Monday, February 3, 2014

സിപിഐ എം വിരുദ്ധ മഹാസഖ്യം വിലപ്പോവില്ല: പിണറായി

കൊല്ലം: സിപിഐ എം വിരുദ്ധമഹാസഖ്യത്തിന്റെ വേദിയാണ് കെ കെ രമയുടെ നിരഹാരസമരപ്പന്തലെന്ന് പാര്‍ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ മുതല്‍ എസ്ഡിപിഐക്കാര്‍ വരെ ഒന്നിച്ചണിനിരന്നത് ഈ മഹാസഖ്യലക്ഷ്യത്തോടെയാണ്. മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഒ രാജഗോപാലും ഉള്‍പ്പെടെ ഒന്നിച്ചിരിക്കുകയാണ്. ഇത്തരം മഹാസഖ്യത്തിന്റെ തനിനിറം ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. ഇത്തരം നീക്കങ്ങള്‍ കേരളത്തില്‍ വിലപ്പോവില്ലെന്ന് പിണറായി വ്യക്തമാക്കി.

കേരള രക്ഷാ മാര്‍ച്ചിനിടെ കരുനാഗപ്പള്ളിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവഞ്ചൂര്‍ ആഭ്യന്തരമന്ത്രിയായിരിക്കുമ്പോഴാണ് ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അന്വേഷണം നടന്നത്. അന്വേഷണത്തില്‍ തിരുവഞ്ചൂരും രമയും തൃപ്തി പ്രകടിപ്പിച്ചു. എന്നാല്‍, ഇപ്പോള്‍ രമയുടെ സത്യഗ്രഹപ്പന്തലില്‍ തിരുവഞ്ചൂര്‍ എത്തിയതിനു പിന്നില്‍ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ഗൂഡാലോചനയുണ്ട്. തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ എല്ലാ സിപിഐ എം വിരുദ്ധശക്തികള്‍ക്കും യോജിക്കാനുള്ള വേദിയായി രമയുടെ സത്യഗ്രഹത്തെ മാറ്റുകയാണ്. തകര്‍ച്ചയില്‍നിന്നു യുഡിഎഫിനെ രക്ഷിക്കാനുള്ള ശ്രമമാണ് സത്യഗ്രഹം ഉപയോഗിച്ച് നടത്തുന്നത്. യഥാര്‍ഥ പ്രശ്നങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള നീക്കമാണിത്. ഇതൊക്കെ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്.

സിബിഐ അന്വേഷണം എന്ന ആവശ്യം നിയമവ്യവസ്ഥയ്ക്ക് എതിരാണ്. അത്തരം നീക്കത്തോട് യോജിക്കാനാകില്ല. നിയമവിരുദ്ധമായ കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്താല്‍ എന്തുവേണമെന്ന് അപ്പോള്‍ ആലോചിക്കുമെന്നും പിണറായി പറഞ്ഞു. കേരളത്തില്‍ എല്‍ഡിഎഫ് ശീര്‍ഷാസനം ചെയ്താലും അധികാരത്തിലെത്തില്ലെന്ന കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ അഭിപ്രായം നല്ല തമാശയാണ്. 1980ല്‍ എല്‍ഡിഎഫിന്റെ ഭാഗമായി നിന്നശേഷം കോണ്‍ഗ്രസ് പാളയത്തില്‍ തിരിച്ചെത്തി ആന്റണി പ്രകടിപ്പിച്ച അഭിപ്രായം ആരും മറന്നിട്ടുണ്ടാകില്ല. നൂറുവര്‍ഷത്തേക്ക് കമ്യൂണിസ്റ്റുകാര്‍ കേരളത്തില്‍ അധികാരത്തില്‍ വരില്ലെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. എന്നാല്‍, 1987ലും പിന്നീട് പലഘട്ടങ്ങളിലും എല്‍ഡിഎഫ് അധികാരത്തില്‍വന്നു. കോണ്‍ഗ്രസിന്റെ ജനാധിപത്യവിരുദ്ധ നടപടികള്‍ മറച്ചുവയ്ക്കുന്നതാണ് ആന്റണി കഴിഞ്ഞദിവസം നടത്തിയ അഭിപ്രായപ്രകടനം.

പാര്‍ലമെന്ററി ജനാധിപത്യം, ഫെഡറലിസം, മതനിരപേക്ഷത എന്നിവയൊക്കെ സംരക്ഷിക്കുന്നതില്‍ ഉറച്ച നിലപാടാണ് സിപിഐ എമ്മിനുള്ളത്. അടിയന്തരാവസ്ഥയില്‍ ഉള്‍പ്പെടെ പാര്‍ലമെന്ററി ജനാധിപത്യം തകര്‍ക്കാന്‍ കോണ്‍ഗ്രസ് സ്വീകരിച്ച നടപടികള്‍ ഏവര്‍ക്കും അറിയാം. വര്‍ഗീയശക്തികളോടും വര്‍ഗീയ സംഘടനകളോടും സമരസപ്പെട്ടു പോകുകയാണ് കോണ്‍ഗ്രസ്. ഇതൊക്കെ മറച്ചുവയ്ക്കാനാണ് ആന്റണിയുടെ ശ്രമം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രമ നടത്തുന്ന നിരാഹാരം യുഡിഎഫ് നേതാക്കള്‍ തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണെന്ന് പിണറായി കായംകുളത്തെ സ്വീകരണയോഗത്തില്‍ ചൂണ്ടിക്കാട്ടി.

ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയത്. ആരൊക്കെ ഇതില്‍ അഭിനയിക്കണമെന്നുവരെ തീരുമാനിക്കപ്പെട്ടിട്ടുണ്ട്. തങ്ങള്‍ക്ക് ആഗ്രഹമുള്ളവരെ പ്രതികളാക്കാനാണ് നീക്കമെന്നും പിണറായി പറഞ്ഞു.

deshabhimani

No comments:

Post a Comment