Tuesday, February 4, 2014

സിപിഐ എം വിരുദ്ധ വിശാലസഖ്യ വേദിയായി നിരാഹാര നാടകം

സിപിഐ എം വിരുദ്ധ വിശാലസഖ്യത്തിന് വേദിയായി കെ കെ രമയുടെ നിരാഹാര നാടകം തുടങ്ങി. വിരലിലെണ്ണാവുന്ന ആര്‍എംപിക്കാര്‍മാത്രം പങ്കെടുത്ത സമരപ്രഹസനത്തിന് പിന്തുണയെന്ന പേരില്‍ യുഡിഎഫ് നേതാക്കളും എംഎല്‍എമാരും മന്ത്രിയും തീവ്രവാദ- വര്‍ഗീയ സംഘടനകളായ എസ്ഡിപിഐയുടെയും ബിജെപിയുടെയും ജമാ അത്തിന്റെയും നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ കൈകോര്‍ത്തതോടെ രൂപപ്പെട്ടത് വിശാല മാര്‍ക്സിസ്റ്റ് വിരുദ്ധ കൂട്ടായ്മ. ടി പി ചന്ദ്രശേഖരന്‍ വധക്കേസ് സിബിഐക്ക് വിടാന്‍ ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കാന്‍ യുഡിഎഫ് നേതൃത്വവും ആര്‍എംപിയും രഹസ്യ ധാരണയായശേഷമാണ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ നിരാഹാരനാടകം ആരംഭിച്ചത്.

ഇത് സംബന്ധിച്ച മന്ത്രിസഭാ കുറിപ്പുപോലും മന്ത്രിമാര്‍ക്ക് നല്‍കിക്കഴിഞ്ഞു. കേസ് സിബിഐ അന്വേഷണത്തിന് വിട്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കുന്നതോടെ സമരം അവസാനിപ്പിക്കാനാണ് രഹസ്യ ധാരണ. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇത്രയും ദിവസം സിപിഐ എമ്മിനെ അധിക്ഷേപിക്കാനുള്ള വേദിയാക്കി നിരാഹാരത്തെ ഉപയോഗിക്കാനാണ് യുഡിഎഫ്-ആര്‍എംപി ധാരണ. തീവ്രവാദ സംഘടനയായ എസ്ഡിപിഐ, ജമാ അത്തിന്റെ രാഷ്ട്രീയ രൂപമായ വെല്‍ഫയര്‍ പാര്‍ടി തുടങ്ങിയവ പ്രത്യേക ബാനറില്‍ പ്രകടനമായി എത്തി സമരത്തെ അഭിവാദ്യംചെയ്തപ്പോള്‍ ബിജെപി നേതാവ് ഒ രാജഗോപാല്‍ കാലേക്കൂട്ടിത്തന്നെ സമരവേദിയില്‍ എത്തി.

പ്രത്യക്ഷത്തില്‍ സര്‍ക്കാരിനെതിരായ സമരമായിട്ടുകൂടി മുന്‍ ആഭ്യന്തരമന്ത്രികൂടിയായ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവേശത്തോടെ സമരപ്പന്തലില്‍ എത്തി. രമയുടെ ആവശ്യം ലക്ഷ്യംനേടുമെന്ന പ്രഖ്യാപനവും നടത്തി. അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന ഉറപ്പുകൂടിയായി മന്ത്രിയുടെ പ്രസംഗം. സെക്രട്ടറിയറ്റിനു മുന്നില്‍ ഉച്ചഭാഷിണി ഉപയോഗിച്ച് നടന്ന സമരത്തില്‍ പങ്കെടുത്തതിന് പ്രതിപക്ഷ പാര്‍ടികളുടെ നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച മന്ത്രി തന്നെ ഉച്ചഭാഷിണി ഉപയോഗിച്ച് പ്രസംഗിക്കുകയുംചെയ്തു. യുഡിഎഫ് എംഎല്‍എമാര്‍ കൂട്ടത്തോടെ എത്തി സമരത്തെ പിന്തുണച്ച് പ്രസംഗിക്കാന്‍ മത്സരിച്ചു.

