഗ്രസ് നേതാവ്. മുറിയെടുക്കാന്‍ ചെല്ലുന്നവരോട് സാധാരണ ഹോട്ടല്‍ മാനേജര്‍ എത്ര ദിവസത്തേക്കാണ് മുറി വേണ്ടതെന്ന് ചോദിക്കും. ഹോട്ടല്‍ മാനേജര്‍ രമയോട് ഇക്കാര്യം ചോദിച്ചു. രണ്ടുദിവസത്തേക്ക് എന്നായിരുന്നു ഉത്തരം. രണ്ടുദിവസം കഴിഞ്ഞാല്‍ തിരികെ സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകുമെന്നര്‍ഥം. ഹോട്ടല്‍മാനേജരുടെ സംഭാഷണത്തിലൂടെ ഇക്കാര്യം കൈരളി ടിവി പുറത്തുകൊണ്ടുവന്നു. അനിശ്ചിതകാല നിരാഹാരസമരത്തിന് എത്തുന്നയാള്‍ക്ക് രണ്ടുദിവസമേ സമരം വേണ്ടിവരൂ എന്ന് ആര് ഉറപ്പുകൊടുത്തു? "മരണംവരെ നിരാഹാരം" എന്ന് ഉദ്ഘോഷിച്ച് മാധ്യമപ്രവര്‍ത്തകരെമുതല്‍ പൊതുജനത്തിനെവരെ കബളിപ്പിച്ചതെന്തിന്? ഇങ്ങനെ പൊതുജനങ്ങളെ കബളിപ്പിക്കുന്നതിനെ ഏത് വാക്കുകൊണ്ടാണ് വിശേഷിപ്പിക്കേണ്ടത്?

രണ്ടുദിവസത്തിനുള്ളില്‍ അന്വേഷണ ഉത്തരവിറക്കാമെന്ന് ഉറപ്പുകൊടുത്തുകൊണ്ട് അതുവരേക്ക് ഇങ്ങനെയൊരു നാടകം നടത്തിക്കാണിച്ചാല്‍ മതിയെന്ന് ആഭ്യന്തരമന്ത്രിതന്നെ പറഞ്ഞിരിക്കണം. നാടകമാണെന്നറിഞ്ഞുകൊണ്ടുതന്നെ രമ അത് അരങ്ങിലവതരിപ്പിച്ചു. മരിച്ചവരെക്കൂടി അപമാനിക്കലാണ് അവരുടെ പേരിലരങ്ങേറുന്ന ഇത്തരം കപടനാടകങ്ങള്‍ എന്നുമാത്രം പറയട്ടെ. രണ്ടാംദിവസം പന്തല്‍വിട്ടുപോകാമെന്നാണ് സത്യഗ്രഹക്കാര്‍ കരുതിയത്. അപ്പോഴാണ്, ഒരു അടിസ്ഥാനവുമില്ലാതെ റഫര്‍ചെയ്യുന്ന കേസ് സിബിഐ ഏറ്റെടുക്കാനിടയില്ലെന്ന് ഡിജിപി അറിയിച്ചത്. അതോടെ കൃത്രിമമായി അടിസ്ഥാനമുണ്ടാക്കാനായി ശ്രമം. കൃത്രിമം കാട്ടേണ്ടതുണ്ട് എന്നതുകൊണ്ടുമാത്രമാണ് ബുധനാഴ്ചത്തെ മന്ത്രിസഭായോഗംതന്നെ മാറ്റിവയ്ക്കേണ്ടിവന്നത്. രണ്ടു ദിവസമേ അനിശ്ചിതകാല നിരാഹാരസമരം ഉള്ളൂ എന്നത് ചാനലിലൂടെ പുറത്തായത് രമയ്ക്ക് വൈക്ലബ്യമുണ്ടാക്കി. മന്ത്രിസഭായോഗം മാറ്റിവച്ചതിനു പിന്നില്‍ ഇതും ഒരു ഘടകമാണ്.

