Thursday, February 20, 2014

തെലങ്കാന ബില്‍ പാസാക്കി; ബില്‍ പാസാക്കല്‍ ജനാധിപത്യവിരുദ്ധം: സിപിഐ എം

ന്യൂഡല്‍ഹി: തെലങ്കാന സംസ്ഥാന രൂപീകരണം ലക്ഷ്യമിട്ടുള്ള ആന്ധ്ര പുനഃസംഘടനാ ബില്‍ നാടകീയരംഗങ്ങള്‍ക്കൊടുവില്‍ ശബ്ദവോട്ടോടെ ലോക്സഭ പാസാക്കി. സീമാന്ധ്രമേഖലയില്‍നിന്നുള്ള കേന്ദ്രമന്ത്രിമാരും എംപിമാരും സിപിഐ എം അംഗങ്ങളും നടുത്തളത്തില്‍ പ്രതിഷേധിക്കുന്നതിനിടെയാണ് ചര്‍ച്ചകൂടാതെ ബില്‍ പാസാക്കിയത്. അടുത്തദിവസംതന്നെ ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കും. കോണ്‍ഗ്രസും ബിജെപിയും ബില്ലിനെ പിന്തുണച്ചപ്പോള്‍ സിപിഐ എം, തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെഡി, സമാജ്വാദി പാര്‍ടി, ശിവസേന എന്നിവ വിയോജിച്ചു. ബില്ലിനെ എതിര്‍ക്കുന്നവര്‍ വോട്ടിങ് ആവശ്യപ്പെട്ടെങ്കിലും ശബ്ദവോട്ടിന്റെ അടിസ്ഥാനത്തില്‍ ബില്‍ പാസായതായി സ്പീക്കര്‍ മീരാകുമാര്‍ അറിയിച്ചു.

ബില്‍ പരിഗണിച്ച ഘട്ടത്തില്‍ ലോക്സഭാ ടിവിയുടെ തത്സമയ സംപ്രേഷണം നിര്‍ത്തിയത് വിവാദമായി. ലോക്സഭയില്‍ ശൂന്യവേളയ്ക്കുശേഷമുള്ള ആദ്യ ഇനമായാണ് ബില്‍ ഉള്‍പ്പെടുത്തിയത്. രാവിലെമുതല്‍ ലോക്സഭ സംഘര്‍ഷഭരിതമായിരുന്നു. സീമാന്ധ്ര എംപിമാരും എസ്സി- എസ്ടി ഉപപദ്ധതി ബില്‍ പാസാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ പാര്‍ടികളിലെ എംപിമാരും നടുത്തളത്തില്‍ ഇറങ്ങിയതോടെ ചോദ്യോത്തരവേള മുടങ്ങി. 12ന് സഭ വീണ്ടും ചേര്‍ന്നപ്പോള്‍ ബില്‍ അവതരിപ്പിക്കാന്‍ ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയെ മീരാകുമാര്‍ ക്ഷണിച്ചു. എന്നാല്‍, സിപിഐ എം എംപിമാരും സീമാന്ധ്ര എംപിമാരും നടുത്തളത്തില്‍ ഇറങ്ങിയതോടെ നടപടി തടസ്സപ്പെട്ടു. ഇതാദ്യമായാണ് ആന്ധ്രവിഭജന വിഷയത്തില്‍ സിപിഐ എം അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങിയത്. ഭാഷാടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ട സംസ്ഥാനങ്ങളെ രാഷ്ട്രീയനേട്ടം ലക്ഷ്യമിട്ട് വിഭജിക്കുന്നത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്ന് സിപിഐ എം ലോക്സഭാ നേതാവ് ബസുദേബ് ആചാര്യ പറഞ്ഞു. 12.45ന് സഭ വീണ്ടും ചേര്‍ന്നപ്പോഴും നടപടികളിലേക്ക് കടക്കാനായില്ല. തുടര്‍ന്ന് മൂന്നുവരെ സഭ നിര്‍ത്തി.

