Thursday, February 20, 2014

വധശിക്ഷയ്ക്കെതിരെ വികാരമുയരുന്നു

രാജീവ് ഗാന്ധി വധക്കേസിലെ മൂന്ന് പ്രതികള്‍ക്കുള്ള വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി ജീവപര്യന്തമാക്കിയത് വധശിക്ഷക്കെതിരെ ഉയരുന്ന വികാരം ശക്തിപ്പെടുത്തും. പ്രതികളുടെ അപ്പീല്‍ ഹര്‍ജിയും ദയാഹര്‍ജിയും നേരത്തെ തള്ളിയിരുന്നു. തമിഴ്നാട്ടില്‍നിന്നുള്ള സമ്മര്‍ദം കാരണമാണ് ഇവരുടെ വധശിക്ഷ നടപ്പാക്കാതിരുന്നത്. മൂന്നു പേരുടെയും വധശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് തമിഴ്നാട് നിയമസഭ ഏകകണ്ഠമായി അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടിരുന്നു.

ബ്രിട്ടീഷുകാരുടെ കാലംമുതല്‍തന്നെ ഇന്ത്യന്‍ ജുഡീഷ്യല്‍ സംവിധാനത്തില്‍ വധശിക്ഷ നിലവിലുണ്ട്. സ്വതന്ത്ര ഇന്ത്യയിലെ നിയമവ്യവസ്ഥയിലും നിലനിര്‍ത്തപ്പെട്ടു. എന്നിരുന്നാലും 1980ല്‍ സുപ്രീം കോടതി "അപൂര്‍വങ്ങളില്‍ അപൂര്‍വമായ" കേസുകളില്‍ മാത്രമേ വധശിക്ഷ നല്‍കാവൂ എന്ന് വിധിച്ചു. അതിനുശേഷം വധശിക്ഷ അപൂര്‍വമായി. കൊലപാതകത്തിനും സമാനമായ കുറ്റകൃത്യങ്ങള്‍ക്കും ജീവപര്യന്തം തടവായി. ഇതിന് ശേഷവും രാജ്യത്തെ പരമോന്നത കോടതി വധശിക്ഷ നല്‍കുകയും അത് നീതിപൂര്‍വമല്ലെന്നും ഏകപക്ഷീയമാണെന്ന് തെളിയിക്കപ്പെടുകയുംചെയ്തു. 2012ല്‍ ഏഴ് കേസില്‍ വധശിക്ഷ വിധിച്ചിരുന്നു. ഇത് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന മുന്‍വിധിക്ക് വിപരീതമാണെന്ന് സുപ്രീം കോടതിതന്നെ അഭിപ്രായപ്പെട്ടു. പഞ്ചാബ് മുഖ്യമന്ത്രി ബിയാന്ത് സിങ്ങിന്റെ കൊലയാളിക്കെതിരെയുള്ള വധശിക്ഷ നടപ്പാക്കുന്നതിനെ പഞ്ചാബ് സര്‍ക്കാര്‍ എതിര്‍ക്കുകയാണ്. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതിന് ശേഷം വധശിക്ഷ കാത്തു കഴിയുകയാണ് ഇയാള്‍. ഭുള്ളറിന്റെ വധശിക്ഷയും പഞ്ചാബിന്റെ പ്രതിഷേധം കാരണം നടപ്പാക്കിയിട്ടില്ല. ഈകേസുകളില്‍ രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതിന് ശേഷം പ്രതികളോ ബന്ധുക്കളോ കോടതിയെ സമീപിച്ച് വധശിക്ഷ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.