രമയുടെ നിരാഹാരപ്പന്തലില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രസംഗിക്കുന്നത് കണ്ടു. അത് മറ്റൊരു കപടനാടകം. ഇദ്ദേഹത്തിന്റെ ഭരണത്തിലാണല്ലോ ഉത്തരവനുസരിച്ച് കേസ് പൊലീസ് അന്വേഷിച്ചത്. ആ അന്വേഷണം ശരിയല്ലായിരുന്നുവെന്ന് പ്രഖ്യാപിക്കുന്നതിനു തുല്യമാണല്ലോ സിബിഐ അതേ കേസ് അന്വേഷിക്കണമെന്ന വാദം. തന്റെ ഭരണത്തിന്‍കീഴില്‍ നടന്ന അന്വേഷണം ശരിയല്ലായിരുന്നുവെന്ന് തിരുവഞ്ചൂരിന് അഭിപ്രായമുണ്ടെങ്കില്‍ അതിനു പിന്നിലെ തന്റെ കഴിവുകേട് ജനങ്ങളോട് ഏറ്റുപറഞ്ഞ് മന്ത്രിസ്ഥാനത്തുനിന്ന് രാജിവച്ച് പോയി വീട്ടിലിരിക്കുകയാണ് അദ്ദേഹം ചെയ്യേണ്ടത്. അതല്ലാതെ തന്റെ ഭരണത്തിന്‍കീഴില്‍ നടന്ന അന്വേഷണത്തെ അസ്ഥിരപ്പെടുത്താനുള്ള സ്ഥാപിത രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് കൈയടിച്ചുകൊടുക്കുകയല്ല. വിചിത്രമാണ് ഈ മന്ത്രിയുടെ ഇരട്ടത്താപ്പ്! രമ ഇപ്പോള്‍ പറയുന്നത് പ്രതിക്കൂട്ടില്‍നിന്നവര്‍ക്കപ്പുറത്ത് വേറെ പ്രതികളുണ്ട് എന്നാണ്. ഇക്കാര്യം എന്തുകൊണ്ട് കേസ് വിചാരണചെയ്ത ജഡ്ജിയുടെ മുമ്പില്‍ ഇവര്‍ പറഞ്ഞില്ല? അഞ്ചാംസാക്ഷിയായിരുന്നല്ലോ അവര്‍. അന്ന് തോന്നാത്തത് ഇന്ന് തോന്നിയതിനു പിന്നിലുള്ളത് സിപിഐ എമ്മിലേക്ക് കേസ് കൊണ്ടെത്തിക്കാനുള്ള പാഴ്ശ്രമം ഒന്നുകൂടി നടത്തിനോക്കാമെന്ന രാഷ്ട്രീയ ഗൂഢചിന്തയാണ്.

അന്വേഷണത്തിന്റെ വഴികളില്‍ അതിന് സ്ഥാനമൊന്നുമില്ല. കോണ്‍ഗ്രസ് നേതാവായിരുന്ന ഒരു പ്രോസിക്യൂഷന്‍ ഡയറക്ടറില്‍നിന്ന് ഉപദേശം എഴുതിവാങ്ങുക; നിയമപരമായി നിലനില്‍പ്പില്ലാത്ത സിബിഐ അന്വേഷണത്തിന് ആവശ്യപ്പെടുക. ഇങ്ങനെ കരുനീക്കങ്ങള്‍ തുടരുന്നു. മാറാട് കേസില്‍ കമീഷന്‍ ജഡ്ജ് ഉയര്‍ന്നതലത്തിലെ അന്വേഷണത്തിന് നിര്‍ദേശിച്ചിട്ടും അന്വേഷണമില്ല. ഇരട്ടത്താപ്പ് വ്യക്തം.

deshabhimani editorial

1 comment:

  1. രണ്ടുദിവസത്തേക്ക് എന്നായിരുന്നു ഉത്തരം. രണ്ടുദിവസം കഴിഞ്ഞാല്‍ തിരികെ സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകുമെന്നര്‍ഥം...

    for hunger strike why do you need a hotel room?

    ReplyDelete