ചര്‍ച്ചകൂടാതെ ബില്‍ പാസാക്കാനുള്ള തയ്യാറെടുപ്പോടെയാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ എത്തിയത്. തടിമിടുക്കുള്ള എട്ട് എംപിമാരെ ഷിന്‍ഡെയ്ക്കുമുന്നില്‍ നിര്‍ത്തി സംരക്ഷണവലയം തീര്‍ത്തു. ബില്‍ പാസാക്കുന്നതിനായി പരിഗണിക്കണമെന്ന് ഷിന്‍ഡെ പറഞ്ഞതിനു പിന്നാലെ പ്രതിപക്ഷ നേതാവ് സുഷ്മ സ്വരാജിനെ സ്പീക്കര്‍ ക്ഷണിച്ചു. ബില്ലിനെ ബിജെപി പൂര്‍ണമായി പിന്തുണയ്ക്കുന്നതായി സുഷ്മ അറിയിച്ചു. സീമാന്ധ്രയുടെ ആവശ്യംകൂടി പരിഗണിക്കണമെന്നും ബില്‍വൈകിക്കേണ്ടിയിരുന്നില്ലെന്നും സുഷ്മ പറഞ്ഞു. തെലങ്കാന രൂപീകരണം കാലത്തിന്റെ ആവശ്യമാണെന്നും സോണിയ ഗാന്ധിയുടെ നിശ്ചയദാര്‍ഢ്യംകൊണ്ടാണ് ബില്‍ യാഥാര്‍ഥ്യമാകുന്നതെന്നും ജയ്പാല്‍ റെഡ്ഡി പറഞ്ഞു. സീമാന്ധ്രക്കാര്‍ക്ക് ഹൈദരാബാദില്‍ വിവേചനം നേരിടേണ്ടി വരില്ലെന്നും ജയ്പാല്‍ റെഡ്ഡി അവകാശപ്പെട്ടു.
(എം പ്രശാന്ത്)

ബില്‍ പാസാക്കല്‍ ജനാധിപത്യവിരുദ്ധം: സിപിഐ എം

ന്യൂഡല്‍ഹി: ആന്ധ്രപ്രദേശ് വിഭജന ബില്‍ ലോക്സഭയില്‍ പാസാക്കിയത് എല്ലാ ചട്ടങ്ങളും നടപടിക്രമങ്ങളും ലംഘിച്ച് ജനാധിപത്യ വിരുദ്ധമായാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവിച്ചു. ഭാഷാടിസ്ഥാനത്തില്‍ ആദ്യമായി പുനഃസംഘടിപ്പിക്കപ്പെട്ട സംസ്ഥാനത്തിന്റെ വിഭജനം പ്രധാനവിഷയമാണ്. എന്നാല്‍, ലോക്സഭയില്‍ ചര്‍ച്ച നടന്നില്ലെന്ന് മാത്രമല്ല ബഹളത്തിനിടയില്‍ ശബ്ദവോട്ടോടെയാണ് പാസാക്കിയത്. ചര്‍ച്ച വേണമെന്ന പ്രമുഖ പ്രതിപക്ഷ പാര്‍ടികളുടെ ആവശ്യം നിരാകരിക്കപ്പെട്ടു. കോണ്‍ഗ്രസ്-ബിജെപി രഹസ്യധാരണയുടെ ഫലമാണിത്. സഭയില്‍ ചര്‍ച്ച ഉറപ്പാക്കേണ്ടത് വിഭജനത്തെ അനുകൂലിക്കുന്ന പ്രധാന പ്രതിപക്ഷ പാര്‍ടിയായ ബിജെപിയുടെ പ്രാഥമിക ഉത്തരവാദിത്തമായിരുന്നു. എന്നാല്‍, എല്ലാ പാര്‍ലമെന്ററി രീതികളും ലംഘിച്ച കോണ്‍ഗ്രസിന്റെ കൂടെ ചേരാനാണ് ബിജെപി തയ്യാറായത്. ലോക്സഭാ നടപടികളുടെ സംപ്രേഷണം നിര്‍ത്തിവച്ചത് ജനാധിപത്യവിരുദ്ധ നടപടികള്‍ ജനങ്ങള്‍ കാണരുതെന്ന ഗൂഢ നീക്കത്തിന്റെ ഭാഗമാണ്. യുപിഎ സര്‍ക്കാരിന്റെ ഈ നീക്കം ജനാധിപത്യത്തിനും ഫെഡറല്‍തത്വങ്ങള്‍ക്കും ഭീഷണി ഉയര്‍ത്തുന്നതാണ്-പിബി പ്രസ്താവനയില്‍ പറഞ്ഞു.

ആന്ധ്ര മുഖ്യമന്ത്രി രാജിവച്ചു; കോണ്‍ഗ്രസ് വിട്ടു

ഹൈദരാബാദ്: ആന്ധ്രപ്രദേശ് വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപീകരിക്കാനുള്ള ബില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് ആന്ധ്ര മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി രാജിവച്ചു. എംഎല്‍എസ്ഥാനവും കോണ്‍ഗ്രസ് അംഗത്വവും ഉപേക്ഷിച്ചതായി അദ്ദേഹം അറിയിച്ചു. ബുധനാഴ്ച പകല്‍ 10.45ന് സീമാന്ധ്രയില്‍നിന്നുള്ള മന്ത്രിമാരുടെയും നേതാക്കളുടെയും യോഗം വിളിച്ചുചേര്‍ത്തശേഷമാണ് പ്രഖ്യാപനം. രാജിക്കത്ത് ഉടന്‍ ഗവര്‍ണര്‍ ഇ എസ് എല്‍ നരസിംഹന് കൈമാറി. രാജി സ്വീകരിച്ചതായി രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു.

