Sunday, February 16, 2014

ബദല്‍ നയങ്ങള്‍ മുഖ്യം: തപന്‍ സെന്‍

കോണ്‍ഗ്രസിനും ബിജെപിക്കും എതിരായി രാജ്യത്ത് ഉയര്‍ന്നുവരുന്നത് മൂന്നാം ബദലല്ല; രണ്ടാം ബദല്‍തന്നെയാണെന്ന് സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍ സെന്‍ എംപി പറഞ്ഞു. ജനവിരുദ്ധനയങ്ങളില്‍ ഒറ്റക്കെട്ടായ ബിജെപിക്കും കോണ്‍ഗ്രസിനും എതിരെ ഉയരുന്നത് മൂന്നാം ബദലല്ലെന്നും കേന്ദ്ര പൊതുമേഖലാ വ്യവസായങ്ങളിലെ സിഐടിയു യൂണിയനുകളുടെ സംസ്ഥാന കണ്‍വന്‍ഷന്‍ ഉദ്ഘാടനംചെയ്ത് അദ്ദേഹം പറഞ്ഞു.

ഏതു പാര്‍ടി എന്നതല്ല; ഏതു നയം പിന്തുടരുന്നു എന്നതിലാണ് കാര്യം. സാമ്പത്തിക-വ്യവസായ നയങ്ങള്‍മൂലം രാജ്യം വികസിക്കുന്നു എന്ന അവകാശവാദം ദിവാസ്വപ്നം മാത്രമാണ്. ആഭ്യന്തര ഉല്‍പ്പാദനവും വളര്‍ച്ചാനിരക്കും കുത്തനെ ഇടിഞ്ഞു. പൊതുമേഖലയെ നിരാകരിക്കുന്ന യുപിഎ സര്‍ക്കാരിന്റെ നയങ്ങള്‍ തള്ളണം. തൊഴിലാളിവര്‍ഗത്തിന്റെ രാജ്യവ്യാപകമായ ഐക്യവും തുടര്‍പ്രക്ഷോഭങ്ങളും ആവശ്യപ്പെടുന്നതും ഈ നയംമാറ്റമാണ്. സാമാന്യജനങ്ങളുടെ ഭാവിക്കു വേണ്ടത് നവ ഉദാരവല്‍ക്കരണനയങ്ങളല്ല, ദേശീയതാല്‍പ്പര്യങ്ങളിലധിഷ്ഠിതമായ ജനകീയ ബദല്‍ നയങ്ങളാണ്. ബദലിനുവേണ്ടിയുള്ള പോരാട്ടത്തില്‍ ഇടതുപക്ഷത്തിന് കൂടുതല്‍ കരുത്തുള്ള കേരളത്തില്‍ രാജ്യം കൂടുതല്‍ പ്രതീക്ഷയര്‍പ്പിക്കുന്നുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളിലുള്‍പ്പെടെ നിലനില്‍പ്പിനുവേണ്ടി യോജിച്ച പ്രക്ഷോഭത്തിന്റെ പാതയിലുള്ള തൊഴിലാളികളുടെ പിന്തുണ ഇക്കാര്യത്തില്‍ നേടണം. പൊതുമേഖലയുടെ സംരക്ഷണം സമരത്തിലൂടെ നേടിയെടുത്തില്ലെങ്കില്‍ തൊഴിലാളികള്‍ക്ക് നിലനില്‍പ്പില്ലെന്നും തപന്‍ സെന്‍ പറഞ്ഞു.

500ലധികം തൊഴിലാളികള്‍ പങ്കെടുത്ത കണ്‍വന്‍ഷന്‍ വിപുലമായ ഭാവിപരിപാടികള്‍ക്ക് രൂപംനല്‍കി. രണ്ടാം യുപിഎയും കേന്ദ്ര പൊതുമേഖലയും&ൃറൂൗീ; എന്ന വിഷയത്തില്‍എല്ലാ ട്രേഡ് യൂണിയനുകളെയും പങ്കെടുപ്പിച്ച് എല്ലാ സ്ഥാപനങ്ങളിലും വിപുലമായ ജനകീയ ചര്‍ച്ച നടത്താനും കണ്‍വന്‍ഷന്‍ തീരുമാനിച്ചു. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ എന്‍ രവീന്ദ്രനാഥ് അധ്യക്ഷനായി. ഭാവിപ്രവര്‍ത്തനങ്ങളുടെ രൂപരേഖ കേന്ദ്ര പൊതുമേഖലാ സംസ്ഥാന കോ-ഓര്‍ഡിനേഷന്‍ (സിഐടിയു) കണ്‍വീനര്‍ കെ ചന്ദ്രന്‍പിള്ള അവതരിപ്പിച്ചു. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എം എം ലോറന്‍സ്, ജില്ലാ സെക്രട്ടറി കെ എന്‍ ഗോപിനാഥ് എന്നിവര്‍ സംസാരിച്ചു. എസ് കൃഷ്ണമൂര്‍ത്തി സ്വാഗതവും കെ എ അലി അക്ബര്‍ നന്ദിയും പറഞ്ഞു.

deshabhimani

No comments:

Post a Comment