ഇതിനൊക്കെ വിരുദ്ധമായി പാര്‍ലമെന്റ് ആക്രമണക്കേസില്‍ കുറ്റവാളിയായ അഫ്സല്‍ ഗുരുവിനെ, ദയാഹര്‍ജി തള്ളിയ ഉടന്‍ തന്നെ വധശിക്ഷയ്ക്ക് വിധേയനാക്കി. റിവ്യു ഹര്‍ജി നല്‍കാന്‍ പോലും അനുവദിച്ചില്ല. ശിക്ഷ നടപ്പാക്കല്‍ കുടുംബത്തെ അറിയിച്ചതുമില്ല. കശ്മീരിലെ എല്ലാ രാഷ്ട്രീയ പാര്‍ടികളും സംസ്ഥാന സര്‍ക്കാരും വധശിക്ഷ നടപ്പാക്കുന്നതിന് എതിരായിരുന്നു. കുറ്റംചെയ്യുന്ന ദരിദ്രരും സാധാരണക്കാരുമാണ് വധശിക്ഷയ്ക്ക് ഇരയാകുന്നത്. ഭൂവുടമയെ വധിച്ചതിന് നക്സലൈറ്റുകാരായ കിഷ്തഗൗഡ്, ബൊമിയ എന്നീ ആദിവാസികളെ 1970 കളുടെ മധ്യത്തില്‍ തൂക്കിക്കൊന്നിരുന്നു. ഇവര്‍ നല്‍കിയ ദയാഹര്‍ജി അന്നത്തെ രാഷ്ട്രപതി ഫക്രുദീന്‍ അലി അഹമ്മദ് തള്ളി. ബിഹാറിലോ മറ്റ് സംസ്ഥാനങ്ങളിലോ സവര്‍ണനായ ഒരു ഭൂവുടമയെയും കര്‍ഷകത്തൊഴിലാളികളെ വധിച്ചതിന്റെ പേരില്‍ തൂക്കിക്കൊന്നിട്ടില്ല. വധശിക്ഷയ്ക്ക് വിരാമമിടുകയെന്നതാണ് ലോകത്തിലെ പൊതുരീതി. 97 രാഷ്ട്രങ്ങള്‍ ഇതിനകം വധശിക്ഷ റദ്ദാക്കി. പരിഷ്കൃതസമൂഹത്തിന് യോജിക്കാത്ത ഒന്നായാണ് വധശിക്ഷയെ ഇപ്പോള്‍ ലോകം കാണുന്നത്. വധശിക്ഷ നടപ്പാക്കുന്നതിന് മെറോട്ടോറിയം നല്‍കണമെന്ന് ഐക്യരാഷ്ട്ര സഭ പൊതുസഭ മൂന്നു തവണ ആവശ്യപ്പെട്ടു. ഇന്ത്യ മൂന്ന് തവണയും പ്രമേയത്തെ എതിര്‍ത്തു വോട്ടുചെയ്തു.

ഇന്ത്യയിലെ നിയമങ്ങളനുസരിച്ച് "ഒരു ശിക്ഷ" എന്ന നിലയില്‍ വധശിക്ഷ ഒഴിവാക്കേണ്ട സമയമായി എന്ന് സിപിഐ എം അഭിപ്രായപ്പെട്ടിരുന്നു. "അപൂര്‍വങ്ങളില്‍ അപൂര്‍വമായ" കേസുകളിലും ക്രൂരമായ കുറ്റകൃത്യങ്ങള്‍ക്കും മരണംവരെ ജയില്‍ശിക്ഷ നല്‍കുന്നതിനുള്ള വകുപ്പുകള്‍ക്ക് രൂപം നല്‍കണമെന്നാണ് സിപിഐ എമ്മിന്റെ അഭിപ്രായം.

വധശിക്ഷയ്ക്കെതിരെ പോരാട്ടം തുടരും: പേരറിവാളന്റെ അമ്മ

ന്യൂഡല്‍ഹി: രാജീവ്ഗാന്ധി വധക്കേസിലെ പ്രതികളുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതി വിധി പുറത്തുവന്നപ്പോള്‍ തുടിക്കുന്നത് ഒരു അമ്മമനസ്സ്. പേരറിവാളന്റെ ജീവനുവേണ്ടി രണ്ടുപതിറ്റാണ്ട് പോരാടിയ തമിഴ്നാട്ടിലെ ജോലാര്‍പേട്ടയിലെ അര്‍പ്പുതം അമ്മാള്‍ എന്ന അറുപത്തെട്ടുകാരി. മകന്റെ ജീവന്‍ തൂക്കുമരത്തിന് വിട്ടുകൊടുക്കാതിരിക്കാന്‍ നിയമയുദ്ധം നടത്തിയ ആ അമ്മ ഇപ്പോള്‍ പ്രതീക്ഷയിലാണ്, ഏറെ വൈകാതെ "അറിവ്" തിരികെയെത്തുമെന്ന നിറഞ്ഞ പ്രതീക്ഷയില്‍. വധശിക്ഷ റദ്ദാക്കിയതില്‍ സന്തോഷമുണ്ടെന്ന് അവര്‍ ചെന്നെയില്‍ പ്രതികരിച്ചു. വധശിക്ഷയക്കെതിരായ പോരാട്ടം ഇനിയും തുടരുമെന്നും അവര്‍ പറഞ്ഞു.

