Sunday, February 16, 2014

സഹ. സംഘങ്ങള്‍ക്കെതിരെ ആദായനികുതി വകുപ്പ്

നിക്ഷേപകരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് സംസ്ഥാനത്തെ സഹകരണ സംഘങ്ങള്‍ക്ക് വീണ്ടും ആദായനികുതി വകുപ്പിന്റെ നോട്ടീസ്. നിക്ഷേപകരുടെ വിവരങ്ങള്‍ക്കായി 18 മുതല്‍ സ്ഥാപനങ്ങളില്‍ കയറി പരിശോധന നടത്തുമെന്നുകാട്ടിയാണ് ആദായനികുതി വകുപ്പ് പ്രാഥമിക കാര്‍ഷികസംഘങ്ങളടക്കം സഹകരണ ബാങ്കുകള്‍ക്ക് കഴിഞ്ഞദിവസം നോട്ടീസ് നല്‍കിയത്. അഞ്ചുലക്ഷം രൂപമുതല്‍ നിക്ഷേപിച്ചവരുടെയും മാസം 10,000 രൂപ പലിശ വാങ്ങുന്നവരുടെയും പട്ടിക ആവശ്യപ്പെട്ട് നേരത്തെ സഹകരണ സംഘങ്ങള്‍ക്ക് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചിരുന്നു. പട്ടിക നല്‍കിയില്ലെങ്കില്‍ ദിവസം 100 രൂപവീതം പിഴ ചുമത്തുമെന്നും ഓഫീസില്‍ കയറി വിവരം എടുക്കുമെന്നും ഭീഷണിയായിരുന്നു ആദ്യ നോട്ടീസില്‍. ഇതിന് സാവകാശം നല്‍കണമെന്നാവശ്യപ്പെട്ട് കേരള പ്രൈമറി കോ-ഓപ്പറേറ്റീവ് അസോസിയേഷന്‍ നേതൃത്വത്തില്‍ സഹകാരികളും ജീവനക്കാരും സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചു. ദേശസാല്‍ക്കൃത ബാങ്കുകള്‍ക്ക് നിയമപ്രകാരം നല്‍കിയ ഇളവ് സഹകരണസ്ഥാപനങ്ങള്‍ക്കും അനുവദിക്കണമെന്നും ഇക്കാര്യത്തില്‍ കേന്ദ്ര ധനമന്ത്രാലയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. ആദായനികുതി വകുപ്പിന്റെ തീരുമാനത്തിനെതിരെ നിരവധി കേസുകളും കോടതിയുടെ തീര്‍പ്പിനായി നില്‍ക്കുന്നു. അസോസിയേഷന്റെ ആവശ്യം പരിഗണിച്ച സംസ്ഥാന സര്‍ക്കാര്‍ ദേശസാല്‍ക്കൃത ബാങ്കുകള്‍ക്ക് നല്‍കിയ ഇളവ് സഹകരണ സംഘങ്ങള്‍ക്കും അനുവദിക്കണമെന്നുകാണിച്ച് കേന്ദ്ര ധനമന്ത്രിക്ക് നിവേദനം നല്‍കി. പ്രതിരോധമന്ത്രി എ കെ ആന്റണിക്കും മുഖ്യമന്ത്രിയും ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റുമാരും ചേര്‍ന്ന് നിവേദനം നല്‍കി.

ഇതിനിടയിലാണ് കടുത്ത നടപടിയുമായി ആദായനികുതി അധികൃതര്‍ മുന്നോട്ടുപോകുന്നത്. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെ സഹായിക്കാനാണ് ആദായനികുതി വകുപ്പിന്റെ നീക്കമെന്ന ആക്ഷേപം ശക്തമാണ്. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിലെ സഹകരണ സ്ഥാപനങ്ങളോടു കാട്ടുന്ന ഇരട്ടത്താപ്പിന്റെ അവസാനത്തെ ഉദാഹരണമാണ് ആദായനികുതി വകുപ്പിന്റെ നടപടി. ദേശസാല്‍ക്കൃത ബാങ്കുകളില്‍നിന്ന് 10 ലക്ഷം രൂപയ്ക്കുമുകളില്‍ നിക്ഷേപം ഉള്ളവരുടെയും മാസം രണ്ടു ലക്ഷത്തിലധികം രൂപ പലിശ വാങ്ങുന്നവരുടെയും പട്ടിക ശേഖരിക്കുമ്പോഴാണ് സഹകരണമേഖലയില്‍ നാമമാത്ര തുക നിക്ഷേപിക്കുന്നവരെ ചൂഷണംചെയ്യുന്നത്. ആദായനികുതി വകുപ്പിന്റെ ഇരട്ടത്താപ്പുമൂലം സഹകരണനിക്ഷേപം വന്‍തോതില്‍ പിന്‍വലിക്കപ്പെടുകയാണ്. ആദ്യ നോട്ടീസിന്റെ അടിസ്ഥാനത്തില്‍ നല്‍കിയ പട്ടികയിലെ നിക്ഷേപകര്‍ക്കെല്ലാം ആദായനികുതി വകുപ്പ് നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ നോട്ടീസ് അയച്ചു. തുടര്‍ന്ന് സഹകരണ സ്ഥാപനങ്ങളില്‍നിന്ന് നിക്ഷേപം പിന്‍വലിക്കാന്‍ തുടങ്ങി. സംസ്ഥാന സഹകരണനിക്ഷേപം ഒരുലക്ഷം കോടി രൂപ വരും. ചെറുകിട സമ്പാദ്യങ്ങളും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ അടക്കമുള്ള തുകയും വിവാഹ-വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുള്ള കരുതലുകളും അടങ്ങുന്നതാണിത്. ഈ തുക സ്വകാര്യ ചിട്ടികമ്പനികളിലേക്കും പണയസ്ഥാപനങ്ങളിലേക്കും പണമിടപാട് സ്ഥാപനങ്ങളിലേക്കും ഒഴുകുന്ന നടപടിയാണ് ആദായനികുതി വകുപ്പ് സ്വീകരിക്കുന്നത്.

ജി രാജേഷ്കുമാര്‍ deshabhimani

No comments:

Post a Comment