Thursday, February 20, 2014

രാസവ്യവസായ ശില്പശാല സംഘടിപ്പിച്ചു

കൊച്ചി; ഇ ബാലാനന്ദന്‍ റിസര്‍ച്ച് ഫൌണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ രാസ വ്യവസായങ്ങളുടെ ഒരു ഏകദിന ശില്പശാല വൈറ്റില മരട് ഹോട്ടല്‍ സരോവരത്തികൊച്ചിയില്‍  നടന്നു. CITU  സംസ്ഥാന വൈസ് പ്രസിഡന്റ്‌  കെ എന്‍  രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ശില്പശാലക്ക് ഫൌണ്ടേഷന്‍ അക്കാദമിക് സമിതി ചെയര്‍മാന്‍  ഡോ . എം പി സുകുമാരന്‍ നായര്‍, ഫൌണ്ടേഷന്‍ സെക്രട്ടറി  കെ ചന്ദ്രന്‍പിള്ള,  CITU സംസ്ഥാന സെക്രട്ടറി കെ ഓ ഹബീബ് എന്നിവര് നേതൃത്വം കൊടുത്തു. കേരളത്തിലെ സംസ്ഥാന പൊതുമേഖലാവ്യവസായങ്ങളെ പഠനവിധേയമാക്കി അവയുടെ പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള ഒരു മാര്‍ഗരേഖ തയ്യാറാക്കാന്‍ സി ഐ ടി യു  കേരളാഘടകം തീരുമാനിച്ചിരിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഇ ബാലാനന്ദന്‍ റിസര്‍ച്ച് ഫൌണ്ടേഷന്‍ ഈ പഠനം ഏറ്റെടുത്തിരിക്കുന്നത്.

സംസ്ഥാനത്ത് നിന്നും 7 സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ ശില്പശാലയില്‍ പങ്കെടുത്തു. മാനേജ്മെന്റ്, ഒഫീസര്‍ അസോസിയേഷന്‍, ട്രേഡ് യുണിയന്‍ എന്നിവയില്‍ നിന്നും പങ്കാളിത്തം ഉണ്ടായിരുന്നു. ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്റ്റ്സ്, കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ്, കേരള ഡ്രഗ്സ് ആന്‍റ് ഫാര്‍മസ്യൂട്ടിക്കല്‍സ്, ടി സി സി, ട്രാവന്‍കൂര്‍ സിമന്റ്സ്, മലബാര്‍  സിമന്റ്സ്, ട്രാവന്‍കൂര്‍ ഷുഗര്‍സ് ആന്‍ഡ്‌ കെമിക്കല്‍സ് എന്നീ സ്ഥാപനങ്ങള്‍ പങ്കെടുത്തു. സിഐടിയു, ഐഎന്‍ടിയുസി, ബി എം എസ്,എഐടിയുസി, കെടിയുസി, എസ്ടിയു  എന്നീ ട്രേഡ് യുണിയനുകള്‍ പങ്കെടുത്തു. ഓഫീസര്‍ മാരെ പ്രതിനിധീകരിച്ച് SPATO യുടെയും മറ്റു സംഘടനകളുടെയും പ്രതിനിധികള്‍ പങ്കെടുത്തു.

സ്ഥാപനങ്ങളുടെ ഉത്പാദനക്ഷമത മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങളായിരിക്കും പഠനത്തിന്റെ ഉള്ളടക്കം. ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ ഉതകുന്നതരത്തില്‍ സാങ്കേതികവിദ്യയുടെ നവീകരണം, ഉത്പാദനശേഷിയുടെ (productive capacity) വര്‍ദ്ധനവ്‌, ഊര്‍ജ്ജ സ്രോതസ്സുകളുടെ തിരഞ്ഞെടുപ്പും അതിനായുള്ള നവീകരണവും, അസംസ്കൃത വസ്തുക്കളുടെ തിരഞ്ഞെടുപ്പ്, ഉത്പന്നങ്ങളുടെ വൈവിധ്യവല്‍ക്കരണം, മാനവശേഷിവിന്യാസം, സാമ്പത്തിക മാനേജ്‌മന്റ്‌ എന്നീ മാനദണ്ടങ്ങള്‍ സൂക്ഷ്മവിശകലനം ചെയ്യും. നിലവിലുള്ള ആഗോളവ്യാവസായിക അളവുകോലുകളുമായി (industrial benchmarks) താരതമ്യപഠനം നടത്തും.

ഈ കണ്ടെത്തലുകള്‍ നടപ്പാക്കുന്നതില്‍ കേരളത്തിലെ പൊതുമേഖലാസ്ഥാപനങ്ങള്‍ നേരിടുന്ന ഘടനാപരമായ പരിമിതികളും പോരായ്മകളും വിശകലനം ചെയ്യും.നിലവില്‍ പൊതുമേഖലാസ്ഥാപനങ്ങളെ ബാധിക്കുന്ന നയങ്ങളുടെ അവലോകനം നടത്തി അവയുടെ സ്വാധീനം വിലയിരുത്തും -- അന്താരാഷ്‌ട്ര, കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍ തലങ്ങള്‍ വേര്‍തിരിച്ച്. നയങ്ങളില്‍ വരുത്തേണ്ട മെച്ചപ്പെടുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും തിരുത്തലുകളും നിര്‍ദ്ദേശിക്കും.

കേരളത്തിലെ പൊതുമേഖലാസ്ഥാപനങ്ങളെ ശക്തിപ്പെടുത്തുംവിധം ഭാവിയിലേക്കുള്ള പരിപ്രേഷ്യവും നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടില്‍ ക്രോഡീകരിച്ചു നല്‍കും-ഫൌണ്ടേഷന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

deshabhimani

No comments:

Post a Comment