തെലങ്കാന രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതോടെ കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ അദ്ദേഹം സീമാന്ധ്രയില്‍ പുതിയ പാര്‍ടി രൂപീകരിക്കാനൊരുങ്ങുകയാണ്. വിഭജനത്തെ എതിര്‍ക്കുന്ന മുപ്പതോളം സാമാജികര്‍ എംഎല്‍എസ്ഥാനവും കോണ്‍ഗ്രസ് അംഗത്വവും രാജിവയ്ക്കുമെന്നാണ് സൂചന. തെലങ്കാന രൂപീകരണത്തില്‍ പ്രതിഷേധിച്ച് ലോക്സഭയില്‍ കുരുമുളക് സ്പ്രേ പ്രയോഗിച്ച വിജയവാഡയില്‍നിന്നുള്ള എംപിയും വ്യവസായിയുമായ ലഗദപതി രാജഗോപാല്‍ ലോക്സഭാംഗത്വം രാജിവച്ചു. രാജി സ്വീകരിച്ചതായി സ്പീക്കര്‍ മീരാകുമാര്‍ അറിയിച്ചു. കോണ്‍ഗ്രസ് നേതാവ് ഗണ്‍ട ശ്രീനിവാസറാവുവും കഴിഞ്ഞദിവസം രാജിവച്ചിരുന്നു. ചട്ടങ്ങളെല്ലാം കാറ്റില്‍പ്പറത്തിയാണ് തെലങ്കാന രൂപീകരിക്കാന്‍ അനുമതി നല്‍കിയത്. വോട്ടുമാത്രം ലക്ഷ്യമിട്ടാണ് ചില രാഷ്ട്രീയപാര്‍ടികള്‍ തെലങ്കാനയെ അനുകൂലിക്കുന്നതെന്നും കിരണ്‍റെഡ്ഡി ആരോപിച്ചു. പുതിയ സര്‍ക്കാര്‍ വരുംവരെ കാവല്‍സര്‍ക്കാരായി തുടരാന്‍ താല്‍പ്പര്യമില്ലെന്ന് ഗവര്‍ണറെ അറിയിച്ചു. രാജി പെട്ടെന്ന് കൈക്കൊണ്ട തീരുമാനമല്ല. എല്ലാ സഹപ്രവര്‍ത്തകരുമായും നേതാക്കളുമായും ആലോചിച്ചശേഷമാണ് തീരുമാനമെടുത്തത്.

തെലുങ്ക് ജനതയെ വിഭജിക്കുന്നതില്‍ അതിയായ ഹൃദയവേദനയുണ്ട്. ടിഡിപി, ബിജെപി, ടിആര്‍എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നിവയ്ക്ക് വോട്ടും സീറ്റുംമാത്രമാണ് ലക്ഷ്യം. വിഭജനതീരുമാനത്തില്‍ പ്രതിഷേധിച്ച് നേരത്തെ രാജിക്കൊരുങ്ങിയതാണ്. സോണിയ ഗാന്ധിയുടെ നിര്‍ദേശം പാലിച്ചാണ് സ്ഥാനത്ത് തുടര്‍ന്നത്- അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം, തെലങ്കാന രൂപീകരണത്തിനെതിരെ സീമാന്ധ്ര, റായലസീമ, തീരദേശ ആന്ധ്ര എന്നിവിടങ്ങളില്‍ ആഹ്വാനംചെയ്ത ബന്ദ് പൂര്‍ണമായി. വിശാഖപട്ടണം, ശ്രീകാകുളം, വിജയനഗരം, കടപ്പ നഗരങ്ങള്‍ നിശ്ചലമായി. ദീര്‍ഘദൂര സര്‍വീസുകള്‍ അടക്കമുള്ളവ സ്തംഭിച്ചു. അര്‍ധസൈനിക വിഭാഗമടക്കം വന്‍ സുരക്ഷാസന്നാഹമാണ് ഒരുക്കിയത്. കിരണ്‍റെഡ്ഡിക്ക് രാജിയല്ലാതെ മറ്റു പോംവഴിയുണ്ടായിരുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ ഡല്‍ഹിയില്‍ പ്രതികരിച്ചു. തെലങ്കാന രൂപീകരണത്തെ ആദ്യംമുതല്‍ എതിര്‍ത്ത വ്യക്തിയായിരുന്നു അദ്ദേഹം. ബില്‍ പാസാക്കിയ സാഹചര്യത്തില്‍ മറ്റൊരു വഴിയും അദ്ദേഹത്തിന് മുന്നിലില്ലെന്നും ഷിന്‍ഡെ പറഞ്ഞു.

