Thursday, February 20, 2014

മുസഫര്‍നഗര്‍ ഇരകള്‍ക്ക് സിപിഐ എം സഹായവിതരണം നടത്തി

മുസഫര്‍നഗര്‍: വര്‍ഗീയകലാപത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് സഹായഹസ്തവുമായി സിപിഐ എം. സംഘപരിവാറിന്റെ നേതൃത്വത്തില്‍ നടന്ന കലാപത്തില്‍ വീടും കുടുംബാംഗങ്ങളും നഷ്ടപ്പെട്ട് ദുരിതാശ്വാസക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വീട് വയ്ക്കാനാണ് സിപിഐ എം പണം കൈമാറിയത്.

മുസഫര്‍നഗര്‍ ജില്ലയിലെ ബുഠാന ബ്ലോക്കിലെ ജോല ഗ്രാമത്തിലെ 54 കുടുംബങ്ങള്‍ക്കാണ് വീട് വയ്ക്കാന്‍ സഹായം നല്‍കിയത്. ആദ്യഗഡുവെന്ന നിലയില്‍ 54 കുടുംബങ്ങള്‍ക്കും ഒരുലക്ഷം രൂപ വീതം നല്‍കി. വ്യാഴാഴ്ച രാവിലെ ജോല ഗ്രാമത്തില്‍ നടന്ന ചടങ്ങില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ചെക്ക് വിതരണം ചെയ്തു. ദുരിതാശ്വാസ സമിതിക്ക് നേതൃത്വം നല്‍കുന്ന കേന്ദ്രകമ്മിറ്റി അംഗം സുഭാഷിണി അലി പങ്കെടുത്തു.

ആഗസ്ത്സെപ്തംബര്‍ മാസങ്ങളിലാണ് മുസഫര്‍നഗറില്‍ ജാട്ടുകളും മുസ്ലിങ്ങളും തമ്മില്‍ ഏറ്റുമുട്ടിയത്. കലാപത്തില്‍ 62 പേര്‍ കൊല്ലപ്പെട്ടു. കാല്‍ലക്ഷത്തോളം പേര്‍ അഭയാര്‍ഥികളായി. തണുപ്പുകാലമായതോടെ ടെന്റുകളിലെ ജീവിതം ദുസ്സഹമായി. ഇരുപതിലധികം കുട്ടികള്‍ മരിച്ചു. ദുരിതജീവിതം നയിക്കുന്ന ന്യൂനപക്ഷജനതയെ സഹായിക്കാന്‍ രംഗത്തെത്തിയ ഏക രാഷ്ട്രീയ പാര്‍ടി സിപിഐ എം ആണ്.

ഇതിനകംതന്നെ നിരവധി പേര്‍ക്ക് കമ്പിളിയും മറ്റും പാര്‍ടിയുടെ ഉത്തര്‍പ്രദേശ് ഘടകം വിതരണംചെയ്തിട്ടുണ്ട്. ദേശവ്യാപകമായി ഫണ്ട് ശേഖരണത്തിനും സിപിഐ എം ആഹ്വാനംചെയ്തു. കേരളത്തില്‍ നിന്നുമാത്രം 56 ലക്ഷം രൂപ ലഭിച്ചു. ഈ തുകയാണ് ഇപ്പോള്‍ വീട് വയ്ക്കാന്‍ നല്‍കിയത്.

deshabhimani

No comments:

Post a Comment