Thursday, February 20, 2014

രാജീവ് വധം: പ്രതികളെ വിടുന്നതിന് സ്റ്റേ

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് കുറ്റവാളികളെയും മോചിപ്പിക്കാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനം സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇനി ഒരുത്തരവുണ്ടാകുന്നതുവരെ തല്‍സ്ഥിതി തുടരണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അപേക്ഷയില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. നടപടിക്രമങ്ങള്‍ പാലിച്ചാണോ പ്രതികളെ മോചിപ്പിക്കാന്‍ തീരുമാനമെടുത്തതെന്ന നോട്ടീസിന്‍മേല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ തമിഴ്നാട് സുപ്രീം കോടതിയില്‍ മറുപടി നല്‍കണം. കേസ് മാര്‍ച്ച് 6ന് വീണ്ടും പരിഗണിയ്ക്കും.

രാജീവ് ഗാന്ധി കൊലക്കേസില്‍ വധശിക്ഷയ്ക്ക് വിധിച്ചിരുന്ന മൂന്ന് പ്രതികളുടെ ശിക്ഷ കഴിഞ്ഞ ദിവസം സുപ്രീം കോടതി ജീവപര്യന്തമായി ഇളവ് ചെയ്തിരുന്നു. ഉചിതമായ സര്‍ക്കാരിന് പ്രതികളെ മോചിപ്പിക്കാനുള്ള തീരുമാനം എടുക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് തമിഴ്നാട് സര്‍ക്കാര്‍ പ്രതികളെ വിട്ടയയ്ക്കാന്‍ തീരുമാനിച്ചത്. കേന്ദ്ര ഏജന്‍സി അന്വേഷിച്ച കേസില്‍ ഒറ്റയ്ക്ക് തീരുമാനമെടുക്കാന്‍ തമിഴ്നാടിന് അവകാശമില്ലെന്നും പ്രതികളെ മോചിപ്പിക്കാനുള്ള അവകാശം കേന്ദ്രത്തിനാണെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. എന്നാല്‍ പ്രതികളെ മോചിപ്പിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന് തമിഴ്നാട് വാദിച്ചു.

അതേസമയം പ്രതികളെ വെറുതെ വിടാനുള്ള തമിഴ്നാട് സര്‍ക്കാര്‍ തീരുമാനം ഒരുതരത്തിലും ന്യായീകരിക്കാനാകില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് പ്രതികരിച്ചു. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. തമിഴ്നാട് സര്‍ക്കാര്‍ നീക്കത്തിനെതിരെ രാജീവ് ഗാന്ധിയുടെ മകനും കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമായ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. രാജ്യത്തിന്റെ പ്രധാനമന്ത്രിയെ വധിച്ച കേസിലെ പ്രതികള്‍ ശിക്ഷയിളവ് ലഭിച്ച് പുറത്തുവന്നാല്‍ രാജ്യത്തെ ജനങ്ങള്‍ക്ക് എന്ത് സുരക്ഷയാണുള്ളതെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം.

രാജീവ് വധം: വധശിക്ഷ റദ്ദാക്കി

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ട കേസിലെ മൂന്ന് പ്രതികളുടെയും വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി. പേരറിവാളന്‍, മുരുകന്‍, ശാന്തന്‍ എന്നിവരുടെ വധശിക്ഷയാണ് റദ്ദ് ചെയ്ത് ജീവപര്യന്തമാക്കിയത്. ദയാഹര്‍ജി തീര്‍പ്പാക്കുന്നതില്‍ കാലതാമസം വരുത്തിയത് പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് പി സദാശിവം അധ്യക്ഷനും രഞ്ജന്‍ ഗൊഗോയ്, എസ് കെ സിങ് എന്നിവര്‍ അംഗങ്ങളുമായ ബെഞ്ചിന്റെ ചരിത്രപ്രധാനമായ ഉത്തരവ്.

വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന തങ്ങളുടെ ദയാഹര്‍ജി പരിഗണിക്കുന്നതില്‍ ഏറെ കാലതാമസം വന്നു എന്നുകാട്ടി പ്രതികള്‍ സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയിരുന്നു. ദയാഹര്‍ജി പരിഗണിക്കുന്നതിലെ അനാവശ്യ കാലതാമസം വധശിക്ഷ റദ്ദാക്കാന്‍ മതിയായ കാരണമാണെന്ന് ജനുവരി 21ന് സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് വിധിച്ചിരുന്നു. വനംകൊള്ളക്കാരനായിരുന്ന വീരപ്പന്റെ കൂട്ടാളികള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു ഇത്. ഹര്‍ജി നല്‍കിയ 15 പേരുടെ വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളും പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്. ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി പ്രതികളുടെ ആവശ്യം ന്യായമാണെന്ന് വിധിച്ചു. ഇവര്‍ നല്‍കിയ ദയാഹര്‍ജി പരിഗണിക്കുന്നതില്‍ 11 വര്‍ഷം താമസംവരുത്തി. പ്രതികളെ എപ്പോള്‍ മോചിപ്പിക്കണമെന്ന കാര്യം കേന്ദ്രസര്‍ക്കാരും തമിഴ്നാട് സര്‍ക്കാരും തീരുമാനിക്കേണ്ടതാണെന്നും വിധിയില്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങള്‍ പൂര്‍ണമായും തള്ളിയാണ് ചൊവ്വാഴ്ചത്തെ കോടതിവിധി. 1991 മെയ് 21നാണ് രാജീവ്ഗാന്ധി കൊല്ലപ്പെട്ടത്. 1998 ജനുവരി 28നാണ് 26 പ്രതികളെയും തൂക്കിക്കൊല്ലാന്‍ വിചാരണക്കോടതി വിധിച്ചത്. ഇതിനെതിരെ പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചു. നളിനി, മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ ഒഴികെ മറ്റെല്ലാവരുടെയും വധശിക്ഷ കോടതി ഒഴിവാക്കി. തമിഴ്നാട് സര്‍ക്കാരിന്റെ അപേക്ഷ പരിഗണിച്ച് നളിനിയുടെ ശിക്ഷ ജീവപര്യന്തമാക്കി. സുപ്രീംകോടതിയും വധശിക്ഷ ശരിവച്ചതോടെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരില്‍ ശേഷിക്കുന്ന മൂന്നുപേര്‍ ദയാഹര്‍ജി നല്‍കി.

സുജിത് ബേബി deshabhimani

No comments:

Post a Comment