ഹൈദരാബാദില്‍ ഇനി ഗവര്‍ണര്‍ ഭരണം

ന്യൂഡല്‍ഹി: ലോക്സഭ പാസാക്കിയ ആന്ധ്ര പുനഃസംഘടനാ ബില്‍പ്രകാരം അടുത്ത പത്തുവര്‍ഷത്തേക്ക് ഹൈദരാബാദ് ഇരുസംസ്ഥാനങ്ങളുടെയും തലസ്ഥാനമായി തുടരും. പിന്നീട് തെലങ്കാനയുടെ തലസ്ഥാനമാകും. ഈ കാലത്തിനുള്ളില്‍ ആന്ധ്ര പുതിയ തലസ്ഥാനം കണ്ടെത്തണമെന്ന് ബില്‍ പറയുന്നു. ആന്ധ്രയ്ക്ക് തലസ്ഥാനം വികസിപ്പിക്കാന്‍ ആവശ്യമായ സാമ്പത്തികസഹായവും മറ്റും കേന്ദ്രസര്‍ക്കാര്‍ നല്‍കും. കേന്ദ്രം കൊണ്ടുവന്ന 35 ഭേദഗതിയോടെയാണ് ബില്‍ അംഗീകരിച്ചത്. സീമാന്ധ്രമേഖലയ്ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുമെന്ന് ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ പറഞ്ഞു.

ബില്ലിലെ മറ്റ് പ്രധാന വ്യവസ്ഥകള്‍: ബില്‍ നിയമമായി 45 ദിവസത്തിനകം കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി പുതിയ തലസ്ഥാനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിര്‍ദേശം സമര്‍പ്പിക്കണം. നിലവിലുള്ള ആന്ധ്രപ്രദേശ് ഗവര്‍ണര്‍ ഇരുസംസ്ഥാനങ്ങളുടെയും ഗവര്‍ണറായി തുടരും. പത്തുവര്‍ഷത്തേക്ക് പൊതുതലസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹൈദരാബാദ് നഗരത്തിലെ പൗരന്മാരുടെ സുരക്ഷ, സ്വാതന്ത്ര്യം, സ്വത്തവകാശം എന്നിവ ഉറപ്പാക്കുന്നതില്‍ ഗവര്‍ണര്‍ക്കായിരിക്കും പൂര്‍ണാധികാരം. നിലവിലുള്ള പൊലീസ് സേനയെ കേന്ദ്രസഹായത്തോടെ ആന്ധ്ര, തെലങ്കാന പൊലീസ് സേനകളായി വിഭജിക്കും. മാവോയിസ്റ്റ് വേട്ടയ്ക്കായി രൂപപ്പെട്ട ഗ്രേഹൗണ്ട് സേനയെയും വിഭജിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനസംവിധാനം അടുത്ത പത്തുവര്‍ഷത്തേക്ക് ഇപ്പോഴുള്ള രീതിയില്‍ തുടരും. ബില്‍ നിയമമായാല്‍ തെലങ്കാനയ്ക്ക് 17ഉം ആന്ധ്രയ്ക്ക് 25ഉം ലോക്സഭാ എംപിമാരെ ലഭിക്കും. രാജ്യസഭയില്‍ സിറ്റിങ് എംപിമാര്‍ക്ക് അവരുടെ കാലാവധി പൂര്‍ത്തിയാകുംവരെ തുടരാം. നിയമസഭാ കൗണ്‍സില്‍ സീറ്റുകള്‍ ആന്ധ്രയ്ക്ക് 50, തെലങ്കാനയ്ക്ക് 40 എന്നിങ്ങനെ വിഭജിക്കും. ഹൈദരാബാദ് ഹൈക്കോടതി ഇരുസംസ്ഥാനങ്ങളുടെയും ഹൈക്കോടതിയായി തല്‍ക്കാലം പ്രവര്‍ത്തിക്കും. ഗോദാവരി- കൃഷ്ണ നദീകൈകാര്യ ബോര്‍ഡുകളുടെ അധ്യക്ഷപദം കേന്ദ്ര ജലവിഭവമന്ത്രിക്കാവും. ഇരുസംസ്ഥാനങ്ങളുടെയും വ്യവസായവല്‍ക്കരണത്തിനും സാമ്പത്തികവളര്‍ച്ചയ്ക്കും പ്രത്യേക സഹായം അനുവദിക്കും. ആന്ധ്ര തലസ്ഥാനത്തിന് നിയമസഭ, രാജ്ഭവന്‍, സെക്രട്ടറിയറ്റ് എന്നിവ വികസിപ്പിക്കാന്‍ കേന്ദ്രം സഹായിക്കും.

deshabhimani

No comments:

Post a Comment