Sunday, February 16, 2014

സി.ഭാസ്കരനെതിരെ കേസെടുത്തത് പ്രതിഷേധാര്‍ഹം: സി.പി.ഐ.എം

സി ഭാസ്കരനെതിരായ കേസ്; നിയമവൃത്തങ്ങളില്‍ അമ്പരപ്പ്

തിരു: സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് അംഗം സി ഭാസ്കരനെതിരെ പൊലീസ് കേസെടുത്തത് നിയമവൃത്തങ്ങളില്‍ അമ്പരപ്പുണ്ടാക്കി. ഭാസ്കരന്റെ പ്രസംഗമായി ചില ചാനലുകളില്‍ വന്ന ശബ്ദ സംപ്രേഷണത്തിന്റെ പേരിലാണ് കേരള പൊലീസ് ആക്ട് 118(ഡി) പ്രകാരം വടകര പൊലീസ് കേസെടുത്തത്. എന്നാല്‍, ടി പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് പ്രതിഭാഗം അഭിഭാഷകര്‍ കോടതിയില്‍ ഉന്നയിച്ച ചില സംശയങ്ങള്‍ മാത്രമാണ് ഈ പ്രസംഗത്തിലുള്ളത്. വിചാരണക്കോടതി രേഖയിലുള്ള കാര്യങ്ങള്‍ പുറത്ത് പറഞ്ഞാല്‍ കേസെടുക്കാന്‍ കഴിയില്ലെന്നാണ് നിയമവിദഗ്ധര്‍ ഏകസ്വരത്തില്‍ പറയുന്നത്. കൂടാതെ ഭാസ്കരനാണ് പ്രസംഗിച്ചതെന്നതിന്റെ ദൃശ്യംപോലും പൊലീസിന് കിട്ടിയില്ല. ഇത്തരം സാഹചര്യത്തില്‍ 118(ഡി) പ്രകാരം കേസെടുക്കാന്‍ പൊലീസിന് അധികാരവുമില്ല.

പ്രതിഭാഗം കോടതിയില്‍ വാദിച്ചതും പ്രോസിക്യൂഷന്‍ ഉത്തരം നല്‍കാത്തതുമായ കാര്യങ്ങളില്‍ ചിലതാണ് സി ഭാസ്കരന്റെ പ്രസംഗമെന്ന പേരില്‍ ചില ചാനലുകള്‍ സംപ്രേഷണം ചെയ്തതെന്ന് പ്രതിഭാഗത്തിനുവേണ്ടി വാദിച്ച പ്രമുഖ അഭിഭാഷകന്‍ അഡ്വ. കെ വിശ്വന്‍ പറഞ്ഞു. ചന്ദ്രശേഖരന്‍ രണ്ട് സിം കാര്‍ഡ് ഉപയോഗിച്ചിരുന്നതായി പ്രോസിക്യൂഷന്‍ രേഖകളിലുണ്ട്. എന്നാല്‍, രണ്ടിലെയും വിളിയുടെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന്‍ തയ്യാറായിരുന്നില്ല. വിചാരണവേളയില്‍ പ്രതിഭാഗം അഭിഭാഷകര്‍ വെല്ലുവിളിച്ചപ്പോള്‍ മാത്രമാണ് ഒരു സിംകാര്‍ഡിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്. ചന്ദ്രശേഖരന്‍ ഉപയോഗിച്ച ബിഎസ്എന്‍എല്‍ ഫോണിന്റെ വിശദാംശങ്ങള്‍ ഇപ്പോഴും ദുരൂഹമായി തുടരുന്നു. പ്രതിഭാഗം ഇതേക്കുറിച്ച് അവസാനംവരെ പറഞ്ഞിട്ടും പ്രോസിക്യൂഷന്‍ ഹാജരാക്കാന്‍ തയ്യാറായില്ല.

ജാഫര്‍ എന്ന സാക്ഷി ചന്ദ്രശേഖരനെ കണ്ടത് രാത്രി ഒമ്പതിനാണ്. വടകരയില്‍നിന്ന് പുറപ്പെടുമ്പോഴാണ് കണ്ടത്. അവിടെനിന്ന് രണ്ടര കിലോമീറ്റര്‍ അകലെ സംഭവം നടന്ന സ്ഥലത്തെത്താന്‍ പത്ത് മിനിറ്റ് മതിയെന്നിരിക്കെ 10.13ന് സംഭവം നടക്കുംവരെ ചന്ദ്രശേഖരന്‍ എവിടെയായിരുന്നെന്ന ചോദ്യത്തിനും പ്രോസിക്യൂഷന്‍ ഉത്തരം നല്‍കിയില്ലെന്ന് വിശ്വന്‍ പറഞ്ഞു.

വ്യക്തി ഗുരുതരമായ ക്രമസമാധാനലംഘനമോ അപായമോ ഉണ്ടാക്കിയാലാണ് 2011ലെ കേരള പൊലീസ് ആക്ട് 118 വകുപ്പനുസരിച്ച് കേസെടുക്കുക. ഇത്തരം അവസരങ്ങളില്‍ പ്രസ്താവനയിലോ അഭിപ്രായപ്രകടനങ്ങളിലോ ടെലിഫോണ്‍ സംഭാഷണത്തിലോ ഏതെങ്കിലും വ്യക്തിക്ക് അധിക്ഷേപകരമായ രീതിയില്‍ അസഹ്യമായ അവസ്ഥ ഉണ്ടാകണമെന്ന് 118ലെ ഡി ഉപവകുപ്പ് വ്യക്തമാക്കുന്നു. എന്നാല്‍, സി ഭാസ്കരന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് ഒരു ക്രമസമാധാനപ്രശ്നവും അപായവുമുണ്ടായിട്ടില്ല. സാധാരണ നിലയില്‍ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ക്കും മറ്റും ഇന്ത്യന്‍ ശിക്ഷാനിയമം 499 പ്രകാരം സ്വകാര്യ പരാതിയിലൂടെ മാത്രമേ കേസെടുക്കാന്‍ കഴിയൂ. അപകീര്‍ത്തിക്കിരയായ വ്യക്തി ഐപിസി 499, 500 പ്രകാരം കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യുകയും വേണം. ഇവിടെ അപകീര്‍ത്തിക്കിരയായി എന്ന് പറയുന്ന വ്യക്തി ജീവിച്ചിരിപ്പില്ല. അത്തരം സാഹചര്യത്തില്‍ അപകീര്‍ത്തിക്ക് ഇന്ത്യന്‍ശിക്ഷാ നിയമത്തില്‍ പ്രസക്തിയുമില്ല. മരണാനന്തരം മൃതദേഹത്തെ അപമാനിക്കുന്നതുള്‍പ്പെടെയുള്ള സംഭവങ്ങളിലും കേസെടുക്കാന്‍ വകുപ്പുണ്ടെങ്കിലും ഇത്തരം കേസിന് ഒരു സാധുതയുമില്ല.

എം രഘുനാഥ് deshabhimani

No comments:

Post a Comment