സിഎംപിയുടെ സി പി ജോണ്‍ വിഭാഗവും പ്രകടനമായി സമരത്തെ പിന്തുണയ്ക്കാന്‍ എത്തിയപ്പോള്‍ കടുത്ത മാര്‍ക്സിസ്റ്റ് വിരുദ്ധനായി അറിയപ്പെടുന്ന ബി ആര്‍ പി ഭാസ്കര്‍, ആം ആദ്മി പാര്‍ടിയില്‍ ചേര്‍ന്ന സാറാ ജോസഫ്, സിപിഐ എമ്മില്‍നിന്ന് പുറത്താക്കപ്പെട്ട ശേഷം സിപിഐ എം വിരുദ്ധ ചേരികളില്‍ ചേക്കേറി ആക്ഷേപങ്ങള്‍ ചൊരിയുന്നവര്‍ തുടങ്ങിയവരും ഒന്നിച്ചു. ബിജെപിയുമായും മുസ്ലിം തീവ്രവാദസംഘടനകളുമായും മറ്റ് സിപിഐ എം വിരുദ്ധരുമായും ഒരേസമയം കൈകോര്‍ത്ത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ പിടിച്ചുനില്‍ക്കാനുള്ള യുഡിഎഫ്- കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തന്ത്രമാണ് സമരത്തിലൂടെ തുറന്നുകാട്ടപ്പെട്ടത്.

രമയുടെ താമസവും കോണ്‍ഗ്രസ് സ്പോണ്‍സര്‍ഷിപ്പില്‍

തിരു: സെക്രട്ടറിയറ്റിനു മുന്നില്‍ നിരാഹാരനാടകം നടത്തുന്ന കെ കെ രമയുടെയും സംഘത്തിന്റെയും താമസ സൗകര്യം സ്പോണ്‍സര്‍ചെയ്യുന്നതും കോണ്‍ഗ്രസ് നേതൃത്വം. കെപിസിസി പ്രസിഡന്റുകൂടിയായ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഏറ്റവും അടുത്ത അനുയായിയായ ആലപ്പുഴ ഡിസിസി സെക്രട്ടറി ഷാജഹാന്‍ വ്യാപാരഭവനില്‍ നടത്തുന്ന ലോഡ്ജിലാണ് താമസ സൗകര്യം ഒരുക്കിയത്.

മുറിവാടക ഇവരില്‍നിന്ന് വാങ്ങുന്നില്ല. രണ്ടു ദിവസത്തേക്കുമാത്രമേ സമരം ഉണ്ടാകൂവെന്നാണ് ഹോട്ടല്‍ മാനേജര്‍ നല്‍കുന്ന സൂചന. രമയും കൂട്ടരും താമസിക്കുന്നതിനാല്‍ മുറി ഇല്ലെന്നാണ് ആവശ്യക്കാരോട് മാനേജര്‍ പറയുന്നത്. ഇവര്‍ക്ക് രണ്ടു ദിവസത്തേക്കുമാത്രമേ ആവശ്യമുള്ളൂവെന്നും അത് കഴിഞ്ഞ് നല്‍കാമെന്നും മാനേജര്‍ ഉറപ്പ് നല്‍കുന്നു.

ബുധനാഴ്ച മന്ത്രിസഭായോഗം കഴിഞ്ഞയുടനെ സമരം അവസാനിപ്പിക്കും. ബുധനാഴ്ച രാത്രി തിരിച്ചുപോകാന്‍ ടിക്കറ്റ് ബുക്ക് ചെയ്തതായും വിവരമുണ്ട്. വ്യാഴാഴ്ച രാവിലെ വടകരയിലും ഒഞ്ചിയത്തും സ്വീകരണം നല്‍കാനും ആസൂത്രണം ചെയ്തിട്ടുണ്ട്.

deshabhimani

No comments:

Post a Comment