1991 മെയ് 21- പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധി ശ്രീപെരുമ്പത്തൂരില്‍ കൊല്ലപ്പെടുന്നു. മറ്റേതൊരു ഇന്ത്യക്കാരനെയുംപോലെ ഞെട്ടലോടെയാണ് അര്‍പ്പുതം അമ്മാളും കുടുംബവും ആ വാര്‍ത്ത കേട്ടത്. സംഭവം നടന്ന് 20-ാമത്തെ ദിവസംമുതല്‍ ചിത്രം മാറി. ജൂണ്‍ 11ന് രാത്രി പേരറിവാളനെ തേടി പ്രത്യേക അന്വേഷണസംഘം വീട്ടില്‍. ചെന്നൈയില്‍ ഇലക്ട്രോണിക് ഡിപ്ലോമ വിദ്യാര്‍ഥിയായ മകന് സംഭവത്തില്‍ പങ്കില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ അവനെ ഹാജരാക്കാമെന്നും ഉറപ്പ് നല്‍കി. ആ ഉറപ്പില്‍ വീട്ടില്‍ പരിശോധനയ്ക്ക് വന്നവര്‍ തിരികെ പോയി. പിറ്റേന്ന് ചെന്നൈയില്‍ പോയി മകനെ തിരികെ കൊണ്ടുവന്നു. ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം പേരറിവാളനെ സിബിഐ ഓഫീസില്‍ ഹാജരാക്കി. പിറ്റേദിവസംതന്നെ അറിവിനെ പുറത്തുവിടുമെന്ന വാഗ്ദാനം പാലിച്ചില്ല. വിലങ്ങണിയാത്ത മകനെ അര്‍പ്പുതം അമ്മാള്‍ അവസാനമായി കണ്ടതും അന്ന്. വീട്ടില്‍ ഒതുങ്ങിക്കൂടിയ അര്‍പ്പുതംഅമ്മാള്‍ മകന്റെ ജീവനുവേണ്ടി മുട്ടാത്ത വാതിലുകളില്ല. ജോലാര്‍പേട്ടിലെ കോടതിമുറ്റത്തുനിന്ന് തുടങ്ങിയ ആ പോരാട്ടം സുപ്രീംകോടതിവരെ നീണ്ടു. സുപ്രീംകോടതി മുന്‍ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരടക്കമുള്ളവരും കരുത്തുപകര്‍ന്നു. ടാഡ കോടതി പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു. മറ്റുള്ളവരുടെ വധശിക്ഷ ജീവപര്യന്തമാക്കിയപ്പോഴും പേരറിവാളന് ഇളവ് നല്‍കിയില്ല. മകനെ കൊലമരത്തിന് വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിച്ചായിരുന്നു അര്‍പ്പുതം അമ്മാളിന്റെ പിന്നീടുള്ള പോരാട്ടം. തെറ്റൊന്നും ചെയ്യാതെ 23 വര്‍ഷം ജയിലില്‍ കഴിയേണ്ടിവന്ന മകന്റെ വധശിക്ഷ ഒഴിവാക്കിയ സുപ്രീംകോടതിയോട് ഏറെ നന്ദിയുണ്ടെന്നാണ് വിധി വന്നശേഷം ചെന്നൈയില്‍ നടത്തിയ പ്രതികരണം.

ഉചിതമായ വിധി

കോട്ടയം: രാജീവ്ഗാന്ധി വധക്കേസിലെ പ്രതികളുടെ വധശിക്ഷ ഇളവ് ചെയ്തത് ഉചിതമായ വിധിയെന്ന് ജസ്റ്റിസ് കെ ടി തോമസ്. താന്‍ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചാണ് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചിരുന്നത്. എന്നാല്‍ ശിക്ഷ നടപ്പാക്കാന്‍ വൈകി. പ്രതികള്‍ 22 വര്‍ഷം ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചു കഴിഞ്ഞു. ഒരു കുറ്റത്തിന് ഒരു ശിക്ഷ എന്നാണ് ഇന്ത്യന്‍ ശിക്ഷാനിയമം അനുശാസിക്കുന്നത്. ഈ ശിക്ഷ രാജീവ്ഗാന്ധി വധക്കേസിലെ പ്രതികള്‍ അനുഭവിച്ചു കഴിഞ്ഞു. ഇനി അവരെ വധശിക്ഷയ്ക്ക് വിധിച്ചാല്‍ ഒരു കുറ്റത്തിന് രണ്ട് ശിക്ഷ നല്‍കുന്നതിന് തുല്യമാവും. അത് ഭരണഘടനാവിരുദ്ധവുമാവും. പതിനാലു വര്‍ഷം ജീവപര്യന്തം തടവ് അനുഭവിച്ചു കഴിഞ്ഞാല്‍ മോചിതനാകാന്‍ കഴിയുമോ എന്ന് പരിഗണിക്കപ്പെടാന്‍ പ്രതിക്ക് അവകാശമുണ്ട്. ഇവിടെ ആ അവകാശവും അവര്‍ക്ക് ലഭിച്ചില്ല. ശിക്ഷ നടപ്പാക്കുന്നത് അനന്തമായി നീണ്ടപ്പോള്‍ പ്രതികളെ ഇനി വധശിക്ഷയ്ക്ക് വിധേയരാക്കാന്‍ പാടില്ലെന്ന് താന്‍ വാദിച്ചിരുന്നു- ജസ്റ്റിസ് കെ ടി തോമസ് പറഞ്ഞു.

വധശിക്ഷ നിര്‍ത്തണം നഷ്ടപരിഹാരം നല്‍കണം

കൊച്ചി: രാജീവ് ഗാന്ധി കൊല്ലപ്പെട്ടകേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 23 വര്‍ഷം ജയിലില്‍ കഴിഞ്ഞ പേരറിവാളന് നീതിപൂര്‍വമായ എല്ലാ നഷ്ടപരിഹാരവും കേന്ദ്രസര്‍ക്കാര്‍ നല്‍കണമെന്ന് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ആവശ്യപ്പെട്ടു. പാര്‍ലമെന്റ്തെരഞ്ഞെടുപ്പിനുമുമ്പ് രാജ്യത്ത് വധശിക്ഷ നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം. ഇത്രയും വര്‍ഷം ജയിലില്‍ കഴിഞ്ഞ പേരറിവാളന്‍ എല്ലാ ദുരിതങ്ങളും അനുഭവിച്ചു. ബുദ്ധന്‍മുതല്‍ മഹാത്മാഗാന്ധിവരെയുള്ളവര്‍, ഇന്ത്യന്‍ സംസ്കാരം മറ്റൊരാളുടെ ജീവന്‍ എടുത്തുകളയുന്നത് സംസ്കാരശൂന്യമാണെന്ന് വിശ്വസിച്ചു. ലോകത്തിലെ പരിഷ്കൃത സമൂഹവും ഭൂരിപക്ഷം രാജ്യങ്ങളും വധശിക്ഷ റദ്ദാക്കി. ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴും സുപ്രീംകോടതി ജഡ്ജിയായിരുന്നപ്പോഴും താന്‍ വധശിക്ഷക്കെതിരായ നിലപാടുകളെടുത്തിരുന്നു. മൗണ്ട്് ബാറ്റന്‍ പ്രഭുവിന്റെ കൊലയാളിക്കും വധശിക്ഷ ജീവപര്യന്തമായി കുറച്ചിരുന്നു. ഇന്ത്യന്‍ സംസ്കാരത്തിന്റെ മാന്യത നിലനിര്‍ത്തണമെങ്കില്‍ തെരഞ്ഞെടുപ്പിനുമുമ്പ് വധശിക്ഷ അവസാനിപ്പിക്കണമെന്നും കൃഷ്ണയ്യര്